14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024

പ്രതിപക്ഷ മഹാസഖ്യം ബിജെപിക്ക് വന്‍ വെല്ലുവിളി

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
September 12, 2022 11:16 pm

അണിയറയില്‍ ഒരുങ്ങുന്ന പ്രതിപക്ഷ മഹാസഖ്യം ബിജെപിക്ക് വന്‍ വെല്ലുവിളി ആയേക്കുമെന്ന് കണക്കുകള്‍. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎയെ അധികാരത്തിൽ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ ഐക്യമുന്നണിക്ക് സാധിക്കുമെന്ന് ഇപ്പോഴത്തെ വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനൊപ്പം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും അടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡൽഹി സന്ദർശന വേളയിൽ നിതീഷ് കുമാർ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാറാം യെച്ചൂരി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിഹാറില്‍ ബിജെപിയുടെ സഖ്യ കക്ഷിയായിരുന്നു ജെഡിയു. അടുത്തിടെ ബന്ധം ഒഴിഞ്ഞ് മഹാസഖ്യത്തിനൊപ്പം ചേരുകയായിരുന്നു നിതീഷ് കുമാര്‍. ഇതോടെ ബിഹാറിലെ ഭരണത്തില്‍ നിന്ന് ബിജെപി പുറത്തായി. നിതീഷ്‌ കുമാറിന് പുറമെ മമത ബാനര്‍ജി, ചന്ദ്രശേഖര റാവു തുടങ്ങിയ നേതാക്കളും പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുത്ത് രംഗത്തുണ്ട്.
ബിഹാറിലും ഉത്തര്‍ പ്രദേശിലും പ്രതിപക്ഷ സഖ്യം സാധ്യമായാല്‍ ബിജെപിക്ക് വലിയ ക്ഷീണം സംഭവിക്കും. ബിഹാറിൽ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 17, ജെഡിയു 16, എൽജെപി 6, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില. നിലവിലെ സാഹചര്യത്തില്‍ ബിഹാറില്‍ എല്ലാ സീറ്റുകളും മഹാസഖ്യം നേടുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.
യുപിയിലും ബിജെപിക്ക് മേധാവിത്വം നഷ്ടമാകും. 2019 ല്‍ ബിജെപി 62 സീറ്റുകളും ബിഎസ്‌പി 10, എസ്‌പി അഞ്ച്, എഡിഎസ് രണ്ട് സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. നിയമസഭാ തെരഞ്ഞെടുപ്പില്‍ 41.29 ശതമാനം വോട്ട് നേടിയ ബിജെപിക്ക് 2017 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 57 സീറ്റുകള്‍ കുറഞ്ഞിരുന്നു. 111 സീറ്റ് നേടിയ സമാജ് വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ട് ലഭിച്ചു. ബിഎസ്‌പി, കോണ്‍ഗ്രസ് എന്നിവരുടെ വോട്ട് വിഹിതം കൂടി പരിഗണിക്കുമ്പോള്‍ ബിജെപി തറപറ്റുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നതെന്നും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ടാകേണ്ടതെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് ഇന്നലെ പറഞ്ഞു.
ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിപക്ഷ ഐക്യനീക്കത്തിന് പിന്തുണയുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിയും രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Oppo­si­tion Grand Alliance is a big chal­lenge for BJP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.