കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ പദ്ധതി

Web Desk
Posted on December 06, 2019, 10:03 am

കൊച്ചി: കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ കർമ്മപദ്ധതി രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു. പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആർ രാമചന്ദ്രൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കാനെത്തിയ, ഹർജികൾ സംബന്ധിച്ച സമിതിയുടേതാണ് തീരുമാനം. കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായ സമിതി എറണാകുളം കളക്ടറേറ്റിൽ പൊതുപ്രവർത്തകരിൽ നിന്നും പരിസ്ഥിതി, സന്നദ്ധ സംഘടന പ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു.

ജില്ലാ കളക്ടർക്കാണ് നിർവഹണച്ചുമതല. പൊലീസ്, മോട്ടോർ വാഹനം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പാറമടകളിൽ നിന്നും ടാങ്കർലോറികളിൽ മലിനജലം വിതരണം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് സമിതി അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ ഹൈഡ്രൻറുകളിൽ നിന്നു മാത്രമേ വിതരണത്തിനുള്ള കുടിവെള്ളം ശേഖരിക്കാവൂ. ഇത് പ്രാബല്യത്തിൽ വരുന്നതുവരെ 15 ദിവസം കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കാൻ സമിതി അനുമതി നൽകി.

you may also like this video;

ടാങ്കർ അല്ലെങ്കിൽ മിനി ലോറികളിൽ കൊണ്ടു പോകുന്ന ശുദ്ധജലം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പൊലീസോ തടയാൻ പാടില്ലെന്ന നിലവിലെ ഉത്തരവ് പിൻവലിക്കുകയും ഉപഭോക്താക്കൾക്ക് ആവശ്യമായ ജലം വാട്ടർ അതോറിറ്റി തന്നെ വിതരണം ചെയ്യണമെന്നും നിർദേശിച്ചു. നിയമസഭാ സമിതി അംഗങ്ങളും എംഎൽഎമാരുമായ പി ഉബൈദുള്ള, വി പി സജീന്ദ്രൻ, ഒ രാജഗോപാൽ, സി മമ്മൂട്ടി, ആർ രാമചന്ദ്രൻ, ജില്ലാ കളക്ടർ എസ് സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ഐ ജി വിജയ് സാക്കറേ, ഡിസിപി ജി പൂങ്കുഴലി, എഡിഎം കെ ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.