ഷാജി ഇടപ്പള്ളി

കൊച്ചി

June 21, 2020, 2:56 pm

ഓൺലൈൻ പഠനം; രക്ഷിതാക്കളും സ്മാർട്ടാകണം

Janayugom Online

ഷാജി ഇടപ്പള്ളി

കോവിഡ് പശ്ചാത്തലത്തിൽ വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പുതിയ അധ്യയന വർഷത്തിൽ ആരംഭിച്ചിട്ടുള്ള ഓൺലൈൻ പഠന രീതി കുട്ടികൾക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടണമെങ്കിൽ രക്ഷിതാക്കളുടെ പൂർണ പിന്തുണ വേണമെന്നാണ് അധ്യാപകരുടെ ആവശ്യം. ജൂൺ ഒന്നിന് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പഠനത്തിന് ലഭിച്ച പിന്തുണ തുടർന്ന് കൊണ്ടുപോകാൻ ഇത് അത്യാവശ്യവുമാണ്. ഓൺലൈൻ ക്ലാസ്സുകൾക്ക് കുട്ടികളിൽ പ്രകടമായ താല്പര്യം നിലനിർത്താൻ പഠന രീതിയിൽ ആവശ്യമായ മാറ്റങ്ങളും വേണമെന്ന നിർദേശവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അത്തരത്തിലുള്ള പല മാറ്റങ്ങളോടുകൂടിയാണ് നാളെ മുതൽ ക്ലാസുകൾ തുടരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന നിർദേങ്ങൾ പരിശോധിക്കാനും വേണ്ടുന്ന ക്രമീകരണങ്ങൾ വരുത്താനും വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നുമുണ്ട്.

ഇതിനിടയിൽ കുട്ടികൾ അവസരം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന നിരീക്ഷണവും എല്ലാ രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകണം. ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോണുകളിൽ കുട്ടികൾ പഠന ആവശ്യത്തിനായി യൂ ട്യൂബ് സെർച്ച് ചെയ്താൽപോലും അശ്ലീല വീഡിയോകൾ ലഭിക്കുന്ന സാഹചര്യമുണ്ട്. അധ്യാപകർക്ക് പോലും അത്തരത്തിൽ അബദ്ധങ്ങൾ സംഭവിക്കുന്ന സന്ദർഭങ്ങൾ ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്. മനഃപൂർവമല്ലാത്ത ഇത്തരം അനാവശ്യ വീഡിയോകളുടെ കടന്നു വരവ് നിയന്ത്രിക്കാനും കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാനും കുട്ടികൾക്ക് ഒപ്പമിരിക്കാൻ വീട്ടിലുള്ളവർ തയ്യാറായില്ലെങ്കിൽ പഠന പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോകുമെന്ന് പറവൂർ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ ജാക്വിലിൻ കൊറയ അഭിപ്രായപ്പെട്ടു.

വിക്‌ടേഴ്‌സ് ചാനലിൽ നടക്കുന്ന ക്ലാസ്സുകൾക്ക് പുറമെ ഒട്ടുമിക്ക സ്കൂളുകളിലും പാഠഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിന് അനുസരിച്ച് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിൽ അധ്യാപകർ വിഡിയോകളും വർക്ക് ഷീറ്റുകളും വാട്സ് ആപ്പ് വഴി ലഭ്യമാക്കുന്നുണ്ട്. പഠന പ്രവർത്തനങ്ങൾ തിരിച്ചും കുട്ടികളും അധ്യാപകർക്കും അയച്ചു കൊടുക്കുന്നുണ്ട്. ഈ പ്രക്രിയ കുട്ടികളിൽ വളരെ ഗുണകരമായ മാറ്റത്തിന് വഴിതുറന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം സാധാരണ ക്ലാസ്സുമുറികളിൽ പിന്നോക്കം പോകുന്ന കുട്ടികൾ ഇതിലും ശ്രദ്ധിക്കാതെ അലസരായി മാറുന്നുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഇത്തരത്തിൽ ഒട്ടേറെ വിഷമതകളുണ്ട്. രക്ഷിതാക്കൾക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവർ ആണെങ്കിൽ പിന്നീട് പറഞ്ഞു കൊടുക്കാനും തുടർ പ്രവർത്തനങ്ങൾ കൊണ്ടുപോകാനും കഴിയുന്നില്ല.

ലാപ് ടോപ്, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ ഇവയിൽ അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കുമ്പോൾ കുട്ടികൾ പലതരത്തിലുള്ള വേലത്തരങ്ങളും കാണിക്കുന്നുണ്ട്. നെറ്റ് കിട്ടണില്ല , റേഞ്ചില്ല, കറണ്ടില്ല, ഫോണിൽ ചാർജില്ല, വീട്ടിൽ ഉണ്ടായില്ല അത്തരത്തിൽ പലതരത്തിലുള്ള തന്ത്രങ്ങളാണ് കുട്ടികൾ പറയുന്നത്. ഇതിന് പുറമെ അധ്യാപകർ കാണാതിരിക്കാൻ വീഡിയോ മ്യുട്ട് ചെയ്തു എഴുന്നേറ്റ് പോകുന്ന കുട്ടികളുമുണ്ട്. എൽ പി , യു പി ക്ലാസുകൾ പോലെ തന്നെ ഹൈസ്കൂൾ ക്ലാസ്സുകളിലെ പഠന രീതിയും കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. എന്നാൽ എല്ലാ കുട്ടികളെയും ക്ലാസ് റൂമിൽ ശ്രദ്ധിക്കുന്നതുപോലെ ഓൺലൈൻ പഠനത്തിൽ നോക്കാനാവുന്നില്ല.

ഇംഗ്ലീഷ്, ഹിന്ദി ഭാഷ ക്ലാസുകൾ കുറച്ചുകൂടി ലളിതമാകണമെന്ന അഭിപ്രായം കുട്ടികളിൽ നിന്നും ഉയരുന്നുണ്ടെന്നും ഏലൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക എൽ അംബിക കുമാരി പറഞ്ഞു. ഓരോ മാസവും എടുത്തു തീർക്കേണ്ട പാഠഭാഗങ്ങൾ ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതമായ സമയത്തിനുള്ളിൽ തീർക്കാനാവില്ല. അതിനാൽ ഈ അധ്യയന വർഷത്തെ പാഠഭാഗങ്ങൾ കുറക്കണെമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പത്താം ക്ലാസ്സുകളുടെ പഠനം മിക്കവാറും ഡിസംബറിനുള്ളിൽ തീർക്കുന്നതാണ് പതിവ്. പിന്നീട് റിവിഷൻ ആരംഭിക്കും. അതനുസരിച്ചു പാഠഭാഗങ്ങൾ ക്രമപ്പെടുത്തിയില്ലെങ്കിൽ കുട്ടികൾക്ക് ബുന്ധിമുട്ടാവും.

you may also like this video;