Web Desk

നോയിഡ

May 18, 2020, 9:48 pm

കോവിഡ്; ഒപ്പോ ഇന്ത്യയിലെ ഫാക്ടറി അടച്ചു

Janayugom Online

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചു. എട്ട് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഫാക്ടറി അടച്ചതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഫാക്ടറി മുഴുവന്‍ അണുനശീകരണം നടത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും വക്താക്കള്‍ അറിയിച്ചു.

ലോക്ഡൗണിനെ തുടര്‍ന്ന് മേയ് മാസത്തിന്റെ ആദ്യ വാരത്തോടെയാണ് കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കൊറോണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചത്. മുന്‍ കരുതലിന്റെ ഭാഗമായി 3000 ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തും. ഇവരില്‍ നെഗറ്റീവായവരെ മാത്രമേ ഇനി ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ.

ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങളോ ഏത് ആശുപത്രിയിലാണ് ഐസോലേറ്റ് ചെയ്തത് എന്നിവ സംബന്ധിച്ച വിവരമൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

മേയ് എട്ട് മുതല്‍ ഒപ്പോ, വിവോ എന്നീ കമ്പനികള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരുള്ള ഒപ്പൊ കമ്പനിയില്‍ 3000 ജീവനക്കാരാണ് സമയക്രമത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നത്. ഫാക്ടറി സ്ഥിതി ചെയ്യുന്ന ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ എട്ട് പുതിയ കൊവിഡ് കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: Oppo closed its fac­to­ry in India.

you may also like this video;