ചിത്രപ്രദർശനവും ഓൺലൈനായി മാറ്റി പുതു സാധ്യതകൾ തേടുകയാണ് ഒരു കൂട്ടം കലാ അധ്യാപകർ. കോവിഡ് അവധിക്കാലം വീട്ടിലിരുന്ന് നൂറിലേറെ കലാ അധ്യാപകർ വരച്ച് തീർത്ത ചിത്രങ്ങളാണ് ഓൺലൈൻ ചിത്രപ്രദർശനത്തിലൂടെ കലാ സ്നേഹികളുടെ മുന്നിലെത്തിക്കുന്നത്.
കേരളത്തിലെ അൺ എയിഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന 186 അംഗങ്ങളുള്ള ടീച്ച് ആർട്ട് കൊച്ചി എന്ന കൂട്ടായ്മയാണ് ഇത്തരം പുതിയ സംരംഭത്തിന് തുടക്കമിട്ടിട്ടുള്ളത്. കലാ അധ്യാപകരുടെ തെരഞ്ഞെടുക്കപ്പെട്ട 120 ചിത്രങ്ങൾ ആകർഷകമായ നാലു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയായി രൂപകല്പന ചെയ്തിട്ടുള്ളത് അധ്യാപകനായ ജോബനാണ്.
കൂട്ടായ്മയിൽ അംഗങ്ങളായ കലാ അധ്യാപകർ ഓരോരുത്തരും ദിവസവും പത്ത് പേർക്ക് വീതം വീഡിയോ ആയച്ച് ആയിരത്തിലധികം കാഴ്ചക്കാരിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ 30 ദിവസം തുടർച്ചയായി സമൂഹമാധ്യമങ്ങൾ വഴി ഏകദേശം അര ലക്ഷത്തോളം ആളുകൾ പ്രദർശനം കാണുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് കൂട്ടായ്മ വിലയിരുത്തുന്നത്. ഈ പ്രദർശനത്തിലൂടെ വിറ്റഴിക്കപ്പെടുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം തുക ദുരിതാശ്വാസത്തിന് നൽകുവാനും കലാ അധ്യാപകർ തീരുമാനിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് ചിത്രപ്രദർശനത്തിലൂടെ ഇരുപത്തി അയ്യായിരം രൂപ സമാഹരിച്ച് ലളിതകലാ അക്കാദമി വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ നൽകിയിരുന്നു. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും കലാ അധ്യാപകർ കഴിഞ്ഞ ഒരു മാസം കൊണ്ട് വരച്ച ചിത്രങ്ങളും ഒപ്പം ശില്പങ്ങളും ക്രാഫ്റ്റ് വർക്കുകളുമാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അഞ്ഞൂറ് രൂപ മുതൽ അമ്പതിനായിരം രൂപ വരെയുള്ള ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ട്. സമകാലിക പ്രസക്തിയുള്ള ചിത്രങ്ങൾക്ക് ഒപ്പം മ്യൂറൽ ചിത്രങ്ങളും ശ്രദ്ധേയമാണ്. കോഡിനേറ്റർ ആർ കെ ചന്ദ്രബാബുവാണ് ഓൺലൈൻ ചടങ്ങിൽ വീഡിയോ പുറത്തിറക്കിയത്. ഇതോടൊപ്പം കലാഅധ്യാപകർ സൗജന്യമായി ഓൺലൈൻ ചിത്രരചനാ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.