December 11, 2023 Monday

Related news

October 30, 2023
September 12, 2023
September 11, 2023
August 22, 2023
August 21, 2023
August 20, 2023
August 20, 2023
August 13, 2023
August 8, 2023
July 29, 2023

സതീശന്‍ സുധാകരന്റെ വരുതിയില്‍; ചെന്നിത്തലയ്ക്കെതിരെ പോര്‍മുഖം തുറന്ന് പ്രതിപക്ഷ നേതാവ്

കെ രംഗനാഥ്
തിരുവനന്തപുരം
March 4, 2022 9:50 pm

കൂടുതല്‍ കളിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു പുറത്താക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരോക്ഷമായ മുന്നറിയിപ്പിനു മുന്നില്‍ ഭയന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൂര്‍ണമായും ആയുധം വച്ചു കീഴടങ്ങി. ഇതോടെ സതീശനും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചേര്‍ന്ന് അട്ടിമറിച്ച സംസ്ഥാന, ജില്ലാ പുനഃസംഘടനയ്ക്ക് വഴിതെളിഞ്ഞു. ഹെെക്കമാന്‍ഡ് ഗ്രൂപ്പുകളിയില്‍ വേണുഗോപാല്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്തു.

ഒരു നേതാവിന്റെ പോക്കറ്റില്‍ നിന്നെടുക്കുന്ന ലിസ്റ്റനുസരിച്ചല്ല പുനഃസംഘടന പ്രഖ്യാപിക്കേണ്ടതെന്ന് സുധാകരനെ ചൂണ്ടി ഒളിയമ്പെയ്ത സതീശന്‍ ഇന്നലെ കോഴി കൂവും മുമ്പുതന്നെ സ്വരം മാറ്റിയതും ശ്രദ്ധേയമായി. താനും സുധാകരനും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം തന്റെ ജ്യേഷ്ഠ സഹോദരനു തുല്യനാണെന്നും ഇന്നലെ പുലര്‍ച്ചെ ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ വിളിച്ചുപറഞ്ഞതും കൗതുകമായി. എല്ലാം സുധാകരന്റെ വിരട്ടല്‍ ഫലിച്ചുവെന്നതിന്റെ തെളിമയാര്‍ന്ന സൂചന.

തനിക്ക് ഒരു ഗ്രൂപ്പുമില്ലെന്നും വേണുഗോപാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ സതീശന്‍ കോണ്‍ഗ്രസ് പുനഃസംഘടന രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും പറഞ്ഞു. ഇന്നലെ പുനഃസംഘടന സംബന്ധിച്ച് സുധാകരനും സതീശനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സതീശന്‍ പൂര്‍ണമായി കീഴടങ്ങുകയായിരുന്നു.

സതീശനുമായുള്ള ഏറ്റുമുട്ടലില്‍ സുധാകരന്‍ വിജയം കൊയ്തുവെങ്കിലും എ, ഐ ഗ്രൂപ്പുകളും സുധാകരനും തമ്മിലുള്ള പുതിയ അച്ചുതണ്ടിനെ പ്രതിപക്ഷ നേതാവ് ഇപ്പോള്‍ നന്നേ ഭയപ്പെടുന്നുവെന്നു വ്യക്തം. ഈ അച്ചുതണ്ടു പൊളിക്കാന്‍ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ് തുടങ്ങിയ നിഷ്പക്ഷരുടെ പിന്തുണ സതീശന്‍ തേടിയെങ്കിലും അതു വിജയിക്കാതെ വന്നതോടെയാണ് സുധാകരന് അടിയറവ് പറഞ്ഞതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

പുതിയ അച്ചുതണ്ടിനെ പേടിക്കുന്ന സതീശന്‍ അതു പൊളിക്കാനുള്ള ചില ദുര്‍ബല ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പ് കമാന്‍ഡറും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കുക എന്ന തന്ത്രമാണ് അദ്ദേഹം ഇന്നലെ പുറത്തെടുത്തത്. ഒരു ചാനലുമായുള്ള ഇന്നലത്തെ പുലര്‍കാല അഭിമുഖത്തില്‍ പേരെടുത്തു പറയാതെ രമേശിനെ ആക്രമിക്കുകയായിരുന്നു അദ്ദേഹം.

‘സ്ഥാനം നഷ്ടപ്പെട്ട ചിലര്‍’ ആണ് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തിയപ്പോള്‍ അതു ചെന്നിത്തലയാണെന്നു മനസിലാക്കാന്‍ വലിയ കൂര്‍മ്മബുദ്ധിയൊന്നും വേണ്ട. തനിക്കെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കാന്‍ തലസ്ഥാനം കേന്ദ്രീകരിച്ച് ഒരു ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും സതീശന്‍ ഇന്നലെ ഉന്നയിച്ചു.

ഇതേക്കുറിച്ചൊന്നും ഇതുവരെ രമേശ് പ്രതികരിച്ചിട്ടില്ലെങ്കിലും യുഡിഎഫ് കണ്‍വീനറും എ ഗ്രൂപ്പ് നേതാവുമായ എം എം ഹസന്‍ അതില്‍ കയറിപ്പിടിച്ചത് രമേശിനുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി. സ്ഥാനം നഷ്ടപ്പെട്ടവരുടെ ജല്പനങ്ങള്‍ എന്ന സതീശന്റെ പ്രയോഗം തനിക്കെതിരെയാണെങ്കില്‍ തനിക്കു സ്ഥാനം നഷ്ടപ്പെട്ടിട്ടില്ലെന്നും താന്‍ ഇപ്പോഴും യുഡിഎഫ് കണ്‍വീനറാണെന്നുമുള്ള ഹസന്റെ ഓര്‍മ്മപ്പെടുത്തലും കൗതുകമായി.

സതീശന്റെ പ്രതികരണത്തോട് മറുപ്രകടനം നടത്തി സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കരുതെന്ന് രമേശിനോട് സുധാകരന്‍ അഭ്യര്‍ത്ഥിച്ചതായും സൂചനയുണ്ട്. പുനഃസംഘടനാ പ്രഖ്യാപനമുണ്ടാകുമ്പോള്‍ ഭൂരിപക്ഷം സ്ഥാനങ്ങളും എ, ഐ സുധാകരന്‍ അച്ചുതണ്ട് വാരിക്കൂട്ടുമെന്നുറപ്പാണ്. മുരളീധരന്‍, സുധീരന്‍, മുല്ലപ്പള്ളി എന്നിവര്‍ക്കു വേണ്ടപ്പെട്ടവരെയും പുനഃസംഘടനയില്‍ പരിഗണിക്കും. അല്ലറചില്ലറ സ്ഥാനങ്ങള്‍ സതീശനും നല്കി ഒരു വെടിനിര്‍ത്തലുണ്ടാക്കാനുള്ള ഫോര്‍മുലയാണ് തയാറായിരിക്കുന്നതെന്നുമറിയുന്നു. അതേസമയം കെ സി വേണുഗോപാലിനെ കളത്തിനു പുറത്താക്കിയായിരിക്കും പുനഃസംഘടനയിലെ വീതംവയ്പെന്നും വ്യക്തം.

രണ്ട് ദിവസത്തിനകം കെപിസിസി, ഡിസിസി പുനഃസംഘടനകള്‍ പൂര്‍ത്തിയായാല്‍ അടുത്തയാഴ്ച മുതല്‍ അംഗത്വവിതരണ ക്യാമ്പയിനും ആരംഭിക്കുന്നു. ഈ പുനഃസംഘടനയിലും അംഗത്വ വിതരണത്തിലും വേണുഗോപാലിനെ കച്ചിയില്‍ തൊടാതിരിക്കത്തക്കവിധമാണ് സുധാകരന്‍ ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. ഇതിനിടെ വേണുഗോപാലിന്റെ അസഹ്യമായ ഇടപെടലുകള്‍ക്ക് തടയിടണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ഇന്നലെ ഹെെക്കമാന്‍ഡിനു കത്തെഴുതിയെന്ന വാര്‍ത്തയും പുറത്തുവരുന്നു. സതീശനെപോലെ വേണുഗോപാലിനെയും നിലയ്ക്ക് നിര്‍ത്താനുള്ള സുധാകരതന്ത്രത്തിന്റെ ഭാഗമാണിതെന്നും വിലയിരുത്തലുണ്ട്.

eng­lish sum­ma­ry; Oppo­si­tion Leader against Chennithala

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.