Saturday
23 Mar 2019

കുഞ്ഞൂഞ്ഞ് മാഷ് ഇനി രാഹുലിന്റെ ഗുരു

By: Web Desk | Sunday 10 June 2018 10:57 PM IST


ഗുരുമുഖത്തുനിന്നും കുഞ്ഞുന്നാളിലേ വിദ്യ അഭ്യസിക്കാന്‍ ഒരു യോഗം വേണമെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. അപ്രകാരം ഗുരുമുഖത്തു നിന്നും വിദ്യ അഭ്യസിക്കാന്‍ യോഗമില്ലാതെ പോയവരിലൊരാളാണ് നമ്മുടെ രാഹുല്‍ഗാന്ധി. ജനിതകശാസ്ത്രമനുസരിച്ചാണെങ്കില്‍ മാതാപിതാക്കളെ നോക്കിയാല്‍ ‘ഹൈബ്രിഡ് വിഗര്‍’ എന്ന സങ്കരഗുണമുണ്ടാകേണ്ടിയിരുന്നു രാഹുലിന്. അച്ഛന്‍ രാജീവ്ഗാന്ധി ഒറിജിനല്‍ കശ്മീരി ബ്രാഹ്മണന്‍. മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്രുവും മുതുമുത്തച്ഛന്‍ മോട്ടിലാല്‍ നെഹ്‌റുവും കശ്മീരിലെ നദിക്കരകളിലെ ബ്രാഹ്മണ കൗള്‍ സമുദായത്തില്‍പ്പെട്ട പണ്ഡിറ്റുകള്‍. അമ്മയാണെങ്കില്‍ തനി ഇറ്റാലിയന്‍ മദാമ്മയായ സോണിയാഗാന്ധി. പക്ഷേ രാഹുലിന് ആ ഹൈബ്രിഡ് വിഗര്‍ ഉണ്ടാകാത്തതെന്തേയെന്ന് ഒരു ജനിതകശാസ്ത്രജ്ഞനും ചികഞ്ഞുനോക്കിയുമില്ല. ഇന്ത്യയിലെ മുത്തശ്ശിപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിട്ടുപോലും തന്ത്രമെന്ത് മന്ത്രമെന്ത് എന്ന് തിരിച്ചറിയാതെ രാഹുല്‍ രാഷ്ട്രീയമായി അയയിലിട്ട കൗപീനം പോലെയായിപ്പോയതിനുള്ള കാരണം കണ്ടെത്തിയത് ചേര്‍ത്തല അറയ്ക്ക പറമ്പില്‍ കുര്യന്‍ അന്തോണിയാണെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ അടക്കം പറച്ചില്‍.

അമിട്ട്ഷായുടെ ചാണക്യതന്ത്രങ്ങള്‍ തനിക്കും വശമാക്കണമെന്ന് രാഹുലിന് വാശിയായപ്പോള്‍ തന്ത്രഗുരുവായി പുതുപ്പള്ളി കുഞ്ഞൂഞ്ഞിനെ നിയമിച്ചു. കുഞ്ഞൂഞ്ഞ് മാഷ് രാഹുലിനെ ചാണക്യതന്ത്രങ്ങളുടെ ഹരിശ്രീ പഠിപ്പിച്ചു തുടങ്ങിയതേയുള്ളൂ. ഒരാളിനെ വെട്ടിത്തുലയ്ക്കണമെങ്കില്‍ വെട്ട് എങ്ങനെയായിരിക്കണമെന്ന ആദ്യ പാഠം തന്നെ കലക്കി. വെട്ടുപഠിപ്പിക്കാന്‍ ഇരയാക്കിയത് പണ്ടത്തെ തന്റെ കൂലിത്തല്ലുകാരന്‍ പി ജെ കുര്യനെ. കോണ്‍ഗ്രസിന്റെ വാതില്‍പ്പടിയില്‍ കുര്യന്‍ വെട്ടേറ്റു പിടയുമ്പോള്‍ കിട്ടിയ പഴുതിലൂടെ പാലാകുഞ്ഞു മാണിയും മോന്‍ മാണിയും അകത്ത്. ‘ഇത്രകാലവും മുത്താണു നീ ഞമ്മക്ക്’ എന്നു പാടിപ്പാടി മാടി വിളിച്ചിട്ടും വിളി കേള്‍ക്കാത്ത മാണിയെ ഒരൊറ്റ കുര്യന്‍ പ്രയോഗത്തിലൂടെ വലതുമുന്നണിക്കൂടാരത്തിലാക്കിയ ശേഷം മാണിപുത്രന് കോണ്‍ഗ്രസില്‍ നൂറായിരം ഭൈമീകാമുകന്മാര്‍ കൊതിച്ചിരുന്ന രാജ്യസഭാ ബിസ്‌കറ്റ് കൂടി താലോലിച്ച കുഞ്ഞൂഞ്ഞ് മാഷെ നോക്കി കാല്‍ക്കല്‍ തളിര്‍വെറ്റിലയില്‍ വരദക്ഷിണ വച്ച് ആര്‍പ്പുവിളിച്ചത്രേ, ബലേഭേഷ് ഗുരുജീീീ!

കുഞ്ഞൂഞ്ഞു മാഷിന്റെ ഈ തന്ത്രത്തില്‍ മൃതപ്രായമായി കിടന്ന കേരളത്തിലെ കോണ്‍ഗ്രസിലും ആകെ ഒരിടയിളക്കം. തന്നെ തട്ടാന്‍ കുറേ പയ്യന്മാരെ ഇറക്കികളിച്ച കളിയായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് പി ജെ കുര്യന്‍. മാണിയെ തങ്ങളുടെ മുന്നണിയിലേയ്ക്ക് ‘പോനമച്ചാന്‍ തിരുമ്പിവന്താന്‍’ എന്ന മട്ടില്‍ സ്വീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോകുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഇറങ്ങിപ്പോയതല്ല മാണി വന്നപ്പോള്‍ താന്‍ സുധീരം മാറി നിന്നതാണെന്നു സുധീരന്‍. ഇതു കേട്ടപ്പോള്‍ പണ്ട് തലസ്ഥാനത്ത് ഏജീസ് ഓഫീസില്‍ നടന്ന ഒരു സംഭവമാണ് ഓര്‍മ വന്നത്. അവിടെ പി ഡി നായര്‍ എന്ന ഒരുദേ്യാഗസ്ഥനുണ്ടായിരുന്നു. മക്കളൊക്കെയുള്ള വിവാഹിതനെങ്കിലും സ്ത്രീലമ്പടന്‍. ഒരു ദിവസം അയാള്‍ ഒരു ചെറുതരക്കാരിയേയും തട്ടി മുങ്ങി. അന്ന് ഇതേക്കുറിച്ച് ‘ജനയുഗ’ത്തില്‍ വാര്‍ത്ത വന്നപ്പോള്‍ ഒളിവിലിരുന്ന് പത്രത്തിലേയ്ക്ക് ഒരു കുറിപ്പയച്ചു. ‘തട്ടിക്കൊണ്ടുപോയതല്ല കൂട്ടിക്കൊണ്ടുപോയതാണ്’ എന്ന്. നായരെപോലെ സുധീരനും പറയുന്നു, ഇറങ്ങിപോയതല്ല, മാറിനിന്നതാണെന്ന്.

എന്തായാലും രാഹുലിനെ പഠിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ചാണക്യതന്ത്രത്തിന്റെ ആദ്യപാഠം ഉരുവിട്ടപ്പോള്‍ത്തന്നെ കേരളത്തിലെ കോണ്‍ഗ്രസില്‍ എന്തൊരു ഉണര്‍വ്. കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയുമായി വിലാപയാത്രയല്ല ഘോഷയാത്ര, കുഞ്ഞൂഞ്ഞിന്റെയും കുഞ്ഞാപ്പയുടെയും കുഞ്ഞുമാണിയുടെയും കോലം കത്തിക്കലും വെടിക്കെട്ടും. കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളില്‍ ലീഗിന്റെ ഹരിതപതാക പാറുന്ന ദൃശ്യം. പിന്നെ ‘കോണ്‍ഗ്രസിന്റെ കൊടിക്കമ്പില്‍ എങ്ങനെ വന്നീ ലീഗുകൊടി, പറയൂ പറയൂ കൂ കൂ കൂ’ (ഈ കുത്രയം മേല്‍പ്പടിയാന്മാരുടെ ചുരുക്കപ്പേരാത്രേ) കുത്രയത്തിന്റെ കുതന്ത്രത്തില്‍ കേരളത്തിലെ കോണ്‍ഗ്രസുകാരാകെ രാഹുലിന്റെ തന്ത്രയ്ക്കുപോലും തെറിവിളിച്ചപ്പോള്‍ അഭിമാന രോമാഞ്ചകഞ്ചുകമണിഞ്ഞ് നെഞ്ചുവിരിച്ച് കുഞ്ഞൂഞ്ഞ് ഒരു ചോദൂ്യം, ആശാന്‍ ഇപ്പോള്‍ എങ്ങനെയുണ്ട്. മോന്‍ മാണിക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റുദാനം ചെയ്തതിനെക്കുറിച്ച് കുഞ്ഞൂഞ്ഞ് പറയുന്നത് ഇതൊരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണെന്നാണ്. കോണ്‍ഗ്രസെന്താ സഹകരണ ബാങ്കാണോ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാനെന്ന് യൂത്തന്മാരും മൂത്തന്മാരും ഓരിയിടുന്നു. ഇപ്പോഴല്ലേ കോണ്‍ഗ്രസ് കോണ്‍ഗ്രസായത്. കൊടുകൈ കുഞ്ഞൂഞ്ഞേ.
മാണിയെ നമ്പരുതെന്ന നിഷ്‌കളങ്ക രാഷ്ട്രീയത്തിന്റെ കൊടിയടയാളമായ ഇ കെ നായനാരെ കാനം രാജേന്ദ്രന്‍ ഉദ്ധരിച്ചപ്പോള്‍ എന്തെല്ലാം പുകിലും പുക്കാറുമായിരുന്നു. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലില്ലാത്ത വാക്കുകള്‍ പോലും ഉപയോഗിച്ച് ചിലര്‍ പൊതുസമൂഹത്തില്‍ അപഹാസ്യരായി. കേരളത്തിലെ ഏറ്റവും ബഹുജനാടിത്തറയുള്ള നേതാവാണ് മാണിയെന്നു പറഞ്ഞവരുമുണ്ട്. അടിത്തറ നമുക്ക് ചെങ്ങന്നൂരില്‍ കാണാം എന്ന് കാനം പറഞ്ഞത് അച്ചെട്ടായി. മാണി പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇരട്ടിയിലധികം ഭൂരിപക്ഷത്തിന് ഇടതുമുന്നണി മണ്ണു കപ്പിച്ചു. മാണി എന്ന മാരണം ബാധിച്ച പ്രതിപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിത്തന്നതിന് മാണിക്ക് നമ്മള്‍ സഹസ്രാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയല്ലേ വേണ്ടത്.

നമ്മുടെ ദൃശ്യമാധ്യമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന അഭിപ്രായങ്ങളില്‍ കഴമ്പില്ലെന്ന് തോന്നാതിരുന്നിട്ടില്ല പലപ്പോഴും. ഇന്ത്യന്‍ മാധ്യമധര്‍മം മണിയടിയും എല്ലിന്‍ കഷണങ്ങള്‍ക്ക് പിന്നാലെയുള്ള പരക്കം പാച്ചിലുമാണെന്നു കാണിക്കാന്‍ വിശ്രുത യുഎസ് കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസണ്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. കഴുത്തില്‍ മണികെട്ടിയ ഒരു നായ്ക്കൂട്ടം തലയ്ക്കും നാവിനും പകരം ഘടിപ്പിച്ചിരിക്കുന്നത് പേനത്തലപ്പുകള്‍. തൊട്ടു മുന്നില്‍ ചരടില്‍ കോര്‍ത്ത എല്ലിന്‍ കഷണവുമായി ഒരാള്‍. ആ എല്ലിന്‍ കഷണത്തിലേയ്ക്ക് നടന്നടുക്കുന്ന പേനാത്തലയന്‍ പട്ടിക്കൂട്ടം. എന്തൊരു ഭാവന. എന്തൊരു അര്‍ഥഗരിമ.
ചാനലുകള്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവയ്ക്ക് രാജ്യഗ്രാഹ്യവിവേചനാധികാരമുണ്ട്. എന്നു കരുതി മരണവീട്ടില്‍ വിലപിക്കുന്നവരുടെ വായില്‍ മൈക്കു കുത്തിത്തിരുകി പ്രതികരണമാരായുന്ന കാട്ടാളത്തത്തിന്റെ അര്‍ഥമാണ് പിടികിട്ടാത്തത്. കുടുംബം പോറ്റാന്‍ വേണ്ടി ഗള്‍ഫിലെ മുരുഭൂമികളിലെത്തി പെണ്‍വാണിഭ സംഘങ്ങളുടെ തടവറയില്‍ കഴിയുന്നവരും മോചിപ്പിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുമായ ഒട്ടേറെ മലയാളി സ്ത്രീജന്മങ്ങളുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടക്കുന്ന മാധ്യമങ്ങളാണ് ഏറെ.