ഓണ്‍ലൈന്‍ ആത്മഹത്യ ഗ്രൂപ്പുകള്‍:അഡ്മിന്മാര് ഉടന്‍ അറസ്റ്റിലായേക്കും

ബ്ലൂവെയില്‍ ഗെയിമുകള്‍ക്ക് ശേഷം കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ ദുരന്തമായിരുന്നു ആത്മഹത്യ പ്രേരണ ജനിപ്പിക്കുന്ന ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളുടെ കൂട്ടായ്മ
ജോമോന് ജോസഫ്
കല്പറ്റ: ഓണ്‍ലൈന്‍ ആത്മഹത്യ ഗ്രൂപ്പുകളുടെ അഡ്മിന്മാര് ഉടന്‍ അറസ്റ്റിലായേക്കും. കേരളത്തില്‍ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ ആത്മഹത്യ ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.അടുത്തിടെ വയനാട്ടില്‍ രണ്ട് കൗമാരപ്രായക്കാര്‍ ഒരേ കാലയളവില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൗമരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമൂഹ മാധ്യമങ്ങളുടെ മൂന്ന് ഗ്രൂപ്പുകള്‍ കണ്ടെത്തിയതോടെയാണ് അഡ്മിന്മാരെ അറസ്റ്റ് ചെയ്യാനുളള നടപടികള്‍ പൊലീസ് തുടങ്ങുന്നത്.സംസ്ഥാനത്ത് അടുത്തിടെ നടന്ന കൗമാരക്കാരുടെ ആത്മഹത്യകള്‍,കൗമാരക്കാര്‍ മരണപ്പെട്ട ബൈക്ക് അപകടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി പൊലീസ് അന്വേഷിക്കും.കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ വലയിലകപ്പെട്ട മുഴുവന്‍ കുട്ടികളെയും മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡി വൈ എസ് പി പ്രിന്‍സ് എബ്രഹ്രാം പറഞ്ഞു.ഇതില്‍ കാസര്‍ഗോഡു നിന്നും നിയന്ത്രിക്കുന്ന ഒരു ഗ്രൂപ്പിന്റെ ശൃംഖലയില്പ്പെട്ടാണ് വയനാട്ടിലെ രണ്ടു കൗമാരക്കാര്‍ ആത്മഹത്യ ചെയ്തതെന്നും,മറ്റു 13-ഓളം പേര് സമാന സ്വഭാവമുള്ള പ്രവണതകള്‍ കാണിച്ചുവെന്നും പൊലീസിന് വിവരം ലഭിച്ചു.വാര്‍ത്ത പുറത്തു വന്നതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാന സ്വഭാവമുള്ള ആയിരകണക്കിന് പരാതികളാണ് രക്ഷിതാക്കളില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. ഇതോടെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.എല്ലാ ജില്ലയിലെയും, ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഐ ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് സമഗ്ര അന്വേഷണത്തിന് ഒരു കോര്‍ ടീമിനെയും രുപീകരിച്ചിട്ടുണ്ട്.കണ്ണൂര്‍ ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായയാണ് കോര്‍ ടീമിനെ ഏകോപിപ്പിച്ച് റിപ്പോര്‍ട്ട് സംസ്ഥാന പൊലീസിന് കൈമാറുക.ഫെയ്സ്ബുക്ക്,വാട്സാപ്പ് ഗ്രൂപ്പുകള്‍,ഇന്‍സ്റ്റഗ്രാം,യൂട്യൂബ് വീഡിയോകള്‍,ഇന്റര്‍നെറ്റ് ചിത്രങ്ങള്‍,ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ എന്നിവ കൈമാറുകയും,കൗമരക്കാരെ വലയിലാക്കുന്നതിന് അവ ഉപയോഗിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെ കണ്ടെത്തി അവയില്‍ അംഗങ്ങളായവരെ പിന്തുടര്ന്നാണ് പൊലീസ് അന്വേഷണം വിപുലമാക്കുന്നത്.ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ പ്രചാരത്തോടെ അപകടകരമായി വളര്‍ന്നുവന്ന ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ക്ക് ശേഷം കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ ദുരന്തമായിരുന്നു ഓണ്‍ലൈന്‍ ആത്മഹത്യ പ്രേരണ ജനിപ്പിക്കുന്ന ഓണ്‍ലൈന്‍ സമൂഹ മാധ്യമങ്ങളുടെ കൂട്ടായ്മ.വയനാട്ടില്‍ പ്രാദേശികമായി രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് ഈ വലിയ ദുരന്തത്തെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ നിയമ സംവിധാനത്തെ സജ്ജമാക്കിയതെന്ന് സൈബര്‍ കുറ്റാന്വേഷണ വിദഗ്ധനും, സൈബര്‍ ഫോറന്‍സിക് വിദഗ്ധനുമായ വിനോദ് ഭട്ടതിരിപാട് പറഞ്ഞു.ഇതിനിടെ കൊച്ചിയിലടക്കം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഇത്തരം സംഘക്കള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന കാര്യവും കൂടുതല്‍ ഗ്രൂപ്പുകള്‍ ഉണ്ടോയെന്ന കാര്യവും അന്വേഷണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു.