16 April 2024, Tuesday

Related news

April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 11, 2024

അങ്കം മുറുകി; നേതൃത്വത്തിനെതിരെ ഉമ്മന്‍ ചാണ്ടി — രമേശ് സഖ്യം, വിട്ടുവീഴ്ചയില്ലെന്ന് സതീശന്‍

സ്വന്തം ലേഖകര്‍
കോട്ടയം/കോഴിക്കോട്
September 3, 2021 10:31 pm

ഡിസിസി അധ്യക്ഷ പദവിയെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖങ്ങള്‍ക്കും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും വഴി തുറന്നു. പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദത്തെ പരസ്യമായി തളളിയും രൂക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ ചാണ്ടി — രമേശ് സഖ്യം രംഗത്തെത്തി. പുതുതായി രൂപം കൊണ്ട സുധാകര-സതീശ‑വേണുഗോപാല്‍ അച്ചുതണ്ടിനെതിരേയുളള സംയുക്ത പോരാട്ടത്തിന് ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തന്നെ ഇന്നലെ തുടക്കമായി.

ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് നേതൃത്വത്തിനെതിരേ പോരാട്ടംതന്നെയെന്ന നിലപാട് എ, ഐ ഗ്രൂപ്പുകള്‍ ആവര്‍ത്തിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല രൂക്ഷമായാണ് നേതൃത്വത്തെ വിമര്‍ശിച്ചത്. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നു പറഞ്ഞ് ആരും കണ്ണടയ്‌ക്കേണ്ടന്ന് പറഞ്ഞ രമേശ് അധികാരം കിട്ടിയാല്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നല്കി.

തനിക്ക് അനഭിമതനായ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ലെങ്കിലും എ ഗ്രൂപ്പിന്റെ നിലപാട് അദ്ദേഹത്തിന്റെ വിശ്വസ്തനായ കെ സി ജോസഫ് വ്യക്തമാക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ എഴുതിത്തളളാന്‍ ആരും വളര്‍ന്നിട്ടില്ലെന്നായിരുന്നു കെ സി ജോസഫിന്റെ പരാമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയില്‍ ചാര്‍ത്താനുളള ചിലരുടെ ശ്രമം വിലപ്പോകില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കിയത് എ‑ഐ ഗ്രൂപ്പുകളുടെ സംയുക്ത പേരാട്ടമാണ് ഇനി വരുന്നതെന്ന വ്യക്തമായ സൂചനയായി.
ഇതിനിടെ എല്ലാവരും ഒരുമിച്ച് പോകണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നിലപാട് ശ്രദ്ധേയമായി. എ ഗ്രൂപ്പില്‍ നിന്നും തിരുവഞ്ചൂര്‍ മാറിയെന്ന പ്രചരണങ്ങള്‍ നിലനില്‍ക്കേയാണ് തിരുവഞ്ചൂരിന്റെ സമീപനം.

താന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണെന്ന് തിരുവഞ്ചൂര്‍ ആവര്‍ത്തിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന രണ്ട് പ്രബല ഗ്രൂപ്പുകളെ ദുര്‍ബലമാക്കി പുതിയ ചേരി ശക്തിപ്പെട്ടതോടെയാണ് എ‑ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം ആരംഭിച്ചത്. എ കെ ആന്റണിയില്‍നിന്ന് തുടങ്ങി ഉമ്മന്‍ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പും ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പുമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കൈകോര്‍ക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ പ്രഖ്യാപിച്ചത്. ഡിസിസി പ്രസിഡന്റ് നിയമനത്തിലുണ്ടായ അവഗണന സംസ്ഥാന ഭാരവാഹി പട്ടികയില്‍ ആവര്‍ത്തിക്കുന്നത് തടയുകയെന്ന ലക്ഷ്യം കൂടി എ‑ഐ വിഭാഗങ്ങളുടെ ഒന്നിക്കലിന് പിന്നിലുണ്ടെന്നാണ് നിഗമനം.

അതേസമയം വിട്ടുവീഴ്ചയില്ലെന്ന സൂചന ഇന്നലെയും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നല്കി. ആള്‍ക്കൂട്ടമെന്ന അവസ്ഥയില്‍ നിന്ന് ആശയത്തിന്റെ അടിസ്ഥാനത്തില്‍ സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റുകയാണ് ലക്ഷ്യം. പാര്‍ട്ടിയാകുമ്പോള്‍ നിയന്ത്രണം ആവശ്യമാണ്. കൃത്യമായ ഒരു ചട്ടക്കൂട് വേണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ഞാന്‍ കാലണ അംഗം: എന്നെ കേള്‍ക്കേണ്ട, ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്താനാകില്ല
കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല, ഞാന്‍ കാലണ അംഗം മാത്രമാണ്, പക്ഷേ ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയും വര്‍ക്കിങ് കമ്മറ്റി അംഗവുമാണെന്നും അദ്ദേഹത്തോട് ചര്‍ച്ച ചെയ്യേണ്ട ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് നിര്‍ത്താനുളള ബാധ്യതയാണ് നേതൃത്വത്തില്‍ നിന്നും ഉണ്ടാകേണ്ടത്.

64 വയസുളള ഞാന്‍ മുതിര്‍ന്ന നേതാവായി എന്നു പറയുന്നവര്‍ക്ക് 75 വയസുണ്ടെന്ന് ചെന്നിത്തല പരിഹസിച്ചു. 17 വര്‍ഷം ഞാനും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. ഈ കാലയളവില്‍ മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി.
വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്കാണ് ഞങ്ങള്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോയത്. അച്ചടക്കത്തെപ്പറ്റി പറയുന്നവരുടെ മുന്‍കാല പ്രാബല്യം നോക്കിയാല്‍ ആരൊക്കെ കോണ്‍ഗ്രസില്‍ കാണുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

അച്ചടക്കം വണ്‍വേ ട്രാഫിക്

കോണ്‍ഗ്രസില്‍ അച്ചടക്കം വണ്‍വേ ട്രാഫിക് ആകുന്നത് ശരിയല്ലെന്ന് കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി പാര്‍ട്ടി വിടാന്‍ പറഞ്ഞ മഹാന്‍ ഉണ്ട്. അദേഹത്തോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയിട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ആരും വിശദീകരണം ചോദിക്കാന്‍ തയാറായില്ല. അച്ചടക്കം പറഞ്ഞ് ചിലര്‍ക്കെതിരേ മാത്രം നടപടി എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മെയ് രണ്ട് വരെ മികച്ച പ്രതിപക്ഷ നേതാവായിരുന്നു രമേശ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ചിലര്‍ക്ക് രമേശ് മോശം പ്രതിപക്ഷ നേതാവായെന്നും ജോസഫ് പറഞ്ഞു.

 

ENGLISH SUMMARY:Oommen Chandy-Ramesh alliance against lead­er­ship, Satheesan says no compromise
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.