ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ പണിമുടക്കിലേക്ക്

Web Desk

ന്യൂഡൽഹി:

Posted on September 01, 2020, 6:58 pm

ഡൽഹിയിലെ ഉബർ, ഒല ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചു. വാഹനങ്ങളുടെ ഇഎം‌ഐ അടയ്ക്കുന്നതിനുള്ള തീയതി നീട്ടുക, നിരക്ക് വർധിപ്പിക്കുക, കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറയ്ക്കുക, ഇ‑ചലാൻ പൂർവ സ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡൽഹിയിലെ ഉബർ, ഒല ഡ്രെെവർമാർ പണിമുടക്കിയത്.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രണ്ട് രക്ഷത്തോളം വരുന്ന ക്യാബ് ഡ്രൈവർമാർ മണ്ഡി ഹൗസിലെ ഹിമാചൽ ഭവന് സമീപം ഒത്തുചേരുമെന്ന് സർവോദയ ഡ്രൈവേഴ്‌സ് അസോസിയേഷൻ ഓഫ് ഡൽഹി പ്രസിഡന്റ് കമൽജിത് സിങ് ഗിൽ പറഞ്ഞു. മെട്രോ സർവീസുകൾ പുനരാരംഭിക്കാത്തതിനാലും ബസുകൾ കുറവായതിനാലും ഡൽഹി നിവാസികൾക്ക് പണിമുടക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഗ്രേറ്റർ നോയിഡ, ദ്വാരക, ഉത്തം നഗർ ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും പണിമുടക്കിന് കാരണം ലഭ്യമാകാത്ത അവസ്ഥയുണ്ടായതായി ഗിൽ പറഞ്ഞു.

ലോക്ഡൗൺ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഡ്രൈവർമാർക്ക് അവരുടെ ഇഎംഐ അടയ്ക്കാൻ കഴിഞ്ഞില്ല. വായ്പ തിരിച്ചടവിന്റെ മൊറട്ടോറിയം അവസാനിച്ചു. പ്രതിമാസ തവണകൾ നൽകാത്തതിനാൽ ബാങ്കുകൾ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഡ്രൈവർമാർ ഭയപ്പെടുന്നുവെന്നും ഗിൽ പറഞ്ഞു.

വാഹനം വാങ്ങുന്നതിനായി ബാങ്ക് വായ്പയെടുത്ത് പ്രതിമാസം 15,000 രൂപ വരെ അടയ്ക്കുന്നവരാണ് മിക്ക ഡ്രൈവർമാരുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ലോക്ഡൗണിനുശേഷം ഞങ്ങളുടെ അവസ്ഥ വഷളായി. മിക്കവരും ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ ആളുകളുടെ എണ്ണം പത്ത് ശതമാനമായി കുറഞ്ഞു. ഇഎംഐകൾ അടയ്ക്കുന്നതിനുള്ള സമയം ഈ വർഷം ഡിസംബർ 31 വരെ നീട്ടണമെന്ന് ബാങ്കുകളോട് അഭ്യർത്ഥിക്കാൻ ഞങ്ങൾ പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ, ഗതാഗത മന്ത്രിമാർക്കും കത്തയച്ചിട്ടുണ്ടെന്നും സർവോദയ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കമൽജീത് ഗിൽ പറഞ്ഞു.

ENGLISH SUMMARY: Online taxi ser­vices on strike

YOU MAY ALSO LIKE THIS VIDEO