ഡോ. അഞ്ചു ഹരീഷ്

അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റ്, നേത്രരോഗ വിഭാഗം എസ് യൂ ടി പട്ടം

October 28, 2020, 2:02 pm

ഓണ്‍ലൈന്‍ പഠനവും കണ്ണുകളുടെ സംരക്ഷണവും

Janayugom Online

ഈ കോവിഡ് കാലഘട്ടത്തില്‍ പഠനം ക്ലാസ് മുറികളില്‍ നിന്ന് ഓണ്‍ലൈണ്‍ ലോകത്തേക്ക് നീങ്ങുകയാണല്ലോ. അതായത് ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും സാധാരണയില്‍ കവിഞ്ഞ് സമയം സ്‌ക്രീനിനു മുന്നില്‍ ചിലവഴിക്കേണ്ടതായി വരുന്നു. ഇതിനോടനുബന്ധിച്ച് കാഴ്ച്ച പ്രശ്‌നങ്ങളും വര്‍ദ്ധിച്ച് വരുന്നുണ്ട്.

എന്തുകൊണ്ടാണ് സ്‌ക്രീന്‍ ടെം കണ്ണുകള്‍ക്ക് ദോഷകരമാകുന്നത്?

തുടര്‍ച്ചയായി ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ ടാബ് ഉപയോഗിക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഒരു നിശ്ചിത അകലത്തില്‍ വളരെ നേരം കേന്ദ്രീകരിച്ചിരിക്കുന്നു. ഇത് കണ്ണിന്റെ പേശികളുടെ തളര്‍ച്ചയ്ക്കും ബലഹീനതയ്ക്കും കാരണമാകുന്നു.

സ്‌ക്രീനില്‍ വ്യാപൃതരാകുന്ന കുട്ടികളും മുതിര്‍ന്നവരും പലപ്പോഴും മതിയായി കണ്ണ് ചിമ്മാന്‍ മറക്കുന്നു. ഇങ്ങനെ കണ്ണുനീരിന്റെ നനവ് കുറഞ്ഞ് കണ്ണ് വരണ്ട് പോകാന്‍ സാധ്യതയുണ്ട്. കണ്ണിന്റെ ഉപരിതലത്തില്‍ വ്യക്തവും സുസ്ഥിരവുമായ ഒരു tear film വ്യക്തമായ കാഴ്ച്ചയ്ക്ക് ആവശ്യമാണ്.

കൂടുതല്‍ സമയം വീടിനകത്ത് ചിലവഴിക്കുകയും ചെയ്യുന്ന കുട്ടികളില്‍ മയോപിയ അഥവാ ഹ്രസ്വദൃഷ്ടി എന്ന കാഴ്ച്ച തകരാര്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തി. കൃത്യമായ കാരണം അറിവായിട്ടില്ല. പക്ഷേ ആരോഗ്യകരമായ നേത്ര വികാസത്തിന് സൂര്യ പ്രകാശത്തിന് പങ്കുണ്ടെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം തലച്ചോറിന്റെ ഉറക്ക താളത്തില്‍ (sleep cycle) മാറ്റം വരുത്തുന്നുണ്ടെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. ഇത് ഉന്മേഷമില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകാം. ബ്ലൂ ലൈറ്റിന്റെ പ്രസരം റെറ്റിനയിലെ മാക്യൂലാര്‍ ഡീജനറേഷന്‍ എന്ന രോഗാവസ്ഥയ്ക്ക് സാധ്യത കൂട്ടാം എന്ന് പ്രാരംഭ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതേക്കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്.

എത്ര സ്‌ക്രീന്‍ സമയം സ്വീകാര്യമാണ്?

ചെറിയ കുട്ടികള്‍ക്ക് (2 വയസ്സില്‍ താെഴ) സ്‌ക്രീന്‍ ടൈം തീരെ അഭികാമ്യമല്ല. 5 വയസ്സിനു മുകളില്‍ ഒരു മണിക്കൂറാണ് അനുവദനീയം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സാഹചര്യത്തില്‍ ഇത് പല സെഷനുകളായി ബ്രേക്ക് ചെയ്ത് കാണുക. മുതിര്‍ന്ന കുട്ടികളില്‍ (16 ന് മുകളില്‍) അത്തരം പരിധി നിലവിലില്ല. എന്നാല്‍ തലവേദന, കണ്ണിന് ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അനാവശ്യമായ സ്‌ക്രീന്‍ ടൈം ഒഴിവാക്കണം. ചില മുന്‍കരുതലുകള്‍ പാലിച്ചാല്‍ സ്‌ക്രീന്‍ ടൈമിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

ആരോഗ്യകരമായ കാഴ്ച്ചശക്തിക്കായി ചില നിര്‍ദ്ദേശങ്ങള്‍ -

  • ദൈനംദിന സ്‌ക്രീന്‍ സമയത്തിന് വ്യക്തമായി ഒരു പരിധി സജ്ജമാക്കുക. ഇത് കൃത്യമായി പിന്തുടരാന്‍ കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കുക.
  • ഉറക്കമുറിയില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗം ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തീര്‍ച്ചയായും സ്‌ക്രീന്‍ ഓഫ് ചെയ്യുക.
  • സ്‌ക്രീന്‍ ഉപയോഗിക്കുമ്പോഴും നിര്‍ദ്ദേശിച്ചിട്ടുള്ള പവര്‍ ഗ്ലാസ് ധരിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. റിഫ്രാക്ടീവ് ഇറര്‍ ഉള്ള കുട്ടികള്‍ക്ക് നേത്രരോഗ വിദഗ്ധന്റെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണട ഉപയോഗിക്കുക. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ നീണ്ട സ്‌ക്രീന്‍ സമയത്തിന് അനുയോജ്യമല്ല.
  •  മങ്ങിയ വെളിച്ചത്തില്‍ സ്‌ക്രീന്‍ കാണുമ്പോള്‍ കണ്ണിന്റെ ബുദ്ധിമുട്ട് വര്‍ദ്ധിക്കും. സ്‌ക്രീനിലേക്ക് നേരിട്ട് വെളിച്ചം വീഴാതെ ജനാലയ്ക്കരികിലോ മറ്റോ വര്‍ക്ക് സ്‌റ്റേഷന്‍ സെറ്റ് ചെയ്യുക.
  •  കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ 20–26 ഇഞ്ച്  ദൂരത്തില്‍ ക്രമീകരിക്കുക. ഫോണ്‍ കൈ അകലത്തില്‍ ഉപയോഗിക്കുക.
  • സെന്റര്‍ ഓഫ് സ്‌ക്രീന്‍ ഐ ലെവലിന് താഴെയാകണം.
  •  വായിക്കാനുള്ള അക്ഷരങ്ങളുടെ ഫോണ്ട് സൈസ് കുട്ടിക്ക് ആയാസരഹിതമായി വായിക്കാന്‍ പറ്റുന്നതായിരിക്കണം.
  •  20–20-20 rule ‑ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനിട്ട് കഴിഞ്ഞും സ്‌ക്രീനില്‍ നിന്ന് 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസിനിടയ്ക്ക് ഇത് പ്രായോഗികമല്ല. അപ്പോള്‍ ഓരോ സെഷന് ശേഷവും ബ്രക്ക് എടുക്കുകയും സെഷനിടയ്ക്ക് കണ്ണുകള്‍ കൂടെ കൂടെ ചിമ്മുകയും വേണം. ഇങ്ങനെ കണ്ണ് വരണ്ട് പുകച്ചിലുണ്ടാകാതെ നോക്കാം. ഇതിനായി കുട്ടിയെ ഓര്‍മ്മിപ്പിക്കാന്‍ ഒരു ടൈമര്‍ സഹായിക്കും. അല്ലെങ്കില്‍ ഇത് വേണ്ട സോഫ്ട് വെയര്‍ പ്രോഗ്രാം ഇന്‍സ്ടാള്‍ ചെയ്യുക. സ്‌ക്രീന്‍ രഹിത സമയം എല്ലാ ദിവസവും അല്‍പ നേരമെങ്കിലും ഔട്ട്‌ഡോര്‍ കളികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.
  • * സമീകൃതാഹാരം കണ്ണകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. വൈറ്റമിന്‍ എ, സി, ഇ, ലൂട്ടിന്‍, സിയാക്‌സാന്തിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നീ മൈക്രോ ന്യൂട്ട്രിയന്റ്‌സ് നേത്ര സംരക്ഷണത്തിന് ആവശ്യമാണ്. കാരറ്റ്, പപ്പായ, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ് എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
  • * നിങ്ങളുടെ കുട്ടിയുടെ ആരോഗ്യരക്ഷാ സ്‌കെട്യൂളിന്റെ ഭാഗമായി കൃത്യമായി നേത്ര പരിശോധന നടത്തുക. ഒരു നേത്രരോഗ വിദഗ്ധ നടത്തുന്ന സമഗ്രമായ പരിശോധനയിലൂടെ മാത്രമേ കൃത്യമായി കാഴ്ച്ച പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനാവൂ.

വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വരും കാലങ്ങളില്‍ കൂടി വരുകയേയുള്ളൂ എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാകൂ. അതിനാല്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കാഴ്ച്ചയെ പ്രതിരോധിക്കാന്‍ നാം ശ്രദ്ധിക്കണം.

 

Eng­lish sum­ma­ry: online class and  eye protection

You may also like this video: