August 19, 2022 Friday

Related news

August 17, 2022
August 16, 2022
August 16, 2022
August 16, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022

നിയമസഭയില്‍ പ്രതിപക്ഷം ഒളിച്ചോടി

അനുമതി ലഭിച്ച അടിയന്തരപ്രമേയം പോലും അവതരിപ്പിച്ചില്ല
Janayugom Webdesk
June 27, 2022 10:55 pm

സംസ്ഥാനത്തുടനീളം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമരങ്ങളിലേര്‍പ്പെട്ട പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഒളിച്ചോട്ടം നടത്തി. സ്പീക്കര്‍ അനുമതി നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് പോലും അവതരിപ്പിക്കാതെയായിരുന്നു പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയോടെയായിരുന്നു പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കം. നടപടി തുടരുന്നതിനിടെ പുതിയ അംഗമായ ഉമ തോമസിനെ ഡസ്കിലടിച്ച് വരവേറ്റ പ്രതിപക്ഷം, അവര്‍ സീറ്റിലെത്തിയ ഉടന്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ച് സഭാനടപടികള്‍ തടസപ്പെടുത്താന്‍ ആരംഭിച്ചു. ചോദ്യോത്തര വേളയാണ്, പ്രതിഷേധം ഇതിനുശേഷമാകാമെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞെങ്കിലും അനുസരിച്ചില്ല. ബാനറും പ്ലക്കാര്‍ഡും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചുള്ള മുദ്രാവാക്യം മുഴക്കിയതോടെ ഭരണകക്ഷി അംഗങ്ങളും പ്രതിരോധവുമായി എഴുന്നേറ്റു. ഇതോടെ സ്പീക്കര്‍ എഴുന്നേറ്റു. എന്നിട്ടും അംഗങ്ങള്‍ പലരും ബഹളം തുടര്‍ന്നപ്പോള്‍, അല്പനേരത്തേക്ക് നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ച് സ്പീക്കര്‍ സഭയില്‍ നിന്നിറങ്ങി. ഒരു മണിക്കൂര്‍ നേരം ഇരുവിഭാഗവും നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കര്‍ തിരിച്ചെത്തി സഭാനടപടികള്‍ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ടി സിദ്ധിഖിനെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചുവെങ്കിലും നടുത്തളത്തില്‍ നിന്ന പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസില്‍ ബാനര്‍ സ്ഥാപിച്ച് ബഹളം ശക്തമാക്കുകയായിരുന്നു. അടിയന്തരപ്രമേയ നോട്ടീസ് ആണ് അജണ്ടയെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ഇതോടെ മറ്റുനടപടികളിലേക്ക് കടന്നു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും കാര്യവിവര പട്ടികയുടെ അവതരണവും വിവിധ സബ്ജക്ട് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് അവതരണവും നടന്നു. മന്ത്രി വി എന്‍‍ വാസവന്‍ അവതരിപ്പിച്ച 2022ലെ സഹകരണ ഭേദഗതി ബില്ലും സഭ പാസാക്കി. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. സഭാതളത്തില്‍ നിന്ന് മുദ്രാവാക്യം മുഴക്കി പുറത്തിറങ്ങിയ പ്രതിപക്ഷം കവാടത്തില്‍ കാത്തുനിന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം തുടര്‍ന്നു. സഭ ഇന്ന് വീണ്ടും സമ്മേളിക്കും.

ചോദ്യങ്ങളെയും ഉത്തരങ്ങളെയും പ്രതിപക്ഷം ഭയക്കുന്നു; കോണ്‍ഗ്രസിന്റേത് ബിജെപിക്കുവേണ്ടിയുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പെന്നും മുഖ്യമന്ത്രി

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളെയും നിയമസഭയില്‍ ഉത്തരങ്ങളെയും കോണ്‍ഗ്രസ് ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത കാര്യമാണ് ഇന്നലെ സംഭവിച്ചത്. നോട്ടീസ് നല്‍കിയെങ്കിലും ആ അടിയന്തര പ്രമേയം സഭയില്‍ ഒരു കാരണവശാലും വരാന്‍ പാടില്ലെന്ന തീരുമാനമായിരുന്നു പ്രതിപക്ഷത്തിന്റേത്. സ്പീക്കര്‍ പലതവണ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെയായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചോദ്യോത്തരവേള പൂര്‍ണമായും തടസപ്പെടുത്തി. അത് എന്തിനായിരുന്നുവെന്ന് ആരും പറയുന്നില്ല. അടിയന്തരപ്രമേയം അവതരിപ്പിച്ചാല്‍ സര്‍ക്കാര്‍ മറുപടി നല്‍കും. അത് കേള്‍ക്കാന്‍ പ്രതിപക്ഷം തയാറായില്ല, അടിയന്തര പ്രമേയം അവതരിപ്പിക്കാനും തയാറായില്ല. ജനാധിപത്യപരമായ അവകാശങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. ഒരു ന്യായീകരണവുമില്ലാത്ത നടപടിയാണിത്.

നോട്ടീസ് കൊടുത്താല്‍ സഭയില്‍ ലഭിക്കാനിടയുള്ള മറുപടി പൂര്‍ണമായും ഒഴിവാക്കണമെന്ന് യുഡിഎഫ് ആഗ്രഹിച്ചിരുന്നുവെന്നും നിയമസഭയ്ക്കും നാടിനും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വലിയ തോതിലുള്ള രാഷ്ട്രീയ പാപ്പരത്തവും ഉദ്ദേശശുദ്ധിയില്ലായ്മയും കോണ്‍ഗ്രസിന് വന്നുചേര്‍ന്നിട്ടുണ്ട്. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയബദല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെയാണ് സഹായിക്കുക? ഇതാണ് ബിജെപിക്കുവേണ്ടിയുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പ്. ആ ദൗത്യമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുള്ളത്. അതിന് കേരളത്തെ കലാപക്കളമാക്കി മാറ്റുകയാണ്. എന്നാല്‍ അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ന്യായീകരണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടും അത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയാറാകാതിരുന്നതിന് ന്യായീകരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംഘർഷം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഭരണപക്ഷാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിലേക്ക് കടക്കാതെ സഭാ നടപടികൾ സ്തംഭിപ്പിക്കാൻ തീരുമാനിച്ചതെന്നും സതീശന്‍ പറഞ്ഞു.

Eng­lish Summary:Opposition in the Assem­bly fled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.