Web Desk

വാഷിങ്ടൺ

June 08, 2021, 10:35 pm

ഓപ്പറേഷന്‍ ട്രോജന്‍ ഷീല്‍ഡ്: ആഗോളതലത്തില്‍ അറസ്റ്റിലായത് എണ്ണൂറിലേറെപ്പേര്‍

Janayugom Online

ഓപ്പറേഷൻട്രോജൻ ഷീൽഡിൽ ലോകമാകെ അറസ്റ്റിലായത് എണ്ണൂറിലേറെ കുറ്റവാളികൾ. ആഗോളതലത്തില്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റവാളികളെ പ്രത്യേകം നിര്‍മിച്ച ആപ്പ് വഴി നിരീക്ഷിച്ചാണ് ഓപ്പറേഷൻട്രോജൻ ഷീൽഡ് നടപ്പാക്കിയത്.
എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളാണ് ഇത്തരം കുറ്റവാളികള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്.

പ്രത്യേകമായി തയ്യാറാക്കുന്ന മൊബൈൽ ഫോണുകളിലാണ് ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുക. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആപ്പുകളിലൂടെ കുറ്റവാളികളെ കുടുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അനോം എന്ന പേരിൽ അമേരിക്കയുടെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ബിഐ) പുറത്തിറക്കിയ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലെ മില്യൺ കണക്കിന് സന്ദേശങ്ങൾ നിരീക്ഷിച്ചാണ് പദ്ധതി നടപ്പാക്കിയത്.

കോടിക്കണക്കിന് ഡോളറിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഏജൻസികൾക്ക് ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ റെയ്‌ഡ് നടത്തി എണ്ണൂറിലേറെ കുറ്റവാളികളെ പിടികൂടിയത്.

എഫ്ബിഐയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷന് 18 രാജ്യങ്ങളിലെ പൊലീസ് സേനയും യൂറോപ്യൻ അന്വേഷണ ഏജൻസിയായ യൂറോപോളും സഹകരിച്ചിരുന്നു. നേരത്തെ കുറ്റവാളികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി തുടങ്ങിയ എൻക്രിപ്റ്റഡ് മെസേജിങ് സേവനങ്ങൾ അന്വേഷണ ഏജൻസികൾ നുഴഞ്ഞുകയറി തകർത്തിരുന്നു. ഇതോടെയാണ് മറ്റൊരു എൻക്രിപ്റ്റഡ് മെസേജിങ് സേവനത്തിന് ആവശ്യക്കാരേറിയത്.

ഈ സാഹചര്യം മുതലെടുത്ത അന്വേഷണ ഏജൻസികൾ തന്നെ രഹസ്യമായി നിർമ്മിച്ച അനോം സേവനം കുറ്റവാളികൾക്കിടയിൽ പ്രചരിപ്പിച്ചു. അനോം ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഏകദേശം 12,000 മൊബൈൽ ഫോണുകളും ഉപകരണങ്ങളുമാണ് മുന്നൂറോളം ക്രിമിനൽ സംഘങ്ങൾക്കിടയിൽ എത്തിയത്. അറസ്റ്റിലായവരില്‍ നിന്ന് 22 ടൺ കഞ്ചാവ്, രണ്ട് ടൺ മെഥാംഫെറ്റമിൻ, എട്ട് ടൺ കൊക്കെയ്ൻ, 48 മില്യൺ ഡോളറിന്റെ വിവിധ കറൻസികൾ, മറ്റു ക്രിപ്റ്റോകറൻസി ഇടപാടുകൾ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തു.

Eng­lish sum­ma­ry; oper­a­tion tro­jen shield More than 800 peo­ple have been arrest­ed worldwide

You may also like this video;