Janayugom Online
2014 സെപ്റ്റംബർ 5ന് നടന്ന എം ജി സർവകലാശാല അദാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

എംജിയിൽ അദാലത്തിന് തുടക്കമിട്ടത് ഉമ്മൻചാണ്ടി; കള്ളക്കഥ മെനഞ്ഞത് യുഡിഎഫിന് വിനയായി

Web Desk
Posted on October 18, 2019, 10:19 pm

സ്വന്തം ലേഖകൻ
കൊച്ചി :സർവകലാശാല അദാലത്തിന്റെ പേരിൽ മന്ത്രി ഡോ. കെ ടി ജലീലിനെ കുടുക്കാൻ മെന‍ഞ്ഞ രാഷ്ട്രീയ തന്ത്രം യുഡിഎഫിനെ തിരിഞ്ഞു കുത്തുന്നു. കേരളത്തിലെ സർവകലാശാലകളിൽ ഫയൽ അദാലത്ത് ആരംഭിച്ചതു തന്നെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണെന്ന് രേഖകൾ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ജലീൽ എംജി സർവകലാശാലയിൽ അദാലത്ത് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തതും പ്രൈവറ്റ് സെക്രട്ടറിയെ പങ്കെടുപ്പിച്ചതും അപരാധമാണെന്ന മട്ടിലായിരുന്നു യുഡിഎഫ് പ്രചാരണം. എന്നാൽ 2014 സെപ്തംബർ 5ന് വിദ്യാർഥി സമ്പർക്ക പരിപാടി എന്ന പേരിൽ എം ജി സർവകലാശാല അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യന്തം പങ്കെടുത്ത് നടത്തിയ അദാലത്തിൽ നിരവധി പരാതികൾക്ക് തീർപ്പ് കൽപ്പിച്ച് ഉത്തരവിട്ടുവെന്നതിന്റെ രേഖകളാണ് പുറത്തുവന്നത്.

എൻഎസ്എസ്/എൻസിസി അംഗങ്ങളായ വിദ്യാർഥികളുടെ ഗ്രേഡ് മാർക്ക്, സിലബസ് മാറിയതിനാൽ മേഴ്സി ചാൻസ് പരീക്ഷ, തടഞ്ഞുവച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകൾ വിട്ടു കിട്ടൽ, മോഡറേഷൻ അനുവദിക്കുക, റിവാല്യുവേഷൻ, പ്രവേശന നടപടികൾ പൂർത്തിയായ ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ പ്രവേശനം എന്നിങ്ങനെയുള്ള നിരവധി അപേക്ഷകളാണ് അന്ന് ഉമ്മൻചാണ്ടി നേരിട്ടു കേട്ട് പരിഹരിച്ചത്. ഡോ. ബാബു സെബാസ്റ്റ്യനായിരുന്നു അന്ന് വൈസ് ചാൻസലർ. ഡോ. ഷീന ഷുക്കൂർ പ്രോ-വൈസ് ചാൻസലറും. ഇരുവരും അന്ന് വേദിയിൽ ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

എം ജി യൂണിവേഴ്സിറ്റി ആക്ടിലെ ചാപ്റ്റർ 3 പ്രകാരം ചാൻസലർ എന്ന നിലയിൽ ഗവർണറും പ്രോ-ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുമാണ് സർവകലാശാലയുടെ അധികാരികൾ. ഇവർ സിൻഡിക്കേറ്റിലും സെനറ്റിലും അംഗങ്ങളുമാണ്. എന്നാൽ ആക്ട് പ്രകാരം മുഖ്യമന്ത്രിയ്ക്ക് സർവകലാശാല ഭരണത്തിൽ അധികാരങ്ങൾ ഒന്നുമില്ല. വസ്തുത ഇതായിരിക്കെയാണ് ഉമ്മൻചാണ്ടി അദാലത്തിൽ പങ്കെടുത്തതും മോഡറേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കി ഉത്തരവിറക്കിയതും. അക്കാഡമിക് കാര്യങ്ങളിൽ ചാൻസലറുടെ അഭാവത്തിൽ പ്രോ. ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ചാൻസലറിൽ നിക്ഷിപ്തമായ അധികാരങ്ങളുണ്ടെന്ന് സർവകലാശാല ആക്ട് (3) സെക്ഷൻ 11 (രണ്ട്) വ്യക്തമാക്കുന്നു.എങ്കിൽ പോലും വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം നിർവഹിച്ചതല്ലാതെ മന്ത്രി ഡോ. ജലീൽ അദാലത്തിൽ നേരിട്ട് ഇടപെടുകയോ ഏതെങ്കിലും ഉത്തരവിറക്കാൻ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല.

എന്നാൽ ഉമ്മൻചാണ്ടി 2014‑ൽ പങ്കെടുത്ത അദാലത്തിൽ നൂറിലേറെ ഫയലുകളിലാണ് അന്ന് തീർപ്പുണ്ടാക്കി ഉത്തരവിറക്കിയത്.
ആദ്യത്തെ അദാലത്തിനു ശേഷം 2017 ഡിസംബറിലാണ് രണ്ടാമത്തെ അദാലത്ത് സംഘടിപ്പിച്ചത്. പിന്നീട് നടന്നത് ഈ വർഷം ഫെബ്രുവരി 22നും. ഈ അദാലത്തിലെടുത്ത ചില തീരുമാനങ്ങൾ ഉയർത്തിക്കാട്ടി മന്ത്രിക്കെതിരെ തിരിഞ്ഞ യുഡിഎഫുകാരെയാണ് സ്വന്തം നേതാവ് നേതൃത്വം കൊടുത്ത അദാലത്ത് തിരിഞ്ഞു കുത്തുന്നത്. ഉമ്മൻചാണ്ടി പങ്കെടുത്ത അദാലത്തിനായി ഇറക്കിയ നടപടി ക്രമങ്ങൾ തന്നെയാണ് പിന്നീട് നടത്തിയ അദാലത്തുകളിലും മാറ്റമില്ലാതെ പിന്തുടർന്നത്.

ഫെബ്രുവരി 22ന് നടന്ന അദാലത്തിലാണ് മോഡറേഷൻ തീരുമാനം കൈക്കൊണ്ടതെന്ന തെറ്റായ വിവരം പ്രചരിപ്പിച്ചതും പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്ക് വിനയായി. അദാലത്തിന് മുമ്പ് ലഭിച്ച മോഡറേഷൻ അപേക്ഷകൾ പരിശോധിച്ച സിൻഡിക്കേറ്റ് സമിതി ഒരു മാർക്ക് മോഡറേഷൻ നൽകാനുള്ള തീരുമാനമെടുത്തത് അദാലത്തിന്റെ തലേദിവസമായ 21നാണ്. വൈസ് ചാൻസലർ അത് അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യം പരീക്ഷാ കമ്മിറ്റി കൺവീനർ അദാലത്തിൽ അറിയിക്കുക മാത്രമാണുണ്ടായത്. അദാലത്തിൽ ചർച്ച പോലും ചെയ്യാത്ത ഒരു കാര്യത്തിന്മേൽ ആരോപണമുന്നയിച്ച യുഡിഎഫുകാരുടേത് ഇലക്ഷൻ സ്റ്റണ്ടാണെന്ന് വ്യക്തമായി കഴിഞ്ഞു.