ഗൂഗിളില്‍ എല്ലാം വ്യത്യസ്തം!!! നെഹ്‌റുവിന് പകരം മോഡി

Web Desk
Posted on April 26, 2018, 2:08 pm

ദില്ലി: ഗൂഗിള്‍ സെര്‍ച്ചില്‍ വിവരങ്ങൾ എല്ലാം നമുക്ക്  വിരൽത്തുമ്പിൽ   ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ നമുക്ക് ലഭിക്കുന്ന വിവരങ്ങൾ എല്ലാം കൃത്യമാണോ ? കൃത്യമായ ഒരുത്തരം നമുക്ക് നൽകാൻ  കഴിയില്ല. എന്നാൽ ഗൂഗിളിനെ കണ്ണടച്ച് വിശ്വസിക്കാൻ വരട്ടെ. ഗൂഗിളി ന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാല്‍ നമുക്ക് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് പെട്ടെന്ന് തന്നെ ഉത്തരം പറയാന്‍ സാധിക്കും. നെഹ്‌റുവിന്റെ കുപ്പായത്തിലെ റോസാപ്പൂവും ആ തൊപ്പിയും അദ്ദേഹത്തിന്റെ ചിത്രവും നമുക്ക് പെട്ടെന്ന് തിരിച്ചറിയുവാൻ  സാധിക്കും. എന്നാല്‍ ഗൂഗിളിന്റെ കാര്യത്തില്‍ ഇത് കൃത്യമായി സംഭവിച്ചോളണമെന്നില്ല.  ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന ഗൂഗിള്‍ സെര്‍ച്ചിന് വരുന്നത് നെഹ്‌റുവിന്റെ പേരാണെങ്കിലും ചിത്രം വരുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോഡിയുടേതാണ്.

എന്തായാലും ഈ അബദ്ധമൊന്നും ഗൂഗിളിന് മനസിലായിട്ടില്ല. ഗൂഗിളിന് പറ്റിയ അമളി സോഷ്യല്‍ മീഡീയ ഏറ്റെടുത്തു കഴിഞ്ഞു. ഗൂഗിളിന് നിരവധി പരിഹാസങ്ങളും ട്രോളുകളുമാണ് ഈ അബദ്ധത്തെ തുടര്‍ന്ന് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം യൂസര്‍ എന്ന യുവാവ്  ഇക്കാര്യം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഗൂഗിളിന് പറ്റിയ അബദ്ധം പുറം ലോകമറിഞ്ഞത്. പലവിധ അഭിപ്രായങ്ങളും ഇതിനെ തുടര്‍ന്നുണ്ടായി. ഇതില്‍ ഗൂഢാലോചന ഉണ്ടെന്ന് വരെ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു മണ്ടത്തരം ഗൂഗിള്‍ കാണിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് വരെ ചിലര്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം ഗൂഗിള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സാങ്കേതിക പ്രശ്‌നമാണ് ഇത്തരമൊരു ചിത്രം മാറിപ്പോയതിന് പിന്നിലെന്നാണ് സൂചന.