Web Desk

January 15, 2021, 5:38 pm

ഓൺലൈൻ വായ്പാ ആപ്പുകളുടെ കാണാപ്പുറങ്ങൾ

Janayugom Online

കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്ത് ഓൺലൈൻ വായ്പാ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എളുപ്പത്തിൽ പണം വായ്പയായി ലഭിക്കുമെന്നതിനാൽ നിരവധി പേരാണ് ചതിക്കുഴിയിൽ വീഴുന്നത്. ചൈനീസ് വായ്പാ ആപ്ലിക്കേഷനുകൾ വഴി ചെറിയ തുക വായ്പയെടുത്തവർ ഒടുവിൽ ലക്ഷക്കണക്കിന് രൂപയുടെ കട ബാധ്യതയിൽ നിസ്സഹായരായാണ് ആത്മഹത്യ ചെയ്യുന്നത്.

ഓൺലൈനായി വായ്പ നൽകുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ നിരവധിയാണ്. കഴിഞ്ഞ വർഷം ഓണ്‍ലൈൻ ഗെയിമിംഗിനോട് അനുബന്ധിച്ച് വായ്പാ തട്ടിപ്പ് നടത്തിയതിന് ഒരു ചൈനീസ് പൗരൻ ഉൾപ്പെടെയുള്ള സംഘത്തിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വായ്പാ തട്ടിപ്പ് നടത്തുന്ന ആപ്പുകളുടെ പ്രവർത്തന രീതി പൊലീസ് കണ്ടെത്തിയത്. ചൈനീസ് കമ്പനികൾ ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടുമാരുടെ സഹായത്തോടെ ഡമ്മി മേധാവികളെ വെച്ച് ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രാരംഭഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും. കുറച്ചു നാളുകള്‍ക്ക് ശേഷം ചൈനയിൽ നിന്നെത്തുന്നവർ കമ്പനിയുടെ അധികാര സ്ഥാനത്തെത്തും. ഇവർ തദ്ദേശീയരായ ഇന്ത്യക്കാരെയും പ്രവർത്തനത്തിൽ ഉൾപ്പെടുത്തും. എച്എസ്ബിസി പോലുള്ള ബാങ്കുകളിൽ അക്കൗണ്ട് തുറക്കുകയും ഓണ്‍ലൈൻ ക്യാഷ് വാലറ്റുകളായ പേടിഎം, ക്യാഷ് ഫ്രീ, റേസർ പേ തുടങ്ങിയവയിൽ വ്യാപാര അക്കൗണ്ടും തുറക്കും.

ഇത്തരത്തിൽ തുറക്കപ്പെടുന്ന അക്കൗണ്ടിന്റെ വിവരങ്ങൾ സംഘത്തിലെ ഇന്ത്യൻ ജീവനക്കാർ ചൈനയിലെ ആസ്ഥാനവുമായി പങ്കുവെയ്ക്കുകയും ചെയ്യും. ഉപയോക്താക്കളെ ആകർഷിക്കാനായി പ്രത്യേക ഏജന്റുമാരുടെ ശ്രംഘല സൃഷ്ടിക്കുകയെന്നതാണ് ചൈനീസ് ആപ്പുകളുടെ അടുത്ത ലക്ഷ്യം. ഇവർ ടെലിഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകൾ വഴി ക്ലോസ്ഡ് ഗ്രൂപ്പുകളുണ്ടാക്കി അതുവഴി നിർധനരായ ഇന്ത്യക്കാരെ വലയിലാക്കുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ആപ്പുകളുടെ ഓഫീസ് വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

ചെന്നൈ സ്വദേശിയായ വ്യക്തി 5,000 രൂപ ആപ്ലിക്കേഷൻ വഴി വായ്പയെടുത്തപ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചത് 3,500 രൂപയാണ്. എന്നാൽ പണം തിരിച്ചടയ്ക്കാൻ വൈകിയപ്പോൾ മറ്റൊരു ആപ്പിൽ നിന്ന് വീണ്ടും വായ്പയെടുത്ത് നിലവിലെ കുടിശ്ശിക അടയ്ക്കാനാണ് ആപ്പ് അധികൃതർ നിർദേശിച്ചത്. 5,000 രൂപ മാത്രം വായ്പയെടുത്തയാൾക്ക് നാലര ലക്ഷം രൂപയോളം വിവിധ ആപ്പുകളിലായി ബാധ്യതയായിത്തീർന്നു.

പ്ലേസ്റ്റോറിൽ ഇത്തരത്തിലുള്ള അനവധി ആപ്പുകളാണ് നിലവിലുള്ളത്. ഇവയിൽ പലതും സമൂഹമാധ്യമങ്ങളിലൂടെയാണ് ഉപയോക്താക്കളെ ആകർഷിച്ച് വലയിൽ വീഴ്ത്തുന്നത്. 35 മുതൽ 65 ശതമാനം എന്ന ഏറ്റവും ഉയർന്ന പലിശനിരക്കാണ് ഇത്തരം ആപ്പുകൾ ഈടാക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ യാതൊരുവിധ ധനകാര്യ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നതല്ലെന്നതാണ് വസ്തുത.

ചൈനീസ് വായ്പാ ആപ്പുകളിലൂടെ വായ്പ അനുവദിച്ചാൽ ഉടൻ തന്നെ ഉപയോക്താവിന്റെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ വായ്പാ ഏജന്റുമാര്‍ക്ക് കൈമാറും. തുടർന്ന് വായ്പാ തിരിച്ചടവിൽ വീഴ്ച്ച വരുത്തിയതായി കണ്ടാൽ ഫോണിൽ വിളിച്ച് കേസെടുത്തിട്ടുള്ളതായും വ്യാജ എഫ്ഐആർ നമ്പർ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്യും.

റിസർവ് ബാങ്ക് അംഗീകാരമില്ലാത്തതായ ഏകദേശം 60 ഓളം ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിലവിലുള്ളത്.ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള വായ്പാ തട്ടിപ്പ് പെരുകിയതായി പരാതികള്‍ വ്യാപകമായതിന് പിന്നാലെ നൂറുക്കണക്കിന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.ഇത്തരം വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ചെറുകിട സംരംഭകർ അടക്കമുള്ള ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry : Truths behind online loan appli­ca­tion frauds

You may also like this video :