കോവിഡ് മഹാമാരി ഉയർത്തുന്ന പ്രതിസന്ധികൾക്കിടയിൽ രാജ്യത്ത് സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വർധിക്കുന്നു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം പതിനെട്ട് മാസത്തിനിടെ 3.17 ലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങളും 5,771 എഫ്ഐആറുകളും ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നത് മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. 21,562 സൈബർ കുറ്റകൃത്യങ്ങളും കർണാടകയിൽ 87 എഫ്ഐആറുകളും മഹാരാഷ്ട്രയിൽ 50,806 സൈബർ കുറ്റകൃത്യങ്ങളും 534 എഫ്ഐആറുകളും ഉൾപ്പെടുന്നു. പെഗാസസ് പോലുള്ള ചാരസോഫ്റ്റ്വേർ ഉപയോഗിച്ച് വിഐപികൾ അടക്കമുള്ള പൗരൻമാരുടെ ഫോണുകൾ ചോർത്തിയതുള്പ്പെടെയുള്ള വിവാദ സംഭവങ്ങൾ തുടരുകയാണ്.
കേരളത്തിൽ 2019 ൽ 307 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ 2020 ആയപ്പോഴേക്കും 426 കേസുകളായി ഉയർന്നു. 2021 ൽ ഇതുവരെ 343 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഭുരിഭാഗം കേസുകളും. ഇതൊടൊപ്പം സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യൽ, ഇ കൊമേഴ്സുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ, ഓൺലൈൻ ചൂതാട്ടങ്ങൾ എന്നിങ്ങനെ പോകുന്നു തട്ടിപ്പുകളുടെ നീണ്ട നിര. പ്രായമായവർ മുതൽ യുവജനങ്ങൾ വരെ തട്ടിപ്പിന്റെ ഇരകളാകുകയാണ്.
കോവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെയാണ് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നത്. കൂടുതലും നിരക്ഷരരായവർ ആണ് ഈ തട്ടിപ്പിന് ഇരകളായി മാറുന്നത്. സാധാരണക്കാർക്ക് ഇത്തരം സംഗതികളെക്കുറിച്ചുള്ള ധാരണക്കുറവ് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് തടസമാകുന്നു. സുരക്ഷാവീഴ്ചകൾ അധികൃതരെ സമയത്ത് അറിയിക്കുന്നതിലെ അലംഭാവവും തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിലെ വീഴ്ചകളും വ്യാജ വെബ്സൈറ്റുകളുടെ ഉപയോഗവും സാധാരണക്കാർക്ക് വലിയ തോതിൽ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
English Summary: Online scams are on the rise: Millions of complaints a year
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.