20 April 2024, Saturday

Related news

April 13, 2024
March 22, 2024
March 20, 2024
March 13, 2024
February 29, 2024
January 31, 2024
January 13, 2024
December 31, 2023
December 24, 2023
December 15, 2023

ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ പുതിയ മരണക്കെണി; മുന്നറിയിപ്പ് നല്‍കി പൊലീസ്

Janayugom Webdesk
മുംബൈ
May 22, 2022 8:45 pm

ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ പുതിയ മരണക്കെണിയായി മാറുന്നു. വേഗത്തില്‍ പണം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ ആശ്രയിക്കുന്നവര്‍ പിന്നീട് വന്‍തോതിലുള്ള ഭീഷണികള്‍ക്കും ചൂഷണത്തിനു സ്വകാര്യതാ ലംഘനത്തിനും ഇരയായി തീരുന്നുവെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളെയടക്കം ചതിയില്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗമായും ലോണ്‍ ആപ്പ് ഉപയോഗിക്കപ്പെടുന്നു.

മുംബൈയില്‍ ഈ മാസം ആറിന് ലോണ്‍ ആപ്പ് ഏജന്റുമാരുടെ ശല്യം സഹിക്കാനാകാതെ 38 കാരന്‍ ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ വൈകിയതോടെ ഇയാളുടെ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയച്ചുനല്‍കുകയായിരുന്നു. മുംബൈയില്‍ തന്നെ കഴിഞ്ഞയാഴ്ച 28 കാരിയുടെ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തിയതിന് രണ്ട് ഓണ്‍ലൈന്‍ വായ്പാ ആപ്പ് ഏജന്റുമാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ സംഭവത്തില്‍ 3,500 രൂപ വീതവും 2,200 രൂപ വീതവും രണ്ട് വായ്പകൾക്കായി യുവതി ഓണ്‍ലൈന്‍ ആപ്പില്‍ അപേക്ഷിച്ചിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ പണം തിരികെ നൽകേണ്ടതായിരുന്നു, എന്നാൽ നാല് ദിവസത്തിനുള്ളിൽ കോളുകൾ സ്ഥിരം ലഭിച്ചുതുടങ്ങിയതായി യുവതി വിക്രോളി പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ ലഭിച്ച 13 സെൽഫോൺ നമ്പറുകളുടെയും ലഭിച്ച മോർഫ് ചെയ്ത ഫോട്ടോകളുടെയും വിവരങ്ങളും പൊലീസിന് നല്‍കിയിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന ഇത്തരം കേസുകൾ രാജ്യത്ത് വന്‍ റാക്കറ്റ് ഇതിനായി പ്രവര്‍ത്തിക്കുന്നുവെന്ന സൂചനകളാണ് നല്‍കുന്നതെന്ന് മുംബൈ പൊലീസ് പറയുന്നു. സോഷ്യൽ മീഡിയ, ഡേറ്റിങ്, വാട്ട്സ് ആപ്പ് എന്നിവയ്ക്ക് സമാനമായി ഇരകളെ കണ്ടെത്താനുള്ള മാധ്യമമായി ലോൺ ആപ്പുകള്‍ ഉപയോഗിക്കുന്നതായി പൊലീസ് കരുതുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അമ്പത് ശതമാനത്തിലേറെയും വായ്പാ ആപ്പുകളും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണെന്ന് നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

മിക്ക സംഭവങ്ങളിലും നഗ്ന വീഡിയോ കോളിലൂടെ ഇരയെ കുടുക്കിലാക്കുകയോ മോർഫ് ചെയ്ത ഫോട്ടോകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുക്കുകയോ ആണ് ചെയ്യുന്നത്. തട്ടിപ്പുകാർ കൂടുതലും ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മിക്ക കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബംഗളുരുവിലാണ്. വിവിധ സംഘങ്ങൾ പരസ്പരം സാങ്കേതികവും തന്ത്രപരവുമായ പിന്തുണ നൽകുന്നതായും സഹകരിക്കുന്നതായും മുംബൈ പൊലീസ് പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ഗുരുഗ്രാമില്‍ നിന്നും പിടികൂടിയ സംഘത്തിന് അന്താരാഷ്ട്ര ബന്ധവും പൊലീസ് കണ്ടെത്തിയിരുന്നു.

ഡൗണ്‍ലോഡ് ചെയ്താല്‍ സുരക്ഷാപ്രശ്നം

ഓണ്‍ലൈന്‍ വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് പോലും പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് കോയമ്പത്തൂർ പൊലീസിന്റെ സൈബർ സെല്‍ പറയുന്നു. 300 ലധികം ലോൺ ആപ്പുകള്‍ പ്ലേസ്റ്റോറിലുണ്ട്. ഇവയെല്ലാം ഉപയോക്താവിന്റെ ഫോൺബുക്കിലെ എല്ലാ നമ്പറുകളും ശേഖരിക്കുകയും ഗാലറിയിലുള്ള വീഡിയോകളും ചിത്രങ്ങളുമടക്കം അപ്‌ലോഡ് ചെയ്യുന്നുമുണ്ട്.

വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുന്നതോടെ കടം വാങ്ങുന്നയാളിന്റെ കുടുംബ‑സുഹൃദ് ബന്ധങ്ങളിലേക്ക് ഏജന്റുമാര്‍ കടന്നുകയറുകയും പിന്നീട് ചൂഷണവലയം തീര്‍ക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. കടം മുഴുവനും തിരിച്ചടച്ചതിനു ശേഷവും, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് തുടരാം. ഇത്തരത്തിലുള്ള 30 ലേറെ പരാതികളെങ്കിലും കോയമ്പത്തൂർ പൊലീസിൽ ലഭിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്‍ വ്യക്തമാക്കി.

Eng­lish Summary:Online loan apps are a new death trap; Police issued a warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.