കുടുംബക്കാര്‍ സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍സ്വാമിയുടെ സമാധിപീഠം തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇന്ന് ഉണ്ടായേക്കും.സമാധിപീഠം തുറക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാനുള്ള ശ്രമം സംഘർഷാവസ്ഥയെത്തുടർന്ന് പൊലീസ് ഉപേക്ഷിക്കുകയായിരുന്നു.
കളക്ടറുടെ ഉത്തരവുണ്ടായാൽ ഇന്ന് ശക്തമായ പോലീസ് സുരക്ഷയിൽ സമാധി തുറക്കാനാണ് ശ്രമം. അതിയന്നൂർ, ആറാലുംമൂട്, കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻസ്വാമിയെ (69) കാണ്മാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് തിങ്കളാഴ്ച സമാധി പൊളിക്കാൻ എത്തിയത്. വീട്ടുകാരുടെയും ചില ഹൈന്ദവ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചെങ്കിലും ആളിനെ കണ്ടെത്താനായി സമാധി പൊളിച്ചേ തീരൂയെന്നാണ് പൊലീസ് നിലപാട്. വീട്ടുകാർ നൽകിയ മൊഴിപ്രകാരം ഗോപൻസ്വാമി സ്വയമേ നടന്ന് സമാധിപീഠത്തിലിരുന്നെന്നും തുടർന്ന് സമാധിയായെന്നുമാണ്.
ജീവൽസമാധിയായതിനാലാണ് നാട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാത്തതെന്നുമാണ് പറഞ്ഞത്. എന്നാൽ മരണം സ്ഥിരീകരിക്കാനായി വീട്ടുകാർ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയില്ല. ഇതാണ് നാട്ടുകാരിൽ സംശയമുളവാക്കിയതും പോലീസിൽ പരാതി നൽകാനിടയാക്കിയതും. ഗോപൻസ്വാമിയുടെ തിരോധാനത്തിൽ കുറ്റകൃത്യം നടന്നെന്ന നിലപാടാണ് പോലീസിന്. അതുകൊണ്ട് സമാധി പൊളിക്കുന്നതിനു വീട്ടുകാർക്ക് നോട്ടീസ് നൽകേണ്ടതില്ലെന്ന് ഡിവൈഎസ്പി എസ് ഷാജി അഭിപ്രായപ്പെട്ടു.
അച്ഛൻ സ്വമേധയ സമാധിയായതാണെന്നും ജീവൽ സമാധിയായതിനാൽ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്ന വാദമുയർത്തി ഗോപൻസ്വാമിയുടെ ഭാര്യയും മക്കളും ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബുധനാഴ്ച രാവിലെ റിട്ട് പെറ്റീഷൻ സമർപ്പിക്കുമെന്ന് വീട്ടുകാരുടെ അഭിഭാഷകനായ രഞ്ജിത്ചന്ദ്രൻ വ്യക്തമാക്കി. തിങ്കളാഴ്ചയുണ്ടായ സംഭവവികാസങ്ങൾക്കിടെ സബ്കളക്ടറുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ സമാധി പൊളിക്കുന്നതു സംബന്ധിച്ച് ആര്‍ഡിഒയോ, കളക്ടറോ നോട്ടീസ് നൽകണമെന്നാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ, ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്ന് മൂത്തമകൻ സനന്ദൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.