August 11, 2022 Thursday

മനുഷ്യവര്‍ഗത്തിന്റെ പ്രത്യാശയുടെ പാട്ടുകാരന്‍

ആലങ്കോട് ലീലാ കൃഷ്ണൻ
February 15, 2020 3:30 am

മഹാകവി ഒഎന്‍വി കുറുപ്പ് വിടപറഞ്ഞിട്ട് നാലാണ്ട് പിന്നിട്ടു. പക്ഷേ പിന്നിട്ട വര്‍ഷങ്ങളിലെല്ലാം ഓരോ നിമിഷവും ഒഎന്‍വി കവിത മലയാള മനസില്‍ മരണമില്ലാതെ സ്പന്ദിച്ചുകൊണ്ടിരുന്നു. മനുഷ്യന്റെ അവസാനമില്ലാത്ത പോരാട്ടങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. മലയാള സാഹിത്യത്തിലെ എക്കാലവും ജീവിക്കുന്ന കാവ്യേതിഹാസമാകുന്നു ഒഎന്‍വി. മനുഷ്യനെയും പ്രകൃതിയെയും ഇത്രയേറെ സമഗ്രതയില്‍ ദര്‍ശിച്ച കവികള്‍ ഒഎന്‍വിയെപ്പോലെ നമുക്കേറെയില്ല.

“എവിടെയുമെനിക്കൊരു വീടുണ്ട്” എന്ന് ഒഎന്‍വി പ്രഖ്യാപിച്ചിട്ടുണ്ട്. അപരന്റെ ദാഹത്തിന് തന്റേതിനേക്കാള്‍ കരുണയും കരുതലുമുള്ള ആ വീടിന്റെ പൂമുഖത്തിരുന്ന് ഒഎന്‍വി പാടി: “ വിഹ്വല നിമിഷങ്ങളേ നിങ്ങളീ വീടൊഴിയുക, നിറവാര്‍ന്ന കേവലാഹ്ലാദമേ പോരിക” എവിടെയും വീടുണ്ടെങ്കിലും എല്ലാവരും ഹൃദയബന്ധുക്കളെങ്കിലും ഒന്നും തന്റേതല്ല എന്ന, ഉത്തമ കവികള്‍ക്കു മാത്രം സാക്ഷാത്‍ക്കരിക്കാനാവുന്ന ഒരു വിരക്തരതിയും ഒഎന്‍വിക്കവിത കാത്തുസൂക്ഷിച്ചു. “ഒന്നു,മെന്നാലെന്റേതല്ലെന്നുമറിയുന്നു” യഥാര്‍ത്ഥ ഭാരതീയദര്‍ശനത്തിന്റെ ഔപനിഷദികമായ ഒരു സാക്ഷാല്‍ക്കാരമാണിത്. “അനന്തംബതമേവിത്തം യുന്യാമേ നാസ്തികിഞ്ചന” (എന്റെ സമ്പത്തിനു അവസാനമില്ല; എന്നാല്‍ എന്റേതായി ഒന്നുമില്ല) ഭാരതീയതയുടെ പേരില്‍ ഫാസിസവും ഭീകരതയും ദുരയും ഹിംസയും വിഭാഗീയതയും അഴിഞ്ഞാടുന്ന കാലത്ത് ഒഎന്‍വിയുടെ ഈ ദര്‍ശനം ക്രാന്തദര്‍ശിത്വം തികഞ്ഞതാകുന്നു. കേരളീയമായിരിക്കുമ്പോള്‍തന്നെ ഭാരതീയമായിരിക്കുകയും സാര്‍വലൗകികമായ മാനവിക ബോധത്തിലേയ്ക്ക് വളരുകയും ചെയ്ത സമ്യക് ദര്‍ശനമായിരുന്നു ഒഎന്‍വിക്കവിത.

മനുഷ്യനുമായി ബന്ധപ്പെട്ട യാതൊന്നും ഒഎന്‍വിക്കവിതക്കന്യമായിരുന്നില്ല. നവോത്ഥാനാനന്തര മലയാള കവിതയിലും ജീവിതത്തിലും മനുഷ്യവര്‍ഗത്തിന്റെ ആത്യന്തിക വിമോചനത്തിനു വേണ്ടി നിരന്തരം പോരാടിയ കവിയായിരുന്നു ഒഎന്‍വി. തിരുവിതാംകൂറിനെ രാഷ്ട്രീയ പ്രക്ഷുബ്ധമാക്കിത്തീര്‍ത്ത അടിസ്ഥാനവര്‍ഗ മുന്നേറ്റങ്ങള്‍ക്കൊപ്പം നേരിട്ട് വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന പടയാളിയുമായിരുന്നു ഒഎന്‍വി. ആദ്യകാല കവിതകളും ഗാനങ്ങളുമെല്ലാം ആ വര്‍ഗ രാഷ്ട്രീയ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നു നേരിട്ടു പിറവികൊണ്ടവയാണ്. “പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ ആ മരത്തിന്‍ പൂന്തണലില്‍ വാടി നില്‍ക്കുന്നോളേ” എന്ന് കവി അഭിസംബോധന ചെയ്ത നിരാശ്രയയായ അടിസ്ഥാനവര്‍ഗ പെണ്‍കിടാവും ആ വര്‍ഗസമരങ്ങളില്‍ കണ്ടവളാണ്. അവള്‍ ഒഎന്‍വിയുടെ നിത്യവേദനയായിരുന്നു. അവള്‍ക്കുവേണ്ടി, അവള്‍ യഥാര്‍ത്ഥത്തില്‍ വിമോചിതയാവുന്ന വര്‍ഗസമരങ്ങളുടെ അന്തിമ വിജയത്തിനുവേണ്ടി, അവസാന ശ്വാസം വരെ അദ്ദേഹം വാക്കുകൊണ്ടും ജീവിതംകൊണ്ടും വിട്ടുവീഴ്ചയില്ലാതെ പോരാടി. ‘പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു, ഞാന്‍ പാടുന്നു’ എന്ന് ‘കോതമ്പുമണി‘കളിലും, ‘വല്ലായ്മയാര്‍ന്നൊരാ നില്പുമാ നോട്ടവും ചൊല്ലാതെ ചൊല്ലുന്നു നിന്‍ പെങ്ങളാണിവള്‍’ എന്ന് ‘പെങ്ങ’ളിലും കവി ആ നിരാശ്രയ വര്‍ഗ സ്ത്രീത്വത്തെ ചേര്‍ത്തുപിടിച്ചു നിന്നു.

സ്ത്രീകളും കീഴാളരും തൊഴിലാളികളുമടക്കം നിഷ്കാസിതരും അവഗണിതരുമായ അടിസ്ഥാന ജനവര്‍ഗത്തിന്റെ പക്ഷത്തായിരുന്നു എന്നും ഒഎന്‍വി. അധഃസ്ഥിതവര്‍ഗത്തിന്റെ വാക്കും സ്വപ്നവും ജീവിതവും ഉള്‍ച്ചേര്‍ത്ത് കവിതയെഴുതുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട പലതരം ജനതകള്‍ മുഖ്യധാരാ ജീവിതത്തിലേയ്ക്കു കയറിവരും എന്ന പുരോഗമന സാംസ്കാരിക രാഷ്ട്രീയം തന്റെ എഴുത്തു ജീവിതത്തിലുടനീളം ഒഎന്‍വി നിലനിര്‍ത്തി. ‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പെെങ്കിളിയേ’ എന്ന് ഒഎന്‍വി എഴുതിയ കാലത്ത് നമ്മുടെ വയലുകളൊന്നും അടിസ്ഥാന കര്‍ഷക ജനവര്‍ഗത്തിന്റേതായിരുന്നില്ല. ആ സ്വപ്നത്തിന്റെ പിന്നാലെയാണ് നമ്മുട വിമോചന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയവിജയം നേടിയതും പാവപ്പെട്ട വര്‍ഗങ്ങള്‍ക്ക് മണ്ണും ജീവിതവും നല്‍കിയ ഭൂപരിഷ്കരണ നിയമങ്ങള്‍ സൃഷ്ടിച്ചതും. തൊഴിലാളി കര്‍ഷകാദി വര്‍ഗ സമൂഹങ്ങളോടൊപ്പം ഉത്തമകാര്യ കമ്മ്യൂണിസ്റ്റായി, താരുണ്യാരംഭ കാലം മുതല്‍ അന്ത്യ നിമിഷം വരെ ഒഎന്‍വി നിതാന്ത ജാഗ്രതയോടെ, തളരാതെ നിന്നു പോരാടി. പോരാട്ട പ്രസ്ഥാനങ്ങള്‍ തളര്‍ന്ന ഘട്ടത്തിലെല്ലാം നീതിയുടെ പക്ഷത്തുറച്ചുനിന്ന് വര്‍ഗസമൂഹങ്ങള്‍ക്ക് പ്രത്യാശ നല്‍കി. “ചിതയില്‍ നിന്നു ഞാനുയിര്‍ത്തെഴുന്നേല്ക്കും ചിറകുകള്‍ പൂപോല്‍ വിടുര്‍ത്തെഴുന്നേല്ക്കും” “വരുമൊരുഷസ്സിന്റെ തേരുരുള്‍പ്പാട്ടിന്റെ ശ്രുതി” ചേര്‍ത്തു മാത്രം എന്നും പാടിയതുകൊണ്ട് തോല്‍ക്കാന്‍ മനസില്ലാത്ത കാവ്യ യോദ്ധാവായി എന്നും കവി യഥാര്‍ത്ഥ വിമോചനപ്പോരാളികള്‍ക്കൊപ്പം നിന്നു. അവസാന നാളുകളിലെഴുതിയ ഒരു കവിതയില്‍പ്പോലും താന്‍ മണ്ണടിഞ്ഞാല്‍ ആ മണ്ണില്‍ മുളയ്ക്കുന്ന വൃക്ഷത്തിന്റെ ചില്ലയില്‍ പക്ഷികള്‍ വരുംകാലത്തിന്റെ പ്രത്യാശകള്‍ പാടിക്കൊണ്ടിരിക്കും എന്ന് കവി ഉപദര്‍ശിക്കുന്നുണ്ട്.

“പാടുന്നു കാലമാം പൊന്നരയാലിന്റെ നീളുന്ന ചില്ലയില്‍ പക്ഷികള്‍, പിന്നെയും പായുന്ന തേരുകള്‍ നൗകകളാഗ്നേയ ബാണങ്ങള്‍, രക്തം തളംകെട്ടി നില്‍ക്കുന്ന വേദിയില്‍ ഗാന്ധാരി കേഴുന്നു; ഹാ, യുഗ വേദനകള്‍ വീണലിയുന്നു ഞങ്ങള്‍തന്‍— നാദകണങ്ങളില്‍, പാടുന്നു പക്ഷികള്‍” പക്ഷികള്‍ ഒഎന്‍വിക്കെന്നും പ്രിയപ്പെട്ട കാവ്രബിംബമായിരുന്നു. ആദ്യകാല കവിതകളിലൊന്നായ പക്ഷികളിലെ വരികളാണ് മുകളിലുദ്ധരിച്ചത്. ‘ശാര്‍ങ്ഗ പക്ഷികളി‘ലും ‘ഭൂമിക്കൊരു ചരമഗീത’ത്തിലും ഫീനിക്സിലുമെന്നല്ല അവസാനത്തെ കവിതയില്‍ വരെ ആ പക്ഷികള്‍ മനുഷ്യവര്‍ഗത്തിന്റെ പ്രത്യാശ പാടിക്കൊണ്ടിരിക്കുന്നു. അതിനാല്‍ മനുഷ്യവര്‍ഗത്തിന്റെ പ്രത്യാശയുടെ പാട്ടുകാരന് മരണമില്ല. ഒഎന്‍വിയുടെ വരികള്‍ തന്നെ അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയായി സമര്‍പ്പിച്ചുകൊള്ളട്ടെ. “ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു”.

Eng­lish sum­ma­ry: onv death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.