സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ്സുകൾക്ക് നാളെ തുടക്കം

Web Desk

തിരുവനന്തപുരം

Posted on May 31, 2020, 9:27 am

സംസ്ഥാനത്ത് സ്കൂളുകളിലും കോളേജുകളിലും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങും. സ്കൂളുകളിൽ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും. ലോക്ഡൗണിനിടയിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത്.

അതാത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളിലെത്താനാണ് നിര്‍ദ്ദേശം. സ്കൂളുകളിൽ ഓരോ ക്ലാസ്സിനും പ്രത്യേക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമങ്ങൾ ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന സ്കൂൾ ക്ലാസുകൾ യൂട്യൂബിൽ നിന്ന് കാണാനോ ഡൗൺലോഡ് ചെയ്യാനോ സൗകര്യം ഏർപ്പെടുത്തും. വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളെക്കുറിച്ച് അധ്യാപകർ കുട്ടികളുമായുള്ള വാട്സപ്പ് ഗ്രൂപ്പിൽ വിലയിരുത്തൽ നടത്തും.

സ്കൂളുകൾ തുറക്കുന്നതുവരെ അധ്യാപകർ സ്കൂളിൽ എത്തേണ്ടെന്നാണ് നിർദ്ദേശം. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കും. എന്നാൽ കോളേജുകളിൽ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടത്തുന്നത്. നിലവിൽ ഈ മാസം അവസാനം വരെ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് സാധ്യത.

Eng­lish sum­ma­ry; new online class­es in ker­ala starts tomar­row

you may also like this video;