Wednesday
21 Aug 2019

ഓണ്‍ലൈന്‍ തട്ടിപ്പ് : മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ പേരില്‍ പത്തോളം സംസ്ഥാനങ്ങളില്‍ കേസുകള്‍

By: Web Desk | Sunday 2 September 2018 5:54 PM IST


മലപ്പുറം: ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത കാമറൂണ്‍ സ്വദേശികളായ പ്രതികളുടെ പേരില്‍ പത്തോളം സംസ്ഥാനങ്ങളില്‍ സമാനമായ കേസുകള്‍ നിലവിലുള്ളതായി വിവരം ലഭിച്ചു.ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 വയസ്സ്), ലാങ്ജി കിലിയന്‍ കെങ് (27 വയസ്സ്) എന്നിവരെ കഴിഞ്ഞ പതിനാലാം തിയ്യതി മഞ്ചേരി പോലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്ന നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് എജന്‍സികളുമായി പങ്ക് വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഉള്‍പ്പെട്ട മറ്റ് കേസുകള്‍ സംബന്ധിച്ച് അറിയാനായത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിയാനായത്.
ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം പ്രതികളെ വിട്ടുകിട്ടുന്നതിനായി മഞ്ചേരി സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതികളെ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഗുജറാത്തിലേക്കും തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ട് പോകും.

കേരളത്തില്‍ ഇത്രയധികം ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്.മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.മഞ്ചേരി സി.ഐ. എന്‍.ബി. ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, എസ്.ഐ.ടി. അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, സ്രാമ്പിക്കല്‍ ശാക്കിര്‍, കെ.വി. ഉണ്ണികൃഷ്ണന്‍, എ. ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Related News