June 6, 2023 Tuesday

കൈയ്യിലുള്ള സ്വർണ്ണം ഇനി ഉപയോഗശൂന്യമാകുമോ? ഇത്തരം സ്വർണ്ണം നിരോധിച്ച്‌ കേന്ദ്ര സർക്കാർ

Janayugom Webdesk
ന്യൂഡൽഹി
January 14, 2020 5:28 pm

2021 ജനുവരി 15മുതൽ ബിഐഎസ് ഹാൾമാർക്കില്ലാത്ത സ്വർണം വിൽക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ. 14,18 ‚22 എന്നീ മൂന്ന് കാരറ്റിൽ മാത്രമേ സ്വർണം വിൽക്കാൻ അനുവാദമുള്ളൂ എന്ന് കേന്ദ്രം അറിയിച്ചു. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണ വിൽപ്പനയുടെ നിലവാരം ഉയർത്താനാണ് നിർദേശം. ഫലത്തിൽ 14, 18, 22 കാരറ്റിന് പുറമേ ഉള്ള എല്ലാ സ്വർണ്ണങ്ങൾക്കും നിരോധനം വരും. മുമ്പ് പത്ത് ഗ്രേഡുകളായിരുന്നു അനുവദനീയം. ഇത് സ്വർണത്തിന്റെ രൂപത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന അനധികൃത സ്വത്ത് വെളിപ്പെടുത്തുന്നതിനും ഉപകരിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിഗമനം. ഉപഭോക്തൃ കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ തന്നെ പുറത്തിറക്കും.

സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിന് വാണിജ്യ മന്ത്രാലയം അംഗീകാരം ലഭിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനായിരുന്നു. ഇക്കാര്യം ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) അറിയിച്ചതിനുശേഷം മാത്രമേ നടപ്പാക്കാൻ കഴിയൂവെന്നാണ് അന്ന് ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചത്. ഡബ്ല്യുടിഒയുടെ ആഗോള വ്യാപാര നിയമങ്ങൾ അനുസരിച്ച് ഒരു അംഗരാജ്യത്തിന് ഗുണനിലവാര നിയന്ത്രണ ഉത്തരവ് ലഭിക്കേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് രണ്ട് മാസം സമയമെടുക്കുമെന്നും അറിയിച്ചിരുന്നു.

തുടർന്നാണ് ഇപ്പോൾ ഈ നിർദ്ദേശം പുറത്തു വന്നിരിക്കുന്നത്. ഗോൾഡ് ഹാൾമാർക്കിംഗ് വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സർട്ടിഫിക്കേഷനാണ്. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്കിംഗിനുള്ള അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയാണ്. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് ഗ്രേഡുകളിലായി സ്വർണ്ണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.

കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ‌ ഗുണനിലവാര നിയന്ത്രണ ക്രമത്തിൽ‌ ബി‌ഐ‌എസ് ഗുണനിലവാര മാനദണ്ഡങ്ങൾ‌ പാലിക്കേണ്ടതുണ്ട്. 1995 മുതൽ 164 അംഗ ഡബ്ല്യുടിഒയുടെ ഭാഗമാണ് ഇന്ത്യ. നിലവിൽ രാജ്യത്തുടനീളം 800 ഓളം ഹാൾമാർക്കിംഗ് സെന്ററുകളുണ്ട്. 40 ശതമാനം ആഭരണങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഹാൾമാർക്ക് ചെയ്തിട്ടുള്ളത്.

രുവർഷമാണ് പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നതിനായി സമയം അനുവദിച്ചിരിക്കുുന്നത്. ഇതിന് ശേഷം ഹാൾമാർക്കില്ലാത്ത സ്വർണം വില്‍ക്കുന്ന വ്യാപാരികൾക്ക് കുറഞ്ഞത് ഒരുലക്ഷം രൂപയോ സ്വർണവിലയുടെ അഞ്ചിരട്ടിയോ ആകും പിഴയായി നൽകേണ്ടിവരുക. നിയമലംഘനം നടത്തുന്ന വ്യാപാരികൾക്ക് ഒരുവർഷം വരെ തടവ് ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്തുകൊണ്ടായിരിക്കും വിജ്ഞാപനം ഉണ്ടാവുകയെന്നും സൂചനയുണ്ട്. സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. രാജ്യം പ്രതിവർഷം 700–800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.