Web Desk

ന്യൂഡല്‍ഹി

July 06, 2021, 10:21 pm

സാമൂഹിക പ്രവര്‍ത്തകരെ മോചിപ്പിക്കണം; പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് കത്തെഴുതി

Janayugom Online

ഭീമ കൊറേഗാവ് കേസില്‍ ജയിലിലടച്ചിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്ക് കത്തെഴുതി. ഒമ്പത് മാസത്തിലേറെയായി തടവിലായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി കഴിഞ്ഞദിവസം കസ്റ്റഡിയില്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മോചനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചിരിക്കുന്നത്. 

ആക്ടിവിസ്റ്റുകളെ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് ജയിലിലടച്ചിരിക്കുന്ന വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാജ്യദ്രോഹം, യുഎപിഎ തുടങ്ങിയ കിരാതനിയമങ്ങള്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. തികച്ചും മനുഷ്യത്വവിരുദ്ധമായ നടപടിയാണ് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തുടങ്ങിയവര്‍ ഒപ്പിട്ട കത്ത് ചൂണ്ടിക്കാട്ടുന്നു.

സ്റ്റാന്‍ സ്വാമിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് കത്തില്‍ പറഞ്ഞു. പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായ അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണ്. സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തടവില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 

ശരത് പവാര്‍(എന്‍സിപി), മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), ഹേമന്ത് സോറന്‍(ജെഎംഎം), എം കെ സ്റ്റാലിന്‍ (ഡിഎംകെ), ദേവ ഗൗഡ(ജെഡിഎസ്), തേജസ്വി യാദവ്(ആര്‍ജെഡി), ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്) എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

Eng­lish Sum­ma­ry : oppo­si­tion lead­ers wrote let­ter to pres­i­dent to release activists in bhi­ma kore­gaon case 

You may also like this video :