കുറഞ്ഞ വിലയ്ക്ക് ഉള്ളി ഈയാഴ്ചയെത്തും

Web Desk
Posted on December 08, 2019, 10:06 pm

തിരുവനന്തപുരം: ദേശീയ തലത്തിൽ ഉള്ളി വില കത്തിക്കയറുമ്പോൾ സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് ഈയാഴ്ച മുതൽ വിതരണം ചെയ്ത് തുടങ്ങും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും നാഫെഡ് രാജ്യത്തിനകത്തുനിന്ന് സംഭരിച്ചതുമായ ഉള്ളി രണ്ടു ദിവസത്തിനകം സംസ്ഥാനത്തെത്തും. കൊറിയയിൽ നിന്നും ഇറാനിൽ നിന്നും കിലോയ്ക്ക് 55 രൂപ നിരക്കിൽ ഇറക്കുമതി ചെയ്തെത്തിക്കുന്ന ഉള്ളി സംസ്ഥാനത്തെത്തിക്കുന്നതിനുള്ള കടത്തുകൂലി കൂടി ചേർത്താലും 65 രൂപയ്ക്ക് വിൽക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നാഫെഡ് സംഭരിച്ച് എത്തിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഉള്ളിക്ക് വില അൽപം കൂടുതലായിരിക്കും.

ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് സപ്ലൈകോ മുഖേനയും കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖേനയുമാണ് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിതരണം ചെയ്യുക. ഇപ്പോൾ 300, 160 ടൺ വീതമാണ് യഥാക്രമം സപ്ലൈകോയ്ക്കും ഹോർട്ടികോർപ്പിനും നാഫെഡ് അനുവദിച്ചിട്ടുള്ളത്. അത് രണ്ടുദിവസത്തിനകം സംസ്ഥാനത്തെത്തിക്കുകയും വിതരണം തുടങ്ങുകയും ചെയ്യും. കേന്ദ്രം ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് കൂടുതൽ ഉള്ളി സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇരുവകുപ്പുകളും നടത്തുന്നുണ്ട്.