ഓണ്‍ലൈന്‍ ജോലി തട്ടിപ്പ് മൂന്ന് ഡല്‍ഹി സ്വദേശികള്‍ പിടിയില്‍

Web Desk
Posted on December 13, 2018, 9:07 pm

തൃശൂര്‍: പ്രമുഖ വിമാനകമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പുനടത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളെ സിറ്റിപോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മുബാറക്പൂര്‍ സ്വദേശി അജയ് (28), ഈസ്റ്റ് ഡല്‍ഹി ആസാദ് നഗര്‍അനീഷ് കുമാര്‍(42), പീതാംപുര സ്വദേശി പ്രശാന്ത് സേത്തി (38) എന്നിവരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്എയര്‍വെയ്‌സ് എന്നിവിടങ്ങളില്‍ജോലി വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. കാബിന്‍ക്രൂ, ഗ്രൌണ്ട്ഓഫീസര്‍, ഹ്യൂമണ്‍ റിസോര്‍ഴ്‌സ് മാനേജര്‍ മുതലായ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണതട്ടിപ്പ്. ഓണ്‍ലൈന്‍ജോബ് സൈറ്റായ ക്വിക്കര്‍ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സ്വാധീനിച്ചാണ് പണം കവരുന്നത്.
ഏവിയേഷന്‍ കമ്പനികളുടെ വ്യാജലെറ്റര്‍ പാഡുകള്‍, ലോഗോ സഹിതം ഉണ്ടാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംശയം തോന്നാനിടയാക്കാതെ മെയിലിലൂടെ നല്ല കത്തിടപാടുകള്‍ നടത്തി രജിസ്‌ടേഷനായി ചെറിയ തുക ആദ്യം ബാങ്ക് അക്കൌണ്ടിലേക്ക് അയയ്ക്കാനാവശ്യപ്പെടും.

തുടര്‍ന്ന് സര്‍വ്വീസസ് കമ്പനികളില്‍ നിന്നാണെന്ന വ്യാജേന ഓണ്‍ലൈന്‍പരീക്ഷ, ടെലിഫോണിക് ഇന്റര്‍വ്യൂ എന്നിവ സംഘം നടത്തും. തട്ടിപ്പു സംഘത്തിന്റെ ഓഫീസിലെ ജോലിക്കാരായ യുവതികളാണ് ഇതിന് നേതൃത്വമേകുന്നത്. ഉദ്യോഗാര്‍ത്ഥികളെ വിളിച്ച് പിന്നീട് ജോലി നിയമനാംഗീകാരമായതായി അറിയിയ്ക്കും. വിവിധ കാരണങ്ങള്‍ പറഞ്ഞ് ജോലി ലഭ്യതയ്ക്കായി തവണകളായി വലിയ തുകകള്‍നിര്‍ബന്ധിച്ച് ബാങ്ക് അക്കൌണ്ടിലേയ്ക്ക്അടപ്പിയ്ക്കും. ട്രെയിനിംഗ് ഫീസ്, യൂണിഫോം ഫീസ്, ഹോസ്റ്റല്‍ ഫീസ് മുതലായ കാരണങ്ങള്‍ കാണിച്ചാണ് കൂടുതല്‍ തുക ആവശ്യപ്പെടുന്നത്. പണം ഒട്ടേറെ തവണ കൊടുത്തതിനു ശേഷവും വീണ്ടും കൂടുതല്‍പണം നിക്ഷേപിക്കാനാവശ്യപ്പെട്ടപ്പോഴാണ് വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിനിയായ ജീനയുടെ സംശയത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്. ഇവരില്‍നിന്ന് 44000 രൂപ തട്ടിയെടുത്തിരുന്നു.
തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബാബു കെ തോമസ്സ്, എസിപി വി കെരാജു, കുന്ദംകുളം എസിപ ടി എസ് സിനോജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമേറ്റെടുത്തത്. ഡല്‍ഹിയില്‍ ആഴ്ചകളോളം തങ്ങിയാണ് പ്രതികളെതേടി അന്വേഷണം നടത്തിയത്.
തട്ടിപ്പിനായി ഉപയോഗിച്ച സിം കാര്‍ഡുകളെല്ലാം വ്യാജ മേല്‍വിലാസത്തിലെടുത്തതായതിനാല്‍ അന്വേഷണ സംഘം രണ്ടായി പിരിഞ്ഞ് ബാങ്കുകളും, എടിഎം കൗണ്ടറുകളും കേന്ദ്രീകരിച്ച് നടത്തിയ കാര്യമായ അന്വേഷണത്തിലാണ് കേസിലെ മുഖ്യ പ്രതിയായ അജയിനെക്കുറിച്ച് സൂചന ലഭിച്ചത്.

ഡല്‍ഹി കോട്ടല മുബാറക്പൂര്‍ എന്ന സ്ഥലത്തുളള ഫ്‌ലാറ്റുകളിലും സ്ഥാപനങ്ങളിലും അന്വേഷണം നടത്തിയതില്‍ അജയ് മുബാരക്പൂരിലുളള ഒരു രഹസ്യസങ്കേതത്തിലിരുന്നാണ് തട്ടിപ്പ്ഓഫീസായി പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തതില്‍ ഇവര്‍ സമാനമായ കേസുകള്‍ നടത്തിയിട്ടുള്ളതായി അറിവായിട്ടുണ്ട്. ഡല്‍ഹിയിലെത്തി പ്രതികളെ കുടുക്കിയ അന്വേഷണ സംഘത്തില്‍ എസ്‌ഐ കെ പ്രദീപ് കുമാര്‍, എഎസ്‌ഐ ബാബു, പോലീസുകാരായ കെ സൂരജ്, ലിന്റൊദേവസ്സി, സുബീര്‍ കുമാര്‍, മനോജ് കൃഷ്ണന്‍, വനിത പോലീസുദ്യോഗസ്ഥരായ മിനി സി വര്‍ഗ്ഗീസ്, നളിനി എന്‍ ആര്‍, എന്നിവരാണുണ്ടായിരുന്നത്. ഇവരാണ് പ്രതികളെ നാട്ടിലേയ്ക്ക് എത്തിച്ചത്. അന്വേഷണത്തിന് നേതൃത്വമേകിയ ടീമില്‍ വടക്കാഞ്ചേരി സിഐ പി എസ് സുരേഷ്, എസ്‌ഐ കെ സി രതീഷ്, സിറ്റി സൈബര്‍ സെല്‍പോലീസുകാരനായ ഫീസ്റ്റോ ടി ഡിശ്രീഹരി എന്നിവരുമുണ്ടായിരുന്നു.