ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് യുവാവ് അറസ്റ്റില്‍ 

Web Desk
Posted on July 20, 2018, 2:55 pm
 കാഞ്ഞങ്ങാട് : ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് സംഘത്തിന്റെ രഹസ്യകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ യുവാവ് അറസ്റ്റിൽ. പടന്നക്കാട് തീര്‍ത്ഥങ്കര സ്വദേശി എം വിഷ്ണു ( 22 ) വിനെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്യ്തത്.

കാഞ്ഞങ്ങാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ രക്ഷപ്പെട്ടു. കേന്ദ്രത്തില്‍ നിന്നും സന്ദേശങ്ങളും നമ്പറുകളും കൈമാറാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.  കണിച്ചിറ സ്വദേശി വിനയനാണ് മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് കേന്ദ്രം നടത്തിവന്നിരുന്നതും വിവിധ സ്ഥലങ്ങളിലെ ഏജന്റുമാരെ നിയന്ത്രിക്കുന്നതും വിനയനാണെന്ന് പൊലീസ് പറഞ്ഞു. വിനയനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഐങ്ങോത്ത് മുത്തപ്പനാര്‍ കാവിനടുത്ത കാലിച്ചാമരം എന്ന സ്ഥലത്തുവെച്ചാണ് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് പൊലീസ് പിടികൂടിയത്. കമ്പ്യൂട്ടര്‍ വിദഗ്ധനാണ് അറസ്റ്റിലായ വിഷ്ണു. സംസ്ഥാന ഭാഗ്യക്കുറിയുടെ മറവിലാണ് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് നടത്തുന്നത്. പത്ത് രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒരാള്‍ക്ക് എത്ര ടിക്കറ്റ് വേണമെങ്കിലും എടുക്കാം. കേരള ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം അടിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പര്‍ ഒത്തുവന്നാല്‍ 5000 രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 500 രൂപയും മൂന്നാം സമ്മാനം 300 രൂപയുമാണ് നല്‍കുന്നത്. സമ്മാനത്തുക കൈമാറുന്നതും ഓണ്‍ലൈനായാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍ നിന്നും പണമൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.