February 2, 2023 Thursday

ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം ; പിന്നില്‍ ഐ ഗ്രൂപ്പിന്‍റെ രഹസ്യ അജണ്ടയോ

Janayugom Webdesk
January 30, 2021 1:00 pm

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്കുമേല്‍ മണ്ഡലം മാറി മത്സരിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത് .തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂര്‍ക്കാവ്, തിരുവന്തപുരം എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സിരിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഐ ഗ്രൂപ്പാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ഉമ്മന്‍ ചാണ്ടി മണ്ഡലം മാറി മത്സരിക്കണമെന്നത് പരിഗണിക്കാവുന്ന നിര്‍ദേശമാണെന്ന് ഐ ഗ്രൂപ്പ് ലീഡറും കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കി അഭിമുഖത്തിലും ഇക്കാര്യംപറഞ്ഞതോടെ ഐ ഗ്രൂപ്പ് ചില പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായിട്ടുവേണം വിലയിരുത്താന്‍. തിരുവന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പിന്‍റെയാണ്. നേമം മണ്ഡലം ഘടകക്ഷിക്ക് കൊടുത്തതുമാണ്. നേമത്ത് രണ്ട് പ്രാവശ്യമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് ജെഡിഎസ്,എല്‍ജെഡി പാര്‍ട്ടികളില്‍ പെട്ടവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്‍ജെഡി എല്‍ഡിഎഫ് ഘടകക്ഷിയായി മാറി. ഉമ്മന്‍ ചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിച്ച് മകന്‍ ചാണ്ടി ഉമ്മന് പുതുപ്പള്ളി നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി ഇതിന് അനൂകൂലമായി ഒന്നും പറയുന്നില്ല. താന്‍ മണ്ഡലം വിട്ട് മത്സിക്കാന്‍ തയ്യാറാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയും പറയുന്നു. 

ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സമിതിയുടെ ചെയര്‍മാനായി നിശ്ചയിച്ചതു മുതല്‍ ഐ ഗ്രൂപ്പ് അസ്വസ്തരാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡ് ഉള്‍പ്പെടെയുളളവര്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനാല്‍ ചെന്നിത്തല തല്‍ക്കാലം ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് മുതിരില്ല. എന്നാല്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ ഗ്രൂപ്പിനായി സജീവമായി രംഗത്തുണ്ട്. എഐസിസി സംഘടനാജനറല്‍സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലും ഗ്രൂപ്പിനെതിരെ രംഗത്തു വന്നിരുന്നു. അദ്ദേഹവും നേരത്തെ ഐ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ചെന്നിത്തലക്ക് വിരുദ്ധമായി മറ്റൊരു ഐ ഗ്രൂപ്പിന്‍റെ നേതാവാണ് കെ സി വേണുഗോപാല്‍. എന്നാല്‍ അദ്ദേഹം നേരിട്ട് ഇപ്പോള്‍ ഇടപെടാറില്ല. നിലവിലെ ചില കെ പി സിസി ജനറല്‍ സെക്രട്ടറിമാരും, സെക്രട്ടറിമാരും ‚ചില ഡിസിസി പ്രസിഡന്‍റുമാരുമാണ് കെ സി ഗ്രൂപ്പിന്‍റെ ചുക്കാന്‍ പിടിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാറ്റം ചലനമുണ്ടാക്കുമെന്നാണ് ഈ വിഭാഗം പറയുന്നത്. പുതിയ നിര്‍ദേശത്തെ ഐ ഗ്രൂപ്പ് സ്വാഗതംചെയ്യുമ്പോള്‍ മണ്ഡലം മാറി ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് പ്രതികരിച്ചിരിക്കുന്നത്.ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ച നിര്‍ദേശം. നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഏതില്‍ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കുമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തെക്കന്‍ ജില്ലകളില്‍ അത് ഗുണം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. അതേസമയം പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ആജീവനാന്ത കാലം മണ്ഡലം മാറില്ലെന്നും തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോട്ടയത്തും, പുതുപ്പള്ളിയിലും എല്‍ഡിഎഫ് മുന്നേറിയത് ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി തിരുവനന്തപുരം ജില്ലയില്‍ മത്സരിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും വിജയിക്കുമെന്ന കാര്യത്തിലും വലിയ പ്രതീക്ഷയില്ല. ചെന്നിത്തലയെ തലസ്ഥാന നഗരയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ചെന്നിത്തലയ്ക്കായി അവര്‍ പറഞ്ഞിരുന്ന മണ്ഡലങ്ങള്‍ അരുവിക്കര, വട്ടിയൂര്‍ക്കാവ് എന്നിവയാണ്. എന്നാല്‍ ഈ രണ്ടുമണ്ഡലങ്ങളിലും വിജയിക്കില്ലെന്നു ചെന്നിത്തലയ്ക്ക് ബോധ്യമായി. വട്ടിയൂര്‍ക്കാവില്‍ വികനസ നേട്ടങ്ങളുമായി മുമ്പോട്ട് പോകുന്ന എല്‍ഡിഎഫ് ജനപ്രതിനിധിയായ വി കെ പ്രശാന്തിന് മണ്ഡലത്തിലുള്ള സ്വീകാര്യതയും, അരുവിക്കരിയില്‍ ശബരിനാഥിന്‍റെ നിലപാടുകള്‍ ജനങ്ങളില്‍ നിന്നും അകന്നിരിക്കുന്നു.കോണ്‍ഗ്രസിലെ പ്രബല വിഭാഗവും,ഘടകകക്ഷിയായ മുസ്ലീം ലീഗുനുമുള്ള എതിര്‍പ്പും .ഇത്തരമൊരു സാഹചര്യത്തില്‍ അരുവിക്കരയിലും വിജയിക്കാന്‍ കഴിയില്ലെന്നു ചെന്നിത്തലയ്ക്ക് ഉത്തമബോധ്യമുള്ളതിനാല്‍ ഹരിപ്പാട് വിടുവാന്‍ തയ്യാറാകുന്നില്ല. സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം നേടാനായി എ , ഐ ഗ്രൂപ്പുകള്‍ പരസ്പരം മത്സരിക്കുകയാണ്. 

eng­lish sum­ma­ry ; Oom­men Chandy’s can­di­da­ture for Thiru­vanan­tha­pu­ram; Or the secret agen­da of the I Group behind it
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.