ഗോത്രഭാഷയിലും ഇനി ഓൺലൈൻ ക്ലാസുകൾ

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 9:55 pm

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തു വരുന്ന ഓൺലൈൻ ക്ലാസുകൾ ആദിവാസി ഗോത്ര സമൂഹത്തിലെ കുട്ടികൾക്ക് അവരുടെ തനതായ മാതൃഭാഷകളിൽ തന്നെ ഇനി ലഭ്യമാകും. ഓൺലൈൻ ക്ലാസുകളുടെ ഗോത്രഭാഷകളിലെ പരിഭാഷ പഠനപരിശീലനത്തിന് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുടക്കമായി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഗോത്രഭാഷാ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

സമഗ്രശിക്ഷയുടെ യൂ ട്യൂബ് ചാനലായ വൈറ്റ് ബോർഡിലൂടെയാകും വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രധാന ഗോത്ര സമൂഹങ്ങളിലുൾപ്പെട്ട കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാകുക. ഓൺലൈൻ ക്ലാസുകൾ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ തന്നെ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഗോത്ര ഭാഷകളിലെ പരിഭാഷാ പരിശീലന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനരാവിഷ്കരണം പത്തോളം വരുന്ന പ്രധാന ഗോത്രഭാഷകളിലൂടെയാണ് സമഗ്രശിക്ഷയുടെ ചാനലിൽ ലഭ്യമാക്കുന്നത്. യൂട്യൂബിൽ നിന്ന് ക്ലാസുകൾ ശേഖരിച്ച് മെന്റർ ടീച്ചർമാർ കുട്ടികൾക്ക് പഠന പിന്തുണാ പരിശീലനമൊരുക്കും.

ഊരുകളിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസം നേടിയ യുവതീ യുവാക്കളെ പരിശീലിപ്പിച്ച് മെന്റർ ടീച്ചർമാരായി നിയമിക്കുകയും വ്യത്യസ്ത ഗോത്ര ഭാഷകളിലൂടെ പ്രാഥമിക വിദ്യാഭ്യാസം അവർക്കനുകൂലമായി മാറ്റുന്നതിനുള്ള പദ്ധതിയായാണ് ഓൺലൈൻ ക്ലാസുകൾ ലക്ഷ്യം വയ്ക്കുന്നത്.

ENGLISH SUMMARY: Online class­es in trib­al lan­guage

YOU MAY ALSO LIKE THIS VIDEO