അതുല്യ എൻ വി

 തിരുവനന്തപുരം

March 03, 2020, 8:52 am

ഭക്ഷണം റെഡി, പക്ഷേ ഞങ്ങൾ…

Janayugom Online

‘വാ. . പുറത്ത്പോയി കഴിക്കാം’ എന്ന വാചകം ഔട്ട് ഡേറ്റഡ് ആയിട്ട് നാളുകൾ കുറച്ചായി. ഓൺലൈൻ ഫുഡ് ഡെലിവറി സിസ്റ്റം വന്നതോടെ മാറിയത് മലയാളിയുടെ ഭക്ഷണ ശീലമാണ്. ജോലിത്തിരക്കുള്ളവർ മുതൽ പാചകം ചെയ്യാൻ മൂഡില്ലാത്തവർവരെ ഫോണെടുത്തൊന്ന് ഓഡർ ചെയ്താൽ മതി. ഇഷ്ടപ്പെട്ട റസ്റ്റോറന്റിൽ നിന്നും ആവശ്യമുള്ള ഭക്ഷണം പറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലെത്തും. ഹാപ്പിയേ… ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ കേരളത്തിൽ ചുവടുറപ്പിച്ചതോടെ നേട്ടവും കോട്ടവും തമ്മിലാണ് വാസ്തവത്തിൽ മത്സരിക്കുന്നത്. വെയിലായാലും മഴയായാലും ട്രാഫിക്കിലെ സ്ഥിരം കാഴ്ചയാണ് കമ്പനി പേര് പതിച്ച ടീഷർട്ടും ബാഗും ധരിച്ച ചെറുപ്പക്കാർ. കൃത്യ സമയത്ത് ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്ന അവർക്ക് നന്ദിയും റേറ്റിംഗും രേഖപ്പെടുത്തി മടക്കുന്നതിലപ്പുറം അവരെപ്പറ്റി നാം ചിന്തിക്കാറില്ല.

ഈ അടുത്ത കാലത്തുണ്ടായ സമരങ്ങളിലൂടെ മാത്രമാണ് അവരുടെ പ്രശ്നങ്ങള്‍ പുറംലോകം അറിയുന്നതും. ചെറുപ്പക്കാർ മാത്രമല്ല സ്ത്രൂീകൾ മുതൽ വികലാംഗർ വരെ ഡെലിവറി എക്സിക്യുട്ടീവ് ആയി ജോലിചെയ്യുന്നുണ്ട്. അവരുടെ ഒഴിവ് സമയങ്ങളിൽ മാത്രം വന്ന് പണിയെടുത്താൽ മതി എന്നതാണ് ഈ മേഖലയിലേക്ക് കൂടുതൽപേരെ ആകർഷിക്കാനുള്ള പ്രധാന കാരണം. തുടക്കത്തിൽ നൽകിയ ആനുകൂല്യങ്ങൾ കമ്പനികൾ പച്ച പിടിച്ചതോടെ വെട്ടിക്കുറച്ചു എന്നതാണ് ഇവരുടെ പരാതികളിൽ ആദ്യത്തേത്. നട്ടുച്ച, രാത്രി വൈകിയ സമയം, ട്രാഫിക് സമയം തുടങ്ങിയ പീക് ടൈമിൽ ഓഡർ എടുക്കുമ്പോൾ സാധാരണയിലുപരി പ്രതിഫലം ലഭിക്കണം എന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ കമ്പനികൾ മുൻകാലങ്ങളിലത് മുറ തെറ്റാതെ നൽകുകയും പെട്ടെന്ന് പിൻവലിക്കുകയുമായിരുന്നു. രാജ്യത്തുടനീളം അഞ്ഞൂറിലധികം ഡെലിവറി ജീവനക്കാർ വാഹനാപകടങ്ങളിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഭക്ഷണം പറഞ്ഞ സമയത്ത് എത്തിക്കാനുള്ള മരണപാച്ചിലുകൾക്കിടയിലാണ് അപകടങ്ങളേറെയും സംഭവിക്കുന്നത്.

you may also like this video;


ട്രാക്കിംഗ് സംവിധാനവും കസ്റ്റമറുമായുള്ള ചാറ്റിംഗ് സംവിധാനവും ഡ്രൈവിംഗിനിടയിൽ ഉപയോഗിക്കേണ്ടി വരുന്നതിലൂടെ ഉണ്ടാവുന്ന അശ്രദ്ധ അപകടങ്ങൾക്ക് വലിയ തോതിൽ കാരണമാകുന്നു. ഒരു സുരക്ഷയും ഇത്തരത്തിലുള്ള ആൾക്കാർക്ക് ലഭിക്കുന്നില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കമ്പനി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയെ പറ്റി തിരക്കുമ്പോൾ തങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടെന്ന് കേട്ടിട്ടുള്ളതല്ലാതെ മറ്റൊന്നും മിക്കവർക്കും അറിവില്ല. തിരുവനന്തപുരത്ത് വെള്ളയമ്പലം–ശാസ്തമംഗലം റോഡിൽ ഇക്കഴിഞ്ഞ ഡിസംബർ 29ന് രാത്രി നടന്ന വാഹനാപകടത്തിൽ ഊബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) മരണപ്പെട്ടിരുന്നു.

ഡ്യൂട്ടിയിലായിരിക്കേ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അബ്ദുൽ റഹീം അപകടത്തിൽപ്പെട്ടത്. ഇൻഷുറൻസ് തുകയായ അഞ്ച് ലക്ഷം രൂപ കമ്പനി നൽകും എന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇത് ലഭ്യമാകുന്നതിനുള്ള നൂലാമാലകളാവട്ടെ ചെറുതുമല്ല. കേരളത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമാണെങ്കിൽ കൂടിയും രാജ്യമൊട്ടാകെ അപകടത്തിൽപ്പെട്ട ഭക്ഷണവിതരണക്കാരിൽ എത്രപേർക്ക് നഷ്ടപരിഹാരം ലഭിച്ചു എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആവശ്യക്കാർക്ക് ഭക്ഷണം കൃത്യസമയത്ത് എത്തിക്കാൻ, അതിലൂടെ തങ്ങളുടെ അന്നം മുടങ്ങാതിരിക്കാൻ തിരക്കുള്ള റോഡിലൂടെ മരണപ്പാച്ചിൽ പായുന്ന ഭക്ഷണ വിതരണക്കാരെ കാണേണ്ടതുണ്ട് നമ്മൾ. അറിയേണ്ടതുണ്ട് അവരുടെ പ്രശ്നങ്ങളും.

you may also like this video;