Monday
18 Feb 2019

യെദ്യൂരപ്പയുടെ ചാക്കിട്ടുപിടിത്തം: പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

By: Web Desk | Monday 11 February 2019 10:38 PM IST

ന്യൂഡല്‍ഹി: കര്‍ണാടക ഭരണപക്ഷ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ നടത്തിയ നീക്കം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശബ്ദരേഖ വിവാദം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.

എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കര്‍ണാടക പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായ ബി എസ് യെദ്യൂരപ്പ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ നിയമനടപടി ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങളുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇന്നലെ സഭ സമ്മേളിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് എംപിമാര്‍ സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചിരുന്നു.

സഭ തുടങ്ങിയത് മുതല്‍ ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ഇരുസഭകളും ഇടയ്ക്ക് തടസപ്പെടുകയും ചെയ്തു. 12 മണിക്ക് പുന:രാരംഭിച്ച ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയം ഉന്നയിച്ചത് വീണ്ടും ബഹളത്തിനിടയാക്കി.

അതിനിടെ യെദ്യൂരപ്പ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക കോണ്‍ഗ്രസ് കക്ഷി നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. യെദ്യൂരപ്പക്കെതിരെ നിയമനടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത് വരും ദിവസങ്ങളില്‍ കര്‍ണാടകയില്‍ ബിജെപിക്ക് വലിയ തലവേദനയാകുമെന്നാണ് സൂചന.

Related News