24 April 2024, Wednesday

86-ാംവയസ്സില്‍ മുന്‍മുഖ്യമന്ത്രി ചൗട്ടാല 10-ാം ക്ലാസ് പാസായി; ഇനി അധികൃതർ പ്ലസ്ടു ജയം പ്രഖ്യാപിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2021 2:57 pm

സോഷ്യലിസ്റ്റ് നേതാവ് ഓം പ്രകാശ് ചൗട്ടാല എൺപത്തിയാറാം വയസ്സിൽ പത്താംക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായി. മാർക്ക് 88 ശതമാനം. അപകടത്തിൽ കൈയ്ക്ക്‌ പരിക്കേറ്റിട്ടും വകവെക്കാതെയായിരുന്നു പരീക്ഷയ്ക്കെത്തിയത്. ഇനി ബോർഡ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ഓഫ് ഹരിയാണ (ബി.എസ്.ഇ.എച്ച്.) അദ്ദേഹത്തിന്റെ തടഞ്ഞുവെച്ചിരിക്കുന്ന പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും.

ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ മുത്തച്ഛനും മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിൽ 10 വർഷം തടവിന്‌ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുമ്പോഴാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. എല്ലാ വിഷയങ്ങളും ജയിച്ചെങ്കിലും ഇംഗ്ലീഷിന്‌ തോറ്റു. എങ്കിലും ദേശീയ ഓപ്പൺ സ്കൂൾ പദ്ധതി പ്രകാരം അദ്ദേഹം പ്ലസ്ടു പഠനം തുടങ്ങി പരീക്ഷകളെല്ലാം എഴുതി. ഓഗസ്റ്റ് അഞ്ചിന് ഈ ഫലം പ്രഖ്യാപിച്ചപ്പോൾ ജയിച്ചിരുന്നു. പക്ഷേ, പത്താംക്ലാസിലെ ഇംഗ്ലീഷ് തോറ്റതിനാൽ ഫലം തടഞ്ഞുവെച്ചു. തുടർന്ന് ഓഗസ്റ്റ് 18‑ന് സിർസയിലെ ആര്യ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയെഴുതാനെത്തി. ഗുരുഗ്രാമിലുണ്ടായ വാഹനാപകടത്തിൽ കൈക്ക്‌ പരിക്കേറ്റതിനാൽ പരീക്ഷ എഴുതാനായി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ അദ്ദേഹത്തിന് അനുവദിച്ചിരുന്നു.

പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷ ജയിച്ച വിവരം നൽകി അപേക്ഷ നൽകിയാലുടൻ ചൗട്ടാലയുടെ പ്ലസ്ടു ഫലം പുറത്തുവിടുമെന്ന് ബി.എസ്.ഇ.എച്ച്. ചെയർമാൻ ജഗ്ബീർ സിങ് പറഞ്ഞു. ബോർഡിന് കീഴിൽ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായംകൂടിയ വിദ്യാർഥിയാണ് അദ്ദേഹമെന്നും ജഗ്ബീർ വ്യക്തമാക്കി.

 


ഇതും കൂടി വായിക്കുക : ആദിത്യനാഥ് സർക്കാരിനെ വിമര്‍ശിച്ചുവെന്നാരോപിച്ച് മുൻ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി


മുൻ ഉപപ്രധാനന്ത്രിയായ മുത്തച്ഛൻ ദേവിലാൽ രാഷ്ട്രീയത്തിൽ സജീവമായതോടെ അച്ഛന് വിദ്യാഭ്യാസം ഉപേക്ഷിച്ച് കൃഷിയും കുടുംബകാര്യങ്ങളും നോക്കിനടത്തേണ്ടി വന്നതായി ഓം പ്രകാശ് ചൗട്ടാലയുടെ മകൻ അഭയ് സിങ് ചൗട്ടാല പറഞ്ഞു. അനുജന്മാരുടെ വിദ്യാഭ്യാസം ശ്രദ്ധിക്കുമ്പോഴും അദ്ദേഹത്തിന് പഠിക്കാനായില്ല. തിഹാർ ജയിലിലായിരുന്നപ്പോൾ ലൈബ്രറിയിൽനിന്ന് അദ്ദേഹം എന്നും പുസ്തകങ്ങളും പത്രങ്ങളും വായിക്കുമെന്നും അഭയ് പറഞ്ഞു. 32 ശതമാനത്തോളം നിരക്ഷരരുള്ള സംസ്ഥാനമാണ് ഹരിയാണ.

Eng­lish sum­ma­ry; OP Chau­ta­la scores 88 marks in Class 10 Eng­lish com­part­ment exam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.