December 5, 2022 Monday

പ്രതികളുടെ പക്ഷമായി ഉണ്ടയില്ലാ വെടി

വത്സൻ രാമംകുളത്ത്
സഭാമുഖം
August 25, 2020 5:54 am

ഹുവിശേഷണമുള്ളതായിരുന്നു പതിനാലാം നിയമസഭയുടെ ഇരുപതാം സമ്മേളനം. ഉണ്ടയില്ലാവെടി സ്വന്തം നെഞ്ചിലേക്കുതിർത്ത് പ്രതിപക്ഷം കേമന്മാരായി. മുല്ലക്കര രത്നാകരൻ പ്രസംഗത്തിൽ പറഞ്ഞതുപോലെ പ്രതിപക്ഷം വെറും പ്രതികളുടെ പക്ഷമായി മാറുകയും ചെയ്തു. മല എലിയെപ്പെറ്റപോലെയുള്ള അവിശ്വാസമെന്ന എസ് ശർമ്മയുടെ പ്രസംഗത്തോടെ തുടങ്ങി, 87 പേരുടെ ശക്തമായ പിന്‍ബലത്താൽ പ്രമേയം തള്ളും വരെ കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും തലയുയർത്താനായില്ലെന്നുവേണം പറയാൻ. രാഷ്ട്രീയം, ചരിത്രം, ധാർമ്മികത തെല്ലുപോലുമില്ലാതെയാണ് പ്രതിപക്ഷം പെരുമാറുന്നതെന്ന ശർമ്മയുടെ പ്രസംഗം കോൺഗ്രസിനുള്ള ക്ലാസായിരുന്നു. സ്വർണക്കടത്തുകേസിൽ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചുവെന്ന ആരോപണം പിൻവലിക്കേണ്ടിവന്നു. സിസിടിവി ദൃശ്യങ്ങൾ കൊടുക്കാനാവില്ലെന്ന് സര്‍ക്കാർ പറഞ്ഞതായുള്ള ആരോപണത്തിലും ഉറച്ചുനിൽക്കാനായില്ല. ‘ഇവിടെ റെക്കോഡിംഗ് ഇല്ല, ലൈവ് മാത്രമേ ഉള്ളൂ’ എന്ന മുൻ സർക്കാരിന്റെ നിലപാടല്ല ഇടതുമുന്നണിക്കുള്ളതെന്ന് ശർമ്മ പറഞ്ഞു. സ്വപ്ന സുരേഷ് ട്രിപ്പിൾ ലോക്ഡൗൺ സമയത്താണ് തിരുവനന്തപുരത്തുനിന്ന് മുങ്ങിയതെന്ന് പറഞ്ഞുനോക്കി. അതും പിൻവലിക്കേണ്ടിവന്നു. സ്പ്രിങ്ഗ്ലർ ആരോപണവും ഉണ്ടയില്ലാവെടിയായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിക്കെതിരെ കോടതിയിൽ കയറിയപ്പോഴും തിരിച്ചടി കിട്ടി.

ശർമ്മ പറഞ്ഞുനിർത്തിയിടത്തുനിന്നാണ് മുല്ലക്കരയുടെ വാക്കുകൾ പ്രതിപക്ഷത്തിനുനേരെ എത്തിയത്. യോദ്ധയിലെ ജഗതി കഥാപാത്രം കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് മോഹൻലാലിനോട് പറഞ്ഞപ്പോൾ, ഇനി അടുത്തവര്‍ഷമേ മത്സരമുള്ളൂവെന്ന് ഉർവശി പറഞ്ഞതും മുല്ലക്കര സാന്ദർഭികമായി പറഞ്ഞു. ഇവിടെ എല്ലാ മത്സരങ്ങളിലും പ്രതിപക്ഷവും ചെന്നിത്തലയും തോറ്റുകൊണ്ടിരിക്കുകയാണെന്നായിരുന്നു, മുല്ലക്കര പറഞ്ഞുനിർത്തിയത്.

പിന്നീട് സംസാരിച്ച കെ എം ഷാജിയുടെ പ്രസംഗത്തെ ഏറ്റവുമൊടുവിൽ ജെയിംസ് മാത്യു വിശേഷിപ്പിച്ചത് ബസിനുള്ളിലെ പെട്ടിമരുന്ന് കച്ചവടക്കാരന്റെ വിളിച്ചുപറച്ചിലിനോടായിരുന്നു.

ഇടതുമുന്നണി സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് എ പ്രദീപ്കുമാർ അവിശ്വാസപ്രമേയത്തെ നേരിട്ടത്. സമരം, കേസ്, ദുരാരോപണം എന്നിവയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മനുഷ്യന് ഓക്സിജൻ എന്ന പോലെ അഴിമതി ഉപാസകരാക്കിയവരാണ് കോൺഗ്രസ്. പ്രതിപക്ഷ നേതാവാണെങ്കിൽ രാഷ്ട്രീയ രംഗത്ത് കോമാളിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രദീപ് പറഞ്ഞു.

കോൺഗ്രസിന്റെ 23 നേതാക്കൾ സോണിയാഗാന്ധിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ച വിശേഷമാണ് മാത്യു ടി തോമസ് എടുത്തിട്ടത്. തങ്ങളെപ്പോലെ സർവരും അഴിമതിക്കാരാണെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവാനുള്ള വ്യഗ്രതയാണ് ഈ അവിശ്വാസ പ്രമേയമെന്ന പൊറാട്ടുനാടകത്തിന്റെ പിന്നിലെന്നായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ കമന്റ്.

ആർഎസ്എസിന്റെയും മോഡിയുടെയും പോസ്റ്റുകൾക്ക് ലൈക്കും ഷെയറും നൽകുന്ന സ്വന്തം ഗൺമാനെ മാറ്റാൻ പ്രതിപക്ഷനേതാവ് തയ്യാറുണ്ടോയെന്ന് കോവൂർ ചോദിച്ചു. ഓരോ കോൺഗ്രസുകാരന്റെയും ഉടുമുണ്ട് ഉയർത്തിനോക്കിയാൽ കാവിക്കൊടിയും കാക്കിനിക്കറും കാണാമെന്നും കോവൂർ കുഞ്ഞുമോൻ തുറന്നടിച്ചു.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അബദ്ധമാണ് ഈ അവിശ്വാസപ്രമേയമെന്നായിരുന്നു വീണാ ജോർജ്ജിന്റെ പ്രതികരണം. പ്രമേയം അവതരിപ്പിച്ച സതീശന്റെ വാക്കുകൾ ദുർബലമായിരുന്നു. നേരത്തെ കാണുകയും കേൾക്കുകയും ചെയ്ത സതീശന്റെ ശബ്ദമല്ലായിരുന്നു അത്. ആദ്യം അവിശ്വാസം അവതരിപ്പിക്കേണ്ടത് പ്രതിപക്ഷ നേതാവിനെതിരെ ആയിരുന്നു എന്നും വീണ പറഞ്ഞു. ജനങ്ങളെ മാത്രമല്ല, കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കി. ആർക്കും പ്രതിപക്ഷ നേതാവിൽ വിശ്വാസമില്ല. മീഡിയാമാനിയ ഇല്ലാത്ത പ്രതിപക്ഷ നേതാവ് ദിവസവും വാർത്താസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങളൊന്നും അവിശ്വാസപ്രമേയത്തിൽ കാണാതിരുന്നത് വീണ എടുത്തിട്ടു. ഒന്നിലും വിശ്വാസമില്ലാതായിരിക്കുന്നു പ്രതിപക്ഷത്തിന്. സ്വർണക്കടത്തുകേസിൽ പിടിയിലായവരിൽ എത്രപേർ മുസ്‌ലിം ലീഗിന്റെ പ്രവർത്തകരുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയണമെന്നും വീണ ആവശ്യപ്പെട്ടു. ഹരിപ്പാടും പറവൂരും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാൻ തയ്യാറുണ്ടോയെന്നും വീണ ചോദിച്ചു.

വി ഡി സതീശന്റെ നിലപാടുകളെ സ്നേഹിക്കുന്ന കെ ബി ഗണേഷ്‌കുമാർ, സതീശന്റെ പ്രസംഗത്തിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി. മനസിന് പിടിക്കാത്ത കാര്യങ്ങൾ പറഞ്ഞാൽ സതീശന് ശരിയാവില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പ്രതിപക്ഷത്തിനാകെ മനസിന് പിടിക്കാത്ത, ശരിയല്ലാത്ത കാര്യങ്ങൾ ചെയ്തതിന്റെ കുറ്റബോധമായിരുന്നു സഭ തീരുമ്പോൾ കണ്ടത്. ചെലോല്‌ത് ശര്യാവും ചെലോല്‌ത് ശരിയാവൂല, ഞങ്ങടെ ശര്യായില്ല… എന്നുവിളിച്ചുപറഞ്ഞാണ് പ്രതിപക്ഷം സഭയിലും തോറ്റുമടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.