പോസ്റ്റൽ ബാലറ്റ്: എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം

Web Desk

ന്യൂഡൽഹി‍:

Posted on July 05, 2020, 10:10 pm

കോവിഡ് കാലത്തു നടക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 65 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കാനുള്ള കേന്ദ്ര തീരുമാനത്തോടുള്ള എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ലക്ഷ്യംവച്ചാണ് നീക്കം. കേന്ദ്ര തീരുമാനം വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയായിരുന്നുവെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

നേരത്തെ, തപാൽ ബാലറ്റുകളിലൂടെ വോട്ട് രേഖപ്പെടുത്തുന്നതിന് സായുധ സേനയ്ക്കും വോട്ടെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥരര്‍ക്കും മാത്രമായിരുന്നു അനുവാദം ഉണ്ടായിരുന്നത്. പിന്നീട് 80 വയസ്സിനു മേൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കും ശാരീരിക അവശതകളുള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സിൽനിന്ന് 65 വയസ്സാക്കി കുറയ്ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം മുന്നോട്ടുവെച്ചിരുന്നു. നിയമ മന്ത്രാലയം ഈ നിർദേശം അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

കേന്ദ്ര തീരുമാനത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികൾ ശക്തമായ എതിർപ്പു പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പിൻവലിക്കണമെന്ന് വെള്ളിയാഴ്ച കോൺഗ്രസ് പ്രതിനിധി സംഘം വീഡിയോ സന്ദേശം വഴി കമ്മിഷനോട് ആവശ്യപ്പെട്ടു. നിരക്ഷരരായ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാൻ മറ്റൊരാളുടെ സഹായം വേണ്ടിവരുമെന്നും വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ഇതോടെ നഷ്ടമാകുമെന്നും നേതാക്കളായ അഹമ്മദ് പട്ടേൽ, അഭിഷേക് സിങ്‍വി, രൺദീപ് സിങ് സുർജേവാല എന്നിവർ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ചവരെയോ രോഗലക്ഷണങ്ങള്‍ ഉള്ളവരെയോ തപാൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്ന നീക്കം വാസ്തവത്തിൽ അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പോസ്റ്റൽ ബാലറ്റ് പേപ്പര്‍ അറ്റസ്റ്റ് ചെയ്യുന്നതിനും മറ്റും വോട്ടർക്ക് വ്യക്തിപരമായി ഒരു സർക്കാർ ഉദ്യോഗസ്ഥനെ കാണേണ്ടിവരും. അതുവഴി സമ്പർക്ക സാധ്യത വർദ്ധിക്കും. പോസ്റ്റൽ ബാലറ്റ് അയയ്ക്കാൻ ഒരു തപാൽ ഓഫീസിലെ സേവനങ്ങൾ വിനിയോഗിക്കേണ്ടതുണ്ട്, അതും അണുബാധ പടരുന്നതിന് വീണ്ടും കാരണമാകും. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് മുതിർന്ന പൗരന്മാർക്ക് പ്രത്യേക പോളിംഗ് ബൂത്തുകൾ സ്ഥാപിക്കുക എന്നതാണ് നല്ലൊരു ബദലെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

ENGLISH SUMMARY: OPPOSITION AGAINST POSTAL VOTE