October 6, 2022 Thursday

Related news

June 21, 2022
February 8, 2022
November 19, 2021
August 31, 2021
August 13, 2021
July 18, 2021
July 14, 2021
July 13, 2021
July 11, 2021
July 9, 2021

കാട്ടിലെ കൂട്ടുകാരെ ഓൺലൈനാക്കി വിജ്ഞാനവനിക ഒരുങ്ങി

Janayugom Webdesk
ബാലരാമപുരം
July 6, 2020 9:52 am

കാട്ടിലെ കൂട്ടുകാർ ഇപ്പോൾ ഓൺ ലൈനിലാണ്. വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾ കണ്ടും ഗൃഹപാഠങ്ങൾ പൂർത്തിയാക്കിയും അവർ അക്ഷര ഭാവിയ്ക്കായി ഒത്തുചേരുകയാണ്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് റെയ്ഞ്ച് ഓഫീസിലാണ് കോവിഡ് കാലത്ത് കാട്ടിലെ കുട്ടികൾക്ക് വേണ്ടി പഠനമുറി ഒരുക്കി അതിജീവനത്തിന്റെ നൂതന മാതൃകയൊരുക്കുന്നത്.

ഗ്രാമ പഞ്ചായത്തിലെ ചോനാംപാറ, എലിമല വാർഡുകളിലെ മാങ്കോട്, വാലിപ്പാറ, മുളമൂട്, അരിയാ വിള, കൈതോട്, ചോനാംപാറ, പാങ്കാവ് എന്നീ സെറ്റിൽമെന്റ് കോളനികളിലെ 10 കുട്ടികളാണ് പഠനത്തിനെത്തുന്നത്. എല്ലാവരും ഇനി പത്താം ക്ലാസുകാർ. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും ഹോസ്റ്റലുകളിൽ താമസിക്കുന്നവരും കൂട്ടത്തിലുണ്ട്. രാവിലെ 10ന് മുമ്പ് വനം വകുപ്പ് വാഹനം സെറ്റിൽമെൻറുകളിലെത്തി കുട്ടികളെ കൊണ്ടുവരും. ക്ലാസ് തീർന്നാൽ ഗൃഹപാഠങ്ങൾ പൂർത്തിയാക്കാൻ ജീവനക്കാർ സഹായിക്കും. തുടർന്ന് നേരത്തെ സംപ്രേഷണം ചെയ്ത ക്ലാസുകൾ കണ്ട് ഗൃഹപാഠങ്ങൾ പൂർത്തിയാക്കും .വൈകിട്ട് 4 വരെ പ്രയാസമുള്ള വിഷയങ്ങൾക്ക്
ജീവനക്കാർ തന്നെ നേരിട്ട് ക്ലാസെടുക്കുകയും ചെയ്യാറുണ്ട്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിഷാ കൃഷ്ണനും ഫോറസ്റ്റ് ആഫീസർ കെ.സി.സിനുകുമാറുമൊക്കൊ ചിലപ്പോൾ അധ്യാപകരാറുമുണ്ട്.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുട്ടികൾക്ക് ഉച്ചഭക്ഷണമുൾപ്പെടെ നൽകുന്നുണ്ട്.
നാല് മണിയോടെ കുട്ടികളെ തിരികെ വീട്ടിലെത്തിക്കും.’ വിജ്ഞാന വനിക ’ എന്നാണ് പദ്ധതിയുടെ പേര്. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കുട്ടികളുടെ വീടുകളിൽ ടെലിവിഷനില്ലാത്തതിനാലാണ് ഇത്തരത്തിൽ ഇ.ലേണിംഗ് പഠനകേന്ദ്രം തുറക്കാൻ തയാറായതെന്ന് ഫോറസ്റ്റ് ഓഫീസർ സിനുകുമാർ പറഞ്ഞു.ശനിയാഴ്ചകളിൽ 13 കുട്ടികൾ കംപ്യൂട്ടർ പഠനത്തിനും എത്തുന്നുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എസ്. ജവാദ്, സമഗ്ര ശിക്ഷ, കാട്ടാക്കട ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ.ശ്രീകുമാർ,
ബിആർസി പരിശീലകൻ എ.എസ്.മൻസൂർ, അധ്യാപകരായ ഷിബു, വി.എസ് ജയകുമാർ എന്നിവർ കഴിഞ്ഞ ദിവസം പഠനകേന്ദ്രം സന്ദർശിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.