August 12, 2022 Friday

മരണമില്ലാത്ത മൂന്നക്ഷരം

വിജയ് സി എച്ച്
വിജയ് സി എച്ച്
February 9, 2020 6:18 am

സ്കൂൾ കലോത്സവങ്ങളിൽ പതിവായി ‘പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ… ആ മരത്തിൻ പൂന്തണലിൽ വാടിനിൽക്കുന്നോളേ…’ എന്ന ഗാനം കേട്ടപ്പോൾ, ഈ വരികളെക്കുറിച്ചു മലയാളം അദ്ധ്യാപകനോടു ഞാനൊരിക്കൽ ചോദിച്ചു. വാര്യർ മാഷിനെ കുട്ടികൾക്കൊക്കെ ഭയമായിരുന്നുവെങ്കിലും, മലയാളം പ്രബന്ധ മത്സരങ്ങളിൽ ഒന്നാമനാകുന്ന കുട്ടിയായതിനാൽ, അദ്ദേഹത്തോട് എനിക്ക് അൽപ്പം സ്വാതന്ത്യ്രമെടുക്കാൻ കഴിഞ്ഞിരുന്നു.

അങ്ങനെ, ഒഎൻവി കുറുപ്പ് എന്ന പേര് ഞാൻ ആദ്യമായി വാര്യർ മാഷിൽനിന്നു കേട്ടു! കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനുവേണ്ടി ഒഎൻവി എഴുതിയ ഗാനമാണിതെന്നും, ചന്ദ്രക്കല അരിവാളുപോലെയാണിരിക്കുന്നതെന്നും, പാടത്തു പണിയെടുത്തു വാടിനിൽക്കുന്ന പാവം പെണ്ണുങ്ങൾക്ക് എത്രകണ്ട് ഈ കാഴ്ച്ച സാന്ത്വനമേകുന്നുവെന്നും മറ്റും വാര്യർ മാഷ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചുതന്നത് ഇപ്പോഴും ഓര്‍ക്കുന്നു.

അന്നുമുതൽ ഇന്നുവരെ ഒഎൻവി സാറെനിക്കു സർഗ്ഗധനനായൊരു പാട്ടെഴുത്തുകാരൻ! എന്റെ മനസ്സിൽ പതിഞ്ഞ ആദ്യത്തെ ഗാനരചയിതാവ്! ആറു പതിറ്റാണ്ടു ദൈർഘ്യമുള്ള അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിനൊടുവിലും ഈ ചിന്താധാരക്ക് ഒരു മാറ്റവും സംഭവിച്ചില്ല! കണ്ടപ്പോഴൊക്കെയും ഞാൻ ചോദിച്ചറിഞ്ഞതും അദ്ദേഹമെഴുതിയ ഗാനങ്ങളെക്കുറിച്ചായിരുന്നു. ‘അഗ്നിശലഭങ്ങളും’, ‘ഭൂമിക്കൊരു ചരമഗീത’വും, ‘ഉജ്ജയിനി‘യും, ‘സൂര്യന്റെ മരണവും’ അദ്ദേഹം രചിച്ച ആത്മാവുള്ള കവിതകളോ കവിതാ സമാഹാരങ്ങളോ ആണെന്നതിൽ രണ്ടഭിപ്രായമില്ല.

എന്നാൽ, ‘എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺ‍കൊടീ, നിന്നെയും തേടി… ’ എന്നതു പോലെയൊ, ‘ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു… ’ എന്നതു പോലെയൊയുള്ള വരികളെഴുതിയ പാട്ടെഴുത്തുകാരനാണ് ഒഎൻവി സാർ എനിക്കെന്നും! ‘തോന്ന്യാക്ഷരങ്ങ’ളും, ‘ശാര്‍ങ്ഗകപ്പക്ഷികളും’, ‘കറുത്ത പക്ഷിയുടെ പാട്ടും’, അദ്ദേഹമെനിക്കു സമ്മാനമായിത്തന്നത് (Author’s Copy) മുഴുവനായി ഇപ്പോഴും വായിച്ചു തീർന്നില്ലയെന്നത് ഒഎൻവിയെന്ന മഹാകവിയോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, മറിച്ചു അദ്ദേഹത്തെ ഒരു ഗാനരചയിതാവായേ എനിക്കു തിരിച്ചറിയുവാൻ കഴിഞ്ഞുള്ളൂവെന്ന എന്റെ ചിന്താപരമായ പരിമിതികൊണ്ടാണ്.

ജീവിതത്തിൽ ഏറെ കാലം മലയാള മണ്ണിൽനിന്നകന്നു കഴിയേണ്ടിവന്ന എനിക്കു മുപ്പതു കൊല്ലമെങ്കിലും കൂട്ടിരുന്നത് ഒഎൻവി സാർ ‘ചില്ല്’ എന്ന സിനിമക്കുവേണ്ടി 1981‑ൽ എഴുതിയ ‘ഒരു വട്ടം കൂടി എൻ ഓർ‍മ്മകൾ‍ മേയുന്ന തിരുമുറ്റത്തെത്തുവാൻ‍ മോഹം… ’ എന്നു തുടങ്ങുന്ന ഗാനമാണ്. തീവ്രമായ ഗൃഹാതുരത്വം ഉണർത്തുമ്പോഴും ശ്രോതാവിനെ അയാളുടെ പുരയിലും പുരയിടത്തിലും തന്നെ നിർത്തി, നെല്ലിക്കയും, അടരുന്ന കായ് മണികളും, കിണർവെള്ളവും, ഉച്ചത്തിൽ‍ കൂകുന്ന കുയിലിനേയും യഥേഷ്ടം നൽകി ഒന്നും നഷ്ടമായില്ലെന്നു ഉള്ളറിഞ്ഞു ബോധ്യപ്പെടുത്താൻ ഒഎൻവി സാറിനല്ലാതെ മറ്റാർക്കാണു കഴിയുക! ഈ ഗാനം മൂന്നു ദശാബ്ദം ഞാൻ ശ്വസിച്ച പ്രാണവായു! എല്ലാവരും എന്നും പാടുന്ന ആയിരം ഗാനമെങ്കിലും രചിച്ച ഒഎൻവി സാറിന്റെ ഏറ്റവും മികവുറ്റ സൃഷ്ടി ഏതെന്നു ചോദിക്കുന്നത് ശ്രോതാക്കളിൽ അമ്പരപ്പുണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഭാഷാലാളിത്യവും, കാവ്യഭംഗിയും, ദൃശ്യചാരുതയും, പ്രകൃതിഔപമ്യവും പരാമർശ ഉരക്കല്ലുകളായെടുത്ത്, ഞാനൊരിക്കൽ ഈ ചോദ്യത്തിന് ഉത്തരമന്വേഷിച്ചിട്ടുണ്ട്.

വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ… അതിലോലമെൻ ഇടനാഴിയിൽ‍ നിൻ കളമധുരമാം കാലൊച്ച കേട്ടു… മധുരമാം കാലൊച്ച കേട്ടു… 1987‑ൽ, ‘ഇടനാഴിയിൽ ഒരു കാലൊച്ച’യ്ക്കുവേണ്ടി ഒഎൻവി എഴുതിയ വരികളാണിവ. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ, ആലാപനം, ദാസേട്ടനും ചിത്രയും. ഈ ഗാനം ഭാഷാലാളിത്യന് ദൃഷ്ടാന്തമാണെങ്കിലും, ഒരു പദപ്രയോഗം മാത്രം എടുത്തു പറയട്ടെ. ഈ ഗാനത്തിൽ ‘തന്തി‘യിൽ എന്ന് അദ്ദേഹമെഴുതിയത്, ‘തന്തി’ എന്ന പദത്തിന് ഒരർത്ഥം മാത്രമേയുള്ളൂവെന്നതിനാലും, അതുതന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്ന പദമെന്നതുകൊണ്ടുമാണ്! വീണയുടെ കമ്പിപോലെ, ഹൃദയത്തിൻറെ ഞാൺ. അതിൽ വിരൽ‍തൊടുമ്പോഴുള്ള മൃദുലമായ നിസ്വനം! ‘തന്ത്രി‘യെന്നാൽ, രണ്ടർത്ഥമുണ്ട്. രണ്ടാമത്തെ അർത്ഥമായ ക്ഷേത്രത്തിൽ തന്ത്രംകഴിക്കുന്ന പൂജാരിയായി ഈ പദം ശ്രോതാക്കൾ തെറ്റിദ്ധരിക്കരുതെന്ന് ഒഎൻവി സാറിനു നിർബന്ധമുണ്ടായിരുന്നു. ഹൃദയത്തിനും ഒരു പൂജാരി ഉണ്ടാകാമല്ലൊ! ഒഎൻവി സാർ ഏറെ ശ്രദ്ധിച്ചു തിരഞ്ഞെടുത്തു ഉപയോഗിച്ച ‘തന്തി‘യെ, ‘തന്ത്രി‘യെന്നു പലരും തെറ്റി മനസ്സിലാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദാസേട്ടനും ചിത്രയും അക്ഷരസ്ഫുടതയോടെ ‘തന്തി‘യെന്നു പാടുന്നത് ഏറെ തൻമയത്തത്തോടെയാണ്! ഈ പാട്ടിലെ ഓരോ സൗമ്യമധുരമായ വരിയും അതു കേൾക്കുന്നവന്റെ ഉള്ളിൽ കാവ്യഭംഗികൊണ്ടു കുളിരുകോരിയിടുന്നതാണെങ്കിൽ, വാതിൽപ്പഴുതിലൂടെ കുങ്കുമം വിതറുന്ന ത്രിസന്ധ്യയും, ഇറ്റു വീഴുന്ന ജലകണം ഇലകളിൽ മനോഹരമായി ചിന്നിച്ചിതറുന്നതും, ഹിമബിന്ദുവാൽ മൂടപ്പെട്ട പൂവിനെ പുണരാൻ മല്ലിടുന്ന മധുപനും, കളമെഴുതുന്ന നിഴലുകളും ഒഎൻവി സാറിനുമാത്രം വരച്ചിടാൻ കഴിയുന്ന ചില ദൃശ്യചാരുതകളാണ്! കാട്ടുപൂക്കളിലെ ‘മാണിക്യവീണയും’, മദനോത്സവത്തിലെ ‘സാഗരമേ ശാന്തമാകു നീ‘യും, നീയെത്ര ധന്യയിലെ ‘അരികിൽ നീയുണ്ടായിരുന്നെങ്കി‘ലും, ആരണ്യകത്തിലെ ‘ആത്മാവിൽ മുട്ടിവിളിച്ചതും’, നഖക്ഷതങ്ങളിലെ ‘മഞ്ഞൾ പ്രസാദവും’, വൈശാലിയിലെ ‘ഇന്ദുപുഷ്പ’വും കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു ശ്രോതാവിന്റെ കൂടെ എന്നുമുണ്ടാകുമെന്നുറപ്പുള്ള ചില രചനകൾ. മികച്ച ഗാനരചയിതാവിനുള്ള പതിനാലു സംസ്ഥാന പുരസ്കാരങ്ങൾ അതിനാൽ തികച്ചും സ്വാഭാവികം. ഈ പുരസ്കാരം അഞ്ചു പ്രാവശ്യത്തിനുമേൽ മലയാള ചലച്ചിത്ര ചരിത്രത്തിലാരും നേടിയിട്ടില്ല. ഗാനങ്ങളെഴുതി പ്രശസ്തനായ മറ്റൊരു ജ്ഞാനപീഠജേതാവും കേരളക്കരയിൽ ഉണ്ടായിട്ടുമില്ല. ഗാനാസ്വാദകനുമേൽ ഒഎൻവി സാർ ആധിപത്യം സ്ഥാപിച്ചത് കവിത്വംകൊണ്ടു മാത്രമായിരുന്നു. അക്ഷരങ്ങൾക്ക് അവാച്യമായ അർത്ഥങ്ങളുണ്ടെന്ന് അദ്ദേഹം അനുവാചകനെ സദാ ബോധ്യപ്പെടുത്തി. കടുപ്പമുളള ഒരു പദവും എവിടെയും ഉപയോഗിച്ചില്ലതാനും. പ്രകൃതിയിൽ നാം നിത്യേന കാണുന്നതിലെല്ലാം ഇത്രയും കാവ്യസൗന്ദര്യമുണ്ടെന്ന് നമ്മുടെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു കവിയുണ്ടോ? അദ്ദേഹത്തിന്റെ ചിരിപോലെ, വരികളും ജനപ്രിയമാകാനുള്ള കാരണവും മറ്റൊന്നല്ല. ഗാനങ്ങളെപ്പോലെ അദ്ദേഹത്തിന്റെ സംഭാഷണ രീതിയും വളരെ സരളവും മനം കവരുന്നതുമായിരുന്നു. എല്ലാം ലളിതം, പ്രകൃതിപോലെ സുതാര്യം! ഒന്നര മണിക്കൂറിനുശേഷം ഞങ്ങളുടെ അദ്യ അഭിമുഖം മറ്റൊരു തിരക്കുമൂലം അദ്ദേഹം അവസാനിപ്പിച്ചപ്പോൾ, കുടിച്ചുകൊണ്ടിരുന്ന പാൽപായസം പെട്ടെന്നു തീർന്നുപോയ നിരാശയായിരുന്നു എനിക്ക്! രണ്ടാം തവണ കണ്ടപ്പോൾ കൊതിതീരെ കേട്ടിരിക്കാൻ സാധിച്ചു. കൂടാതെ, കോട്ടൺ ഹില്ലിലെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ഞങ്ങൾ കാൽനടയായി സഞ്ചരിച്ചു തലസ്ഥാന നഗരിയിലെ പല പുസ്തകക്കടകളും സന്ദർശിച്ചു. രണ്ടു പ്രാവശ്യം കാപ്പി കുടിച്ചു. ഈ ഓർമ്മയും, ‘സ്നേഹിച്ചു തീരാത്തവർ’ രചിച്ചയാളിനെപ്പോലെ, മരണമില്ലാത്ത മൂന്നക്ഷരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.