കണ്ണൂര്‍: തളിപ്പറമ്പിലെ ഒരു ഹോട്ടലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കം ഉള്ളിയെക്കുറിച്ചായിരുന്നു. ബീഫ് ഫ്രൈയുടെ മുകളില്‍ ഉള്ളിക്ക് പകരം കാബേജ് വിതറിയതിനെച്ചൊല്ലി അന്ന് തര്‍ക്കവും കയ്യാങ്കളിയും നടക്കുമ്പോള്‍ ഉള്ളിയെന്ന ഇദ്ദേഹം ഇന്നത്തെ അത്ര വിലയുള്ളവനായിരുന്നില്ല. അന്ന് അത് ഒരു കൗതുകവാര്‍ത്തയായി കണ്ട് ചിരിച്ച നാട്ടുകാരെല്ലാം ഇന്ന് അന്തംവിട്ടിരിക്കുകയാണ്. ഇനിയെപ്പോഴാണ് ഉള്ളിയെച്ചൊല്ലിയുള്ള അടുത്ത സംഘര്‍ഷം ഉണ്ടാകുന്നതെന്ന ആശങ്കയും ചെറുതല്ല.
ഉണ്ണിയെ കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം എന്ന പഴഞ്ചൊല്ല് ഉള്ളിയെ കണ്ടാലറിയില്ലേ എന്ന് മാറ്റേണ്ട കാലമായിരിക്കുന്നു. ഉള്ളിയാണ് ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ചാവിഷയം. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഉള്ളിയുടെ അമ്പരപ്പിക്കുന്ന വിലക്കയറ്റം വലിയ ചര്‍ച്ചയാണ്. എന്തിനെയും ട്രോളുന്ന നവതലമുറയുടെ തെരുവോരമായ നവമാധ്യമങ്ങളിലും ഇപ്പോള്‍ നിറയുന്നത് ഉള്ളിയെക്കുറിച്ചുള്ള തമാശകളും ട്രോളുകളുമാണ്.
എന്നാല്‍, കടയില്‍ ഉള്ളി വാങ്ങാന്‍ വന്നയാളിനെ അത്ഭുതത്തോടെയും സംശയത്തോടെയും നോക്കിയ വില്‍പ്പനക്കാരന്‍ ട്രോളല്ല, യാഥാര്‍ത്ഥ്യം തന്നെയാണ്. ഒരു കിലോയും അരക്കിലോയും ഉള്ളി വീട്ടിലേക്ക് വാങ്ങാറുള്ളയാള്‍ ഇപ്പോള്‍ കാല്‍ക്കിലോ ഉള്ളി തന്നെ വിഷമിച്ചാണ് വാങ്ങുന്നത്. വീട്ടിലെ മറ്റ് പലചരക്ക് പച്ചക്കറി സാധനങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ഉള്ളി ലഭിച്ച വീട്ടമ്മയുടെ സന്തോഷവും തമാശക്കഥയല്ല തന്നെ. ഒരുകിലോ ഉള്ളി വാങ്ങാനെത്തിയയാളെ ഇന്‍കം ടാക്സ് വകുപ്പ് പിന്തുടരുന്നതും മറ്റും തമാശയായും പകുതി കാര്യമായും പലയിടത്തും കേട്ടുകൊണ്ടിരിക്കുന്നുണ്ട്.
you may also like this video;
200 രൂപയോളമാണ് ഒരു കിലോ ഉള്ളിയുടെ ഇന്നലത്തെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിപടിയായി വിലയുയരുന്നതിനിടയില്‍ സ്വര്‍ണ്ണത്തിന് പകരമായി ഉള്ളി നല്‍കുന്നതിനെക്കുറിച്ചും ഉള്ളി വാങ്ങാനെത്തിയ ആളെ കടക്കാരന്‍ സ്വീകരിച്ച് കസേരയിലിരുത്തി ജ്യൂസ് വാങ്ങി സല്‍ക്കരിക്കുന്നതിനെക്കുറിച്ചുമൊക്കെ ട്രോളുകളും വീഡിയോകളും ഇറങ്ങിക്കഴിഞ്ഞു. ചിലര്‍ വിവാഹവേദിയില്‍ രണ്ട് കിലോ ഉള്ളി സമ്മാനമായി നല്‍കുക കൂടി ചെയ്ത് വാര്‍ത്താമാധ്യമങ്ങളിലുള്‍പ്പെടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഉണ്ണികളേ ഒരു കഥ പറയാം എന്ന ഗാനത്തിന്റെ ട്യൂണില്‍, നീലേശ്വരം ബിരിക്കുളത്തെ പ്രേം തയ്യാറാക്കിയ ഉള്ളികളേ ഒരു കഥ പറയാം എന്ന ഗാനം വൈറലായി. ഓട്ടോറിക്ഷയിലെ യാത്രക്കാരന്‍ ഓട്ടോ ചാര്‍ജ്ജായി ഉള്ളി നല്‍കുന്നതും ഓട്ടോറിക്ഷയില്‍ മറന്നുവെച്ച ഉള്ളി തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയാകുന്നതും പിണങ്ങി നില്‍ക്കുന്ന കാമുകിക്ക് ഉള്ളി കൊണ്ടുണ്ടാക്കിയ നെക്ലെയ്സ് കാമുകന്‍ നല്‍കുന്നതോടെ പിണക്കമെല്ലാം മാറുന്നതും ഉള്ളിക്കഥകളുമായി ഇറങ്ങിയ വീഡിയോകളിലും ട്രോളുകളിലുമുണ്ട്.
പഞ്ചാബി ഹൗസിലെ രമണന്റെ ഡയലോഗിന് സമാനമായി, താന്‍ ഉള്ളി കഴിക്കാറില്ല, അതുകൊണ്ട് ഉള്ളിയുടെ വിലക്കയറ്റം തന്നെ ബാധിക്കില്ലെന്ന് പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ ധനകാര്യമന്ത്രിയാണ്. നിര്‍മ്മല സീതാരാമന്റെ ഈ വാക്കുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും കാരണമായി. കേരളത്തിലെ ഉള്ളിവില കൂടിയതിന് കാരണക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് പറഞ്ഞ കോണ്‍ഗ്രസ്സുകാരും ഉത്തരേന്ത്യയില്‍ വില കുറച്ച് ഉള്ളി വിറ്റയാളിന്റെ കൈ ബിജെപിക്കാരന്‍ കടിച്ചുമുറിച്ചതുമെല്ലാം തമാശയെ വെല്ലുന്ന ജീവിതക്കാഴ്ചകളായി ഇതിനിടയിലുണ്ട്.
തമിഴ്നാട്ടില്‍ 350 കിലോ ഉള്ളി മോഷണം പോയതും ആന്ധ്രയില്‍ ന്യായവില കേന്ദ്രത്തില്‍ ഉള്ളി വാങ്ങാനെത്തിയ സ്തീകളുള്‍പ്പെടെയുള്ളവര്‍ തിക്കും തിരക്കുമുണ്ടാക്കി തമ്മിലടിയിലേക്ക് നീങ്ങിയതുമുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ വിലക്കയറ്റത്തില്‍ ജീവിതം ദുരിതപൂര്‍ണ്ണമായ രാജ്യത്തിന്റെ നേര്‍ക്കാഴ്ചകളായി മാറുന്നുമുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.