25 April 2024, Thursday

Related news

March 28, 2024
March 6, 2024
March 2, 2024
February 24, 2024
February 12, 2024
December 20, 2023
December 19, 2023
December 18, 2023
November 17, 2023
September 12, 2023

500 സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ വ്യാപാരം ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
October 27, 2021 9:52 pm

സംസ്ഥാനത്തെ 500 സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ വ്യാപാരം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 2022 മാർച്ച് മാസത്തോടെ വ്യാപാരം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ മുന്നോടിയായി തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കും. ഉപഭോക്താക്കൾ ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന നൽകുന്ന ഓർഡറുകൾ സ്വീകരിച്ച് സാധനങ്ങൾ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്ന സംവിധാനം വിവിധ വിതരണ ഏജൻസികളുടെ പോർട്ടലുകൾ വഴിയും കുടുംബശ്രീയുമായി സഹകരിച്ചും നടപ്പിൽ വരുത്തിയിട്ടുണ്ട്. നിലവിൽ 95 വില്പനശാലകളിലൂടെ കുടുംബശ്രീ മുഖേനയും 51 വില്പനശാലകളിലൂടെ വിവിധ വിതരണ ഏജൻസികളുടെ പോർട്ടലുകൾ, ആപ്പുകൾ മുഖേനയും ഹോം ഡെലിവറി സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി മൊബൈൽ മാവേലി യൂണിറ്റുകൾ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ ഇത്തരം മൊബൈൽ മാവേലി യൂണിറ്റുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 21 മൊബൈൽ മാവേലി യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലയളവിൽ 18 മാവേലി സ്റ്റോറുകൾ സൗകര്യപ്രദമായ സ്ഥലത്തേക്ക് വിപുലമായ സൗകര്യത്തോടു കൂടി സൂപ്പർ മാർക്കറ്റുകളാക്കി ഉയർത്തിയിട്ടുണ്ട്. ആവശ്യമായ സാധ്യതാപഠനം നടത്തിയും വില്പന സാധ്യത വിലയിരുത്തിയും ബ്രാന്റഡ് ഇനങ്ങള്‍ക്ക് സെല്‍ഫ് സര്‍വീസ് സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടും നിലവിലെ മാവേലി സ്റ്റോറുകള്‍ മാവേലി സൂപ്പർ സ്റ്റോറുകളായി ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. 

സപ്ലൈകോയിൽ സ്റ്റോക്ക്, പർച്ചേസ്, സെയിൽസ് എന്നിവ നിരീക്ഷിക്കുന്നതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കും. ഇതോടെ ഓൺലൈൻ പേയ്മെന്റ് സംവിധാനവും നടപ്പിലാക്കും. ഘട്ടം ഘട്ടമായി എല്ലാ സപ്ലൈകോ വില്പന ശാലകളിലും ക്യാമറ സംവിധാനവും ഏർപ്പെടുത്തും. നിലവിൽ 175 വില്പനശാലകളിൽ ഗൃഹോപകരണ വില്പന നടക്കുന്നുണ്ട്. തവണ വ്യവസ്ഥയിൽ എല്ലാ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും വില്പനയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മഴക്കെടുതിയിൽ സംസ്ഥാനത്തെ എട്ട് സപ്ലൈകോ ഔട്ട്‌ലറ്റുകൾക്ക് നാശനഷ്ടമുണ്ടായി. പ്രളയത്തിൽ കോട്ടയം ജില്ലയില്‍ മാത്രം 19 റേഷൻ കടകളാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. മഴക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് അപേക്ഷയ്ക്കനുസരിച്ച് തടസമില്ലാതെ കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

കൃഷിക്കാരുടെയും കുടുംബശ്രീ ഉല്പന്നങ്ങളും വിൽക്കാൻ കഴിയുന്ന രീതിയിൽ മാവേലി സ്റ്റോറുകൾ മാറണമെന്നാണ് ആഗ്രഹം. സ്ഥലപരിമിതിയാണ് ഇതിന് പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് മാവേലി സ്റ്റോറുകളെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരന്‍, വി ശശി, ഇ കെ വിജയന്‍, പി ബാലചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

Eng­lish Sum­ma­ry : online sale to begin in sup­ply­co supermarket

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.