പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ മുന്‍ തന്ത്രങ്ങളില്‍ നിന്നും വ്യത്യസ്തം. 2016 ലെ ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക്, 2019 ലെ ബാലക്കോട്ട് വ്യോമാക്രമണം തുടങ്ങിയ പ്രത്യാക്രമണ തന്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സൈന്യം നിര്‍വഹിച്ചത്.
സാങ്കേതിക ശക്തിയുടെ പിന്‍ബലത്തോടെ നടത്തിയ പ്രത്യാക്രമണം ആഴത്തിലുള്ളതും പാക് പ്രതീക്ഷകളെ തകിടം മറിക്കുന്നതുമായി. ബാലക്കോട്ട് ഓപ്പറേഷനുശേഷം ഇന്ത്യ നടത്തിയ ഏറ്റവും വിപുലമായ അതിര്‍ത്തി കടന്നുള്ള ആക്രമണം മാത്രമായിരുന്നില്ല ഓപ്പറേഷന്‍ സിന്ദൂര്‍. സൈനിക തന്ത്രത്തിലെ ആഴത്തിലുള്ള പരിണാമം കൂടിയായി ഈ ദൗത്യം മാറി.
1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷനാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് 12 ദിവസം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു. പത്തുദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണ പദ്ധതി രൂപപ്പെടുത്തിത്. ഓപ്പറേഷനില്‍ ആക്രമിക്കേണ്ട പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളെയും മൊഡ്യൂളുകളെയും കണ്ടെത്താനായി വീണ്ടും മൂന്ന് നാല് ദിവസം കൂടി എടുക്കേണ്ടി വന്നു. ഉറിയില്‍ ഭീകരാക്രമണത്തിന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ട് ആക്രമണവും 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു.
ഭീകര കേന്ദ്രങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞാണ് ഇവിടങ്ങളില്‍ മിസൈല്‍ പ്രത്യാക്രമണം ആസൂത്രണം ചെയ്തത്. ലഷ്കര്‍ ഇ തൊയ്ബ‑ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ ഉപഗ്രഹ ചിത്രങ്ങള്‍, മനുഷ്യ സ്രോതസുകള്‍, ആശയ വിനിമയം എന്നിവ അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തത്. ഭീകര കേന്ദ്രങ്ങള്‍, ആയുധ ഡിപ്പോ, ലോജിസ്റ്റിക് ഹബ്, സ്ലീപ്പര്‍ സെല്‍ പ്ലാനിങ് എന്നീ വിവരങ്ങളും ആക്രമണത്തിന് മുമ്പ് സൈന്യം ശേഖരിച്ചിരുന്നു.
ഭീകര സംഘടനകളുടെ നേതാക്കളെയും അവരുടെ രഹസ്യാന്വേഷണ ശൃംഖലകളെയും പൂര്‍ണ്ണമായ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള തന്ത്രപരമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. അതുവഴി ഇന്ത്യയുടെ മിന്നലാക്രമണത്തെ പ്രതിരോധിക്കാനുള്ള ഭീകരരുടെ സാധ്യത ഇല്ലാതാക്കി. അപ്രതീക്ഷിത ആക്രമണത്തിലൂടെ കൂടുതല്‍ നാശം വരുത്താനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്. ഇന്ത്യ‑പാക് അതിര്‍ത്തിയോട് ചേര്‍ന്ന് യുദ്ധാഭ്യാസം നടത്തുമെന്നായിരുന്നു വ്യോമസേന മുമ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു പരിശീലനത്തിനൊരുങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, ആ പരിശീലനം നടക്കുന്നതിന് മുമ്പെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.