March 28, 2023 Tuesday

Related news

February 14, 2023
January 21, 2023
January 2, 2023
October 13, 2022
June 3, 2022
December 31, 2021
September 5, 2020
March 9, 2020

കശ്മീരിൽ തടവിലാക്കിയവരെ ഉടൻ മോചിതരാക്കണം: പ്രതിപക്ഷ പാർട്ടികൾ

പ്രത്യേക ലേഖകൻ
ന്യൂഡൽഹി
March 9, 2020 11:06 pm

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് കരുതൽ തടങ്കലിൽ കഴിയുന്ന മൂന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയതടവുകാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിപിഐ ഉൾപ്പടെയുള്ള എട്ട് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി അധ്യക്ഷൻ ശരത് പവാർ, തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് മമതാ ബാനർജി, ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ, സിപിഐ ( എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർജെഡി നേതാവ് മനോജ് കുമാർ ഷാ, ബിജെപി മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂറി എന്നിവരാണ് മുൻ മുഖ്യമന്ത്രിമാരുടെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമായി ഇന്ത്യൻ കശ്മീരി സഹോദരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പൂർണമായും പുനഃസ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെ നേതാക്കളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള കാരണം ഇനിയും വ്യക്തമല്ല. ഇവർ ദേശതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് തെളിവ് നൽകാൻ സർക്കാരിനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. ജനാധിപത്യമായ അഭിപ്രായ- ആശയപരമായ വിയോജിപ്പുകളെ സർക്കാർ അടിച്ചമർത്തുന്നു. 2019 ആഗസ്റ്റ് അഞ്ച് മുതൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരും കരുതൽ തടങ്കലിൽ തുടരുന്നു.

ജമ്മു കശ്മീരിലെ സ്ഥിതി പൂർണമായും സാധാരണമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ആവർത്തിച്ചുള്ള നുണ ഇതെല്ലാം തുറന്നുകാട്ടുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. മൗലികാവകാശങ്ങളുടെ ധ്വംസനം രാജ്യത്ത് നിർബാധം തുടരുന്നു. പൗരൻമാരുടെ സ്വതന്ത്ര്യത്തിനുള്ള വിലക്കുകൾ വർധിക്കുന്നു. സർക്കാരിനെ വിമർശിക്കുന്നവരെ അടിച്ചമർത്തുന്നു. കരുതൽ തടങ്കലിൽ തുടരുന്ന മൂന്ന് മുൻ മുഖ്യമന്ത്രിമാർ പൊതു സുരക്ഷയ്ക്ക് ഏങ്ങനെ ഭീണണിയാകുന്നുവെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.