Web Desk

കോഴിക്കോട്

August 28, 2020, 6:32 pm

കേരളത്തിൽ തുടർ ഭരണത്തെ തുരങ്കം വെയക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്: എം വി ശ്രേയാംസ് കുമാർ എം പി

Janayugom Online

കേരളത്തിൽ തുടർ ഭരണത്തെ തുരങ്കം വെയക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം അടക്കമുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം. വി. ശ്രേയാംസ് കുമാർ എംപി. കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദിപ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബഹുസ്വരതയും അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഭീഷണി നേരിടുന്ന കാലത്ത് അതിനെതിെര പ്രതികരിക്കാൻ ഇടതുപക്ഷ സോഷ്യലിസ്റ്റുകളുടെ ഐക്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വികലമായ പ്രതിപക്ഷമാണുള്ളത്. സോഷ്യലിസ്റ്റുകൾക്ക് വേരോട്ടമുള്ള രാജ്യമായിട്ടും രാജ്യതാത്പര്യത്തിനപ്പുറം പ്രാദേശികനിലനിൽപ്പുകൾക്ക് മുൻതൂക്കം നൽകുന്നതിനാൽ പ്രതിപക്ഷം ശക്തമല്ലാത്ത അവസ്ഥയാണ്. അതുമാറ്റുന്നതിനായി സോഷ്യലിസ്റ്റുകൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അതിനായി ഇടതുപക്ഷത്തിന് വലിയ പങ്ക് വഹിക്കാൻ സാധിക്കും. എല്ലാ സ്വതന്ത്ര സംവിധാനങ്ങളും കൈയ്യടക്കി വച്ച് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതാണ് നിലവിലെ രാഷ്ട്രീയം. എം പി എന്ന നിലയിൽ പ്രവർത്തിക്കാനുള്ള ഒന്നരവർഷം കാർഷിക പ്രശ്നങ്ങൾക്കും കേരളത്തിന്റെ വികസനത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ തുടർ ഭരണം ഉണ്ടാകും. സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്ത കേസിൽ ആർക്കും യാതൊരു പരിഗണനയും നൽകേണ്ടതില്ലെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, പ്രസിഡന്റ് എം ഫിറോസ്ഖാൻ, ട്രഷറർ ഇ പി മുഹമ്മദ് എന്നിവരും പങ്കെടുത്തു.

you may also like this video