ഡി രാജയും രാഹുലും യെച്ചൂരിയും കശ്മീരിലേക്ക് പുറപ്പെട്ടു

Web Desk
Posted on August 24, 2019, 12:12 pm

ന്യൂഡല്‍ഹി: ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ദേശീയ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ ജമ്മു കശ്മീരിലേക്ക് പുറപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് മനോജ് ഝാ,
കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ടിഎംസി നേതാവ് ദിനേശ് ത്രിവേദി തുടങ്ങിയവരാണ് കശ്മീരിലേക്ക് തിരിച്ചത്.
രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് കശ്മീര്‍ ഭരണകൂടം ഇന്നലെയാണ് ആവശ്യപ്പെട്ടത്. നേതാക്കളുടെ സന്ദര്‍ശനം കശ്മീരില്‍ നിലനില്‍ക്കുന്ന സമാധാനത്തെയും സാധാരണ ജീവിതത്തിലേക്കുള്ള ക്രമാനുഗതമായ പുനഃസ്ഥാപനത്തെും ബാധിക്കുമെന്നാണ് നോട്ടീസില്‍ സൂചിപ്പിക്കുന്നത്. താഴ്വാരയിലെ പല സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുടെ ലംഘനമായിരിക്കും രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനമെന്നും ഭരണകൂടം പറയുന്നു.
അതേസയമം കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സന്ദര്‍ശിക്കുന്നതിനും ജനങ്ങളുമായി സംവദിക്കാനുമാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട നേതാക്കളുടെ ലക്ഷ്യം. തടവില്‍ക്കഴിയുന്ന നേതാക്കളെ കാണുന്നതടക്കമുള്ള നിബന്ധനകളാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പേ രാഹുല്‍ മുന്നോട്ടുവച്ചത്.
പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐ(എം) എംഎല്‍എ യൂസഫ് തരിഗാമിയെയും മറ്റു പ്രാദേശിക നേതാക്കളെയും സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ ഡി രാജയെയും സീതാറാം യെച്ചൂരിയെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.
ജശ്മീരിലെ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരടക്കം നൂറുകണക്കിന് പേരാണ് വീട്ടുതടങ്കലിലുള്ളത്. കശ്മീരില്‍ സമാധാനം പുലര്‍ന്നുവെന്ന് കേന്ദ്ര സര്‍ക്കാരും കശ്മീര്‍ ഭരണകൂടവും ആവര്‍ത്തിക്കുമ്പോഴും താഴ്‌വരയില്‍ ജനങ്ങള്‍ക്ക് ദുരിതജീവിതമാണ്. ആശുപത്രികളില്‍ പോലും ആളുകള്‍ക്ക് എത്തിപ്പെടാനാവാത്ത വിധം പ്രതിസന്ധിയാണ്.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട നേതാക്കളുടെ സംഘം ഉച്ചയോടെ ശ്രീനഗറിലെത്തും. ഭരണകൂടത്തിന്റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ അവിടെ സുരക്ഷാ സൈന്യം തടഞ്ഞേക്കുമെന്നാണ് സൂചനകള്‍.