ഗോവയിലും ബിഹാറിലും പ്രതിപക്ഷ എംഎല്‍എമാര്‍ ഗവര്‍ണര്‍മാരെ കണ്ടു

Web Desk
Posted on May 18, 2018, 10:58 pm

പനാജി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടുള്ള തന്ത്രത്തിന്റെ ഭാഗമായി ഗോവയിലും ബിഹാറിലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ ഗവര്‍ണമാരെ കാണാനെത്തി. ഗോവയില്‍ 16 എംഎല്‍എമാര്‍ ഒപ്പിട്ട കത്തുമായാണ് പ്രതിപക്ഷം ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ കീഴ്‌വഴക്കം ഗോവയിലും പിന്തുടരണമെന്നാണ് ഇവരുടെ ആവശ്യം.
2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. എന്നാല്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ പിന്തുണ നേടിയ ബിജെപി നേതാവ് മനോഹര്‍ പരീഖറിനെയാണ് മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ബിഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ആര്‍ജെഡിയും ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തിന് തലവേദനയുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ബിഹാറില്‍ ഏറ്റവും വലിയ ഒറ്റ കക്ഷികളായ കോണ്‍ഗ്രസും ആര്‍ജെഡിയും ഗവര്‍ണറെ കാണാന്‍ രാജ് ഭവനിലെത്തി. ബിഹാറില്‍ 80 സീറ്റുകള്‍ ഉള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ആര്‍ജെഡി നിയമസഭ കക്ഷി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മുന്‍ മന്ത്രിയും സഹോദരനുമായ തേജ് പ്രതാപ് യാദവ്, സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റേത് അടക്കമുള്ള നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് പറ്റ്‌ന രാജ് ഭവനില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കണ്ട് കത്ത് നല്‍കിയത്. അസംതൃപ്തരായ പല ജെഡിയു എംഎല്‍എമാരും നിലവില്‍ 111 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് തേജസ്വി യാദവ് രാജ് ഭവന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ മഹാസഖ്യവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാസഖ്യം 178 സീറ്റാണ് നേടിയത്. നിതീഷ് കുമാര്‍ ആയിരുന്നു മഹാഗത്ബന്ധന്‍ എന്നറിയപ്പെടുന്ന മഹാസഖ്യത്തിന്റെ നേതാവെങ്കിലും 80 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. ജെഡിയു 71 സീറ്റ് ആണ് നേടിയത്. ബിജെപിയുടെ 53 ഉം സഖ്യകക്ഷികളുടെ അഞ്ച് സീറ്റുകളുമായി എന്‍ഡിഎ സഖ്യം 58 സീറ്റില്‍ ഒതുങ്ങി. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റ്. 2017 ജൂലായില്‍ ആര്‍ജെഡിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് നിതീഷ് കുമാര്‍ രാജി വയ്ക്കുകയും ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു.