Tuesday
19 Feb 2019

മലയാളത്തിന്റെ വരപ്രസാദമായ ഒഎന്‍വി

By: Web Desk | Monday 12 February 2018 1:03 AM IST

ഭരതന്നൂര്‍
ഡോ. സി വസന്തകുമാരന്‍

സാംസ്‌കാരിക കേരളത്തില്‍ തനത് കാവ്യസപര്യയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ കവിയാണ് ഒഎന്‍വി എന്ന ചുരുക്കപേരിലറിയപ്പെടുന്ന ഒറ്റപ്ലാക്കന്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ്. അദ്ദേഹം കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കന്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മൂന്ന് മക്കളില്‍ ഇളയ മകനായി 1931 മെയ് 27-ാം തീയതി ജനിക്കുകയും 2016 ഫെബ്രുവരി 13-ാം തീയതി മരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ആദ്യപേര് ‘പരമേശ്വരന്‍’ എന്നും ഓമനപ്പേര് ‘അപ്പു’ എന്നും ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌കൂള്‍ അഡ്മിഷന്‍ സമയത്ത് മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത്. അങ്ങനെ അച്ഛന്റെ ഇനിഷ്യലും മുത്തച്ഛന്റെ പേരും ചേര്‍ന്ന് പരമേശ്വരന്‍ എന്ന അപ്പു സ്‌കൂളില്‍ ഒ എന്‍ വേലുക്കുറുപ്പായി മാറി. പില്‍ക്കാലത്ത് അദ്ദേഹം സഹൃദയര്‍ക്ക് പ്രിയങ്കരനായ ഒഎന്‍വി ആയിത്തീര്‍ന്നു. അദ്ദേഹം കോളജ് അധ്യാപകനായും വിവിധ കോളജുകളിലെ മലയാള വിഭാഗം തലവനായും കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയും നിസ്തുലമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിലുള്ള പത്താംതരത്തിലെ കേരള പാഠാവലി മലയാളം ഭാഗം -2 ലെ ”മൈക്കലാഞ്ജലോ, മാപ്പ്” എന്ന പാഠം ലോകത്തിലെ മഹോന്നത കലാസൃഷ്ടികളിലൊന്നായ മൈക്കലാഞ്ജലോയുടെ ‘ലാ പിയത്ത’ എന്ന ശില്‍പത്തിന്റെ നേര്‍ക്ക് 1972 മെയ് 21-ാം തീയതി മയക്കുമരുന്നിന്റെ ഉന്‍മാദം ബാധിച്ച ഒരു ചെറുപ്പക്കാരന്‍ ചുറ്റികകൊണ്ട് നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള പത്രവാര്‍ത്തയില്‍ നിന്നും രൂപപ്പെട്ട ഒഎന്‍വിയുടെ അതിമനോഹരമായ കവിതയാണ്. ഒരു ചലനവും ഒരു നോട്ടവും ഒരു കണ്ണീര്‍തുള്ളിയും സ്‌നേഹസങ്കട സന്ദേഹങ്ങളുമെല്ലാം ഒരു സര്‍ഗരചനയ്ക്ക് പ്രേരകമാകാമെന്ന സാമാന്യ സാഹിത്യ തത്വത്തോടൊപ്പം ചേര്‍ത്തുവയ്ക്കുന്നതാണ് ഈ കവിതയുടെ രചന. ഒരേസമയം സംഗീതാത്മകവും അര്‍ഥത്തിന്റെ ഭംഗിയും സമ്മേളിക്കുന്ന ഈ മനോഹരകവിത ആനന്ദവും അറിവും നല്‍കുന്നതിനോടൊപ്പം ഏവരെയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. കൂടാതെ വര്‍ത്തമാന കാലത്തിന്റെ ഭ്രാന്തമായ പ്രതികരണത്തിന്റെ പ്രതീകം പോലെ കടന്നുവരുന്ന ചെറുപ്പക്കാരനും അവന്റെ ചെയ്തിയും ആ ശില്‍പഭംഗിയെ തച്ചുടയ്ക്കുന്നു. ശില്‍പിയുടെ ചുറ്റിക കല്ലിന് ജീവന്‍ നല്‍കിയപ്പോള്‍ പുതുകാലത്തിന്റെ ചുറ്റികയുടെ ഭ്രാന്തിന് കവിക്ക് മാപ്പുപറയാന്‍ മാത്രമേ സാധിക്കുന്നുള്ളു. ചുരുക്കത്തില്‍ കവിതയുടെ പ്രമേയം, മാനവികത, ആവിഷ്‌കാരഭംഗി, സവിശേഷപ്രയോഗങ്ങള്‍, സമകാലിക പ്രസക്തി എന്നിവ ഒഎന്‍വിയുടെ അനിതരസാധാരണമായ സര്‍ഗവൈഭവത്തെ വിളിച്ചോതുന്നു.
വിദ്യാഭ്യാസം
അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത് കൊല്ലത്തായിരുന്നു. തുടര്‍ന്ന് ശങ്കരമംഗലം ഹൈസ്‌കൂളില്‍ പഠനം നടത്തി. 1948-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ഇന്റര്‍മീഡിയേറ്റ് പാസായ ഒഎന്‍വി കൊല്ലം എസ്എന്‍ കോളജില്‍ ബിരുദപഠനത്തിനായി ചേരുകയും 1952-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുക്കുകയും ചെയ്തു. അതിനുശേഷം 1955-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ശ്രീമതി സരോജിനിയാണ് സഹധര്‍മിണി.
ഔദേ്യാഗിക മേഖലകള്‍
എറണാകുളം മഹാരാജാസ് കോളജില്‍ 1957 മുതല്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും തലശേരി ഗവ. ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലും മലയാള വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986 മെയ് 31-ാം തീയതി ഔദേ്യാഗിക ജീവിതത്തില്‍ വിരമിച്ചെങ്കിലും തുടര്‍ന്ന് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയുടെ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. കൂടാതെ കുട്ടികളുടെ ദ്വൈവാരികയായ ‘തത്തമ്മ’യുടെ മുഖ്യപത്രാധിപരായും തന്റെ കര്‍മവീഥിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്രസാഹിത്യ അക്കാഡമി അംഗം, കേരള സാഹിത്യ അക്കാഡമി അംഗം, ഇന്ത്യന്‍ പ്രോഗസീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യുകെ, കിഴക്കന്‍ യൂറോപ്പ്, യുഗോസ്‌ളോവ്യ, സോവിയറ്റ് യൂണിയന്‍, അമേരിക്ക, ജര്‍മനി, സിംഗപ്പൂര്‍, മാസിഡോണിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നീ വിദേശ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
കാവ്യജീവിതം
അദ്ദേഹം വിദ്യാര്‍ഥി ആയിരിക്കുന്ന 15-ാം വയസിലാണ് ആദ്യകവിതയായ ‘മുന്നോട്ട്’ എഴുതുന്നത്. 1949ല്‍ പുറത്തിറക്കിയ ‘പൊരുതുന്ന സൗന്ദര്യം’ ആണ് ആദ്യത്തെ കവിതാസമാഹാരം. ആദ്യം ‘ബാലമുരളി’ എന്ന പേരില്‍ പാട്ടെഴുതിയിരുന്ന ഒഎന്‍വി ‘ഗുരുവായൂരപ്പന്‍’ എന്ന ചലച്ചിത്രം മുതലാണ് ഒഎന്‍വി എന്ന പേരില്‍ തന്നെ ഗാനങ്ങള്‍ എഴുതുവാന്‍ ആരംഭിച്ചത്. 1987-ല്‍ മാസിഡോണിയയിലെ സ്ട്രൂഗ അന്തര്‍ദേശിയ കാവേ്യാത്സവത്തില്‍ ഭാരതീയ കവിതയെ അദ്ദേഹം പ്രിതിനിധാനം ചെയ്തിട്ടുണ്ട്.
പ്രധാന കൃതികള്‍
കവിതാസമാഹാരങ്ങള്‍ പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരുതുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്നി, അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാരങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നാരം, സ്‌നേഹിച്ച് തീരാത്തവര്‍, സ്വയംവരം, അര്‍ദ്ധവിരാമകള്‍, ദിനാന്തം, സൂര്യന്റെ മരണം.
സാഹിത്യരംഗത്തെ അംഗീകാരം
ആറ് പതിറ്റാണ്ട് ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ അദ്ദേഹത്തിന് പത്മശ്രീ അവാര്‍ഡും 2007-ല്‍ ഇന്ത്യയിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം അവാര്‍ഡ് ഒഎന്‍വിക്ക് ലഭിച്ചു. 2011ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.
ഇതര പുരസ്‌കാരങ്ങള്‍
1971-ല്‍ കേരള സാഹീത്യ അക്കാഡമി പുരസ്‌കാരം അഗ്നിശലഭങ്ങള്‍ എന്ന കൃതിക്ക് അദ്ദേഹത്തിന് ലഭിച്ചു. 1975-ല്‍ ‘അക്ഷരം’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കരം, 1981-ല്‍ ‘ഉപ്പ്’ എന്ന കൃതിക്ക് സോവിയറ്റ് ലാന്‍സ് നെഹ്‌റു പുരസ്‌കാരം 1982-ല്‍ ‘ഉപ്പ്’ എന്ന കൃതിക്ക് വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം, 1993-ല്‍ ‘ശാരങ്ഗകപ്പക്ഷികള്‍’ എന്ന കൃതിക്ക് ആശാന്‍ പുരസ്‌കാരം, 2003-ല്‍ ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം 2007-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ‘കറുത്തപക്ഷിയുടെ പാട്ട്’ എന്ന കൃതിക്ക് പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം, ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിക്ക് വിശ്വദീപ പുരസ്‌കാരം, ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിക്ക് വിശ്വദീപ പുരസ്‌കാരം, ‘ശാര്‍ങ്ഗക പക്ഷികള്‍’ എന്ന കൃതിക്ക് മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ‘അപരാഹ്നം’ എന്ന കൃതിക്ക് ആശാന്‍ പ്രൈസ് ഫോര്‍ പൊയട്രി; ‘ഉജ്ജയിനി’ എന്ന കൃതിക്ക് പാട്യം ഗോപാലന്‍ അവാര്‍ഡ്, ‘മൃഗയ’ എന്ന കൃതിക്ക് ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ ചങ്ങമ്പുഴ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത്ത് അവാര്‍ഡ്, ഖുറം ജോഷ്വാ അവാര്‍ഡ്, എന്നിവയും ഒഎന്‍വിക്ക് ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖലയിലെ അംഗീകാരങ്ങള്‍
1989-ല്‍ ‘വൈശാലി’ എന്ന ചിത്രത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒഎന്‍വിക്ക് ലഭിച്ചു. 1973-ല്‍ അദ്ദേഹത്തിന് ‘സ്വപ്‌നാടനം’ എന്ന ചിത്രത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ആലിംഗനം (1976), മദനനോത്സവം (1977), ഉള്‍ക്കടല്‍ (1979), യാഗം, അമ്മയും മകളും (1980), ആദാമിന്റെ വാരിയെല്ല് (1938), അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984), നഖക്ഷതങ്ങള്‍ (1986), മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ (1987), വൈശാലി (1988), ഒരു സായാഹ്നത്തിന്റെ സ്വപ്‌നത്തില്‍, പുറപ്പാട് (1989), രാധാമാധവം (1990), ഗുല്‍മോഹന്‍ (2008) എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒഎന്‍വിക്ക് ലഭിച്ചു. മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം. 2009-ല്‍ ‘പഴശ്ശിരാജ’ എന്ന ചലച്ചിത്രത്തിലെ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു.
ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍
2001-ല്‍ ‘മേഘമല്‍ഹര്‍’ എന്ന ചലച്ചിത്രത്തിനും 2002-ല്‍ ‘എന്റെ ഹൃദയത്തിന്റെ ഉടമ’ എന്ന ചലച്ചിത്രത്തിനും മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.
2007-ല്‍ കേരള സര്‍വകലാശാലയുടെ ഡോക്ടറേറ്റും 2009-ല്‍ രാമാശ്രമം ട്രസ്റ്റ് പുരസ്‌കാരവും അദ്ദേഹനത്തിന് ലഭിക്കുകയുണ്ടായി.