ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് പൂട്ടിട്ട് ഗൂഗിള്‍. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള വായ്പാ തട്ടിപ്പ് പെരുകിയതായി പരാതികള്‍ വ്യാപകമായതിന് പിന്നാലെ ഇത്തരത്തിലുള്ള നൂറുക്കണക്കിന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കി. സര്‍ക്കാര്‍ ഏജന്‍സികളും ഉപഭോക്താക്കളും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഗൂഗളിന്റെ സ്വകാര്യതാ, സുരക്ഷാ നയങ്ങള്‍ പൂര്‍ണമായും പാലിക്കാത്ത ആപ്പുകള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ നീക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
തത്ക്ഷണം വായ്പ അനുവദിക്കുന്ന ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ് വര്‍ധിച്ചുവരുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. യാതൊരു രേഖയും നല്‍കാതെ തന്നെ ഉടനടി വലിയ തുക വായ്പയായി അനുവദിക്കുകയും പിന്നീട് തിരിച്ചടവ് മുടങ്ങിയാല്‍ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കാന്‍ വഴികള്‍ തേടുകയുമാണ് ഈ തട്ടിപ്പ് സംഘം ചെയ്യുന്നത്. പലപ്പോഴും ഉയര്‍ന്ന പലിശനിരക്കിലാകും വായ്പകള്‍ അനുവദിക്കുക. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ വിദേശ പൗരന്മാര് അടക്കം ആളുകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.
പുതിയ സാഹചര്യത്തില്‍ ആപ് സ്റ്റോറില്‍ വായ്പാ ആപ്പ് അപ്ലോഡ് ചെയ്യുന്നതിനുള്ള നിബന്ധനകള്‍ ഗൂഗിള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ്, പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നതിന്റെ തെളിവ്, പലിശനിരക്ക് വെളിപ്പെടുത്തല്‍, തിരിച്ചടവിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ കാലയളവ് എന്നിവ വ്യക്തമാക്കണമെന്നതാണ് പ്രധാന നിബന്ധന. 60 ദിവസത്തില്‍ താഴെ കാലാവധിയില്‍ വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ആപ്പും പ്ലേ സ്റ്റോറില്‍ അനുവദിക്കില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ശേഖരിക്കരുതെന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കരുതെന്നും ഡെവലപ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
English summary: online loan apps removed from play store
You may also like this video: