സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ 387 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 88 സർവയലൻസ് സാമ്പിളും 13 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിർമാണശാലകൾ മുതൽ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങൾ വരെ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ശർക്കരയാണ് ‘മറയൂർ ശർക്കര’ എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാൽ ഗുണമേൻമ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശർക്കര കൃത്രിമ നിറങ്ങൾ ചേർത്ത് മറയൂർ ശർക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചത്.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 199 പരിശോധനകൾ നടത്തി. 136 മത്സ്യ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
റാപ്പിഡ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് മത്സ്യ സാമ്പിളുകളിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടോയെന്ന് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തി. തൃശൂർ ജില്ലയിലെ മണലൂർ മാർക്കറ്റ്, തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആറ്റിങ്ങൽ, കല്ലമ്പലം എന്നീ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ 402 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 4088 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 3214 പരിശോധനകളിൽ 1309 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
English Summary:Operation Jaggery to detect adulteration in jaggery: Minister Veena George
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.