October 4, 2022 Tuesday

കയറ്റുമതി നിരോധിച്ചിട്ടും ഉള്ളിവില കുതിക്കുന്നു

സ്വന്തം ലേഖകന്‍
കൊല്ലം
October 21, 2020 10:06 pm

ഉള്ളിയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും വില കുതിക്കുന്നു. സവാളയുടെ ചില്ലറ വില്പനവില 100 കടന്നു. ചെറിയ ഉള്ളിയുടെ വിലയും വര്‍ധിക്കുകയാണ്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനും വില പിടിച്ചുനിര്‍ത്താനുമാണ് സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സവാള വില കിലോഗ്രാമിന് 200 രൂപ വരെ എത്തിയത് മുന്നില്‍ കണ്ടാണ് കയറ്റുമതി നിരോധിച്ചതെങ്കിലും ഉള്ളിയുടെ വില ഈ വര്‍ഷവും കുതിച്ചുയരുന്നത് കേന്ദ്ര സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ പൂനെയിലെ ലാസല്‍ഗാവില്‍ സവാളയുടെ വില ക്വിന്റലിന് 8,800 രൂപയായി ഉയര്‍ന്നു. കേരളത്തിലേക്ക് സവാള എത്തുന്നത് കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ നിന്നാണ്. പ്രതിദിനം 80 ടണ്‍ സവാളയും 50 ടണ്‍ ചെറിയ ഉള്ളിയും ഇവിടെ എത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയായി ഇതിന്റെ മൂന്നിലൊന്ന് മാത്രമേ എത്തുന്നുള്ളു.
ദക്ഷിണേന്ത്യയിലും, രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലുമുണ്ടായ അപ്രതീക്ഷിത കാലവര്‍ഷവും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. ശൈത്യകാല വിളവെടുപ്പില്‍ (റാബി) സംഭരണ ശാലകളില്‍ സ്റ്റോക്കുണ്ടായിരുന്നതാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. 

കനത്ത മഴ മൂലം ഖാരിഫ് വിളവ് ഗോഡൗണുകളില്‍ എത്തിയിട്ടില്ല. ഇവ ഡിസംബര്‍ മധ്യത്തോടെ മാത്രമേ സംഭരണശാലകളില്‍ എത്തുകയുള്ളു. ഇതോടെ സവാള വില സര്‍വകാല റിക്കാര്‍ഡിലേക്ക് എത്താനാണ് സാധ്യത. ചുവന്ന സവാള ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന തെലങ്കാനയിലും ആന്ധ്രപ്രദേശിലും അടുത്തിടെയുണ്ടായ കാലവര്‍ഷവും വെള്ളപ്പൊക്കവുമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില ഉയരാന്‍ പ്രധാന കാരണമായത്. 

ENGLISH SUMMARY:Onion prices soar despite export ban
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.