June 5, 2023 Monday

Related news

September 9, 2022
January 19, 2020
December 29, 2019
December 28, 2019
December 27, 2019
December 24, 2019
December 24, 2019
December 24, 2019
December 23, 2019
December 22, 2019

പൗരത്വ ഭേദഗതി നിയമം: പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

Janayugom Webdesk
December 17, 2019 10:44 pm

റെജി കുര്യന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം. രാഷ്ട്രപതിയെ സന്ദര്‍ശിച്ച പ്രതിപക്ഷ കക്ഷിനേതാക്കളുടെ സംഘമാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും അക്രമങ്ങളും ദിനംപ്രതി ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ഇന്നലെ വൈകുന്നേരമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്. പുതിയ നിയമം നടപ്പിലാക്കിയ ശേഷം രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം ഇപ്പോൾ രാജ്യവ്യാപകമായിരിക്കുന്നു. പ്രതിഷേധം ഇനിയും വര്‍ദ്ധിക്കുമെന്നാണ് തങ്ങളുടെ ആശങ്ക. നേതാക്കള്‍ പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന അക്രമസംഭവങ്ങളും ക്രമസമാധാന തകര്‍ച്ചയും നേതാക്കള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണുള്ളതെന്നും ഇത് സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിയമമാണെന്നും നേതാക്കള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ ക്യാമ്പസുകളില്‍ നടക്കുന്ന പൊലീസ് അതിക്രമം തടയുന്നതിന് രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സമാധാനപരമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത ജാമിയ മിലിയ യുണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പൊലീസിന്റെ കിരാത നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധവും ആശങ്കയുമറിയിച്ചു.

തങ്ങളുടെ ആശങ്ക രാഷ്ട്രപതിയെ അറിയിക്കാന്‍ കഴിഞ്ഞു എന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. രാജ്യത്തെ സ്ഥിതിഗതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ്, ഇടതുപക്ഷം, ആര്‍ ജെ ഡി, സമാജ്‌വാദി, തൃണമൂല്‍, ഡിഎംകെ എന്നീ കക്ഷികളുടെ സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, എ കെ ആന്റണി, കപില്‍ സിബല്‍, ഗുലാംനബി ആസാദ്, സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ നേതാവ് ഡറക് ഒ ബ്രയന്‍, ഡിഎംകെ നേതാവ് ടി ആര്‍ ബാലു, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.