Janayugom Online
Bhartiya-Janta-Yuva-Morcha

യുവമോര്‍ച്ചയുടെ ഏകാധിപത്യത്തിനെതിരെ തിരിച്ചടി നല്‍കി എതിര്‍പക്ഷം

Web Desk
Posted on July 26, 2018, 9:02 pm

കെ കെ ജയേഷ്

കോഴിക്കോട്: ഏകാധിപത്യപരമായി മുന്നോട്ട് പോകുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി എതിര്‍പക്ഷം. തന്റെ നടപടികളെ ചോദ്യം ചെയ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിയെ മരവിപ്പിച്ച പ്രകാശ് ബാബു കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ശ്രീജേഷിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ കാര്യമായി പ്രവര്‍ത്തകര്‍ അണിനിരന്നില്ല. അഞ്ഞൂറ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് മാര്‍ച്ചിനെത്തിയത്. തുടര്‍ന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ പൊലീസിനെ അക്രമിക്കുകയായിരുന്നു പ്രവര്‍ത്തകര്‍.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ പി അരുണിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ അവസാന നിമിഷമെത്തിയ സംസ്ഥാന പ്രസിഡന്റ് കുന്നമംഗലം മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ കാര്യം അറിയിക്കുകയായിരുന്നു. അംഗങ്ങള്‍ പ്രതിഷേധിച്ചെങ്കിലും യോഗം അവസാനിച്ചതായി പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു. പ്രതിഷേധം ഉയരുമോ എന്ന ഭയം കാരണമാണ് പ്രസിഡന്റ് കമ്മിറ്റി തീരാന്‍ നേരം വന്ന് തീരുമാനം പ്രഖ്യാപിച്ചതെന്ന് എതിര്‍ വിഭാഗം പറയുന്നു. നാട്ടുകാരന്‍ കൂടിയായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ബിപിന്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇതോടെ പ്രതിഷേധവുമായി ഇദ്ദേഹവും രംഗത്തെത്തി. പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന് പറഞ്ഞാണ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയത്. ഇങ്ങനെയാണെങ്കില്‍ സംഘടനയില്‍ നിന്ന് എല്ലാവരെയും പുറത്താക്കേണ്ടിവരുമെന്ന് വി മുരളീധരന്‍ വിഭാഗം പറയുന്നു. കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് ബിനീഷിനെ പുറത്താക്കാന്‍ സംസ്ഥാന പ്രസിഡന്റ് ശ്രമിച്ചിരുന്നെങ്കിലും ശക്തമായ എതിര്‍പ്പ് കാരണം അത് മാറ്റിവെക്കുകയായിരുന്നു. ചര്‍ച്ചകള്‍ പോലും നടത്താതെയാണ് പ്രസിഡന്റ് ഭാരവാഹികളെ പുറത്താക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ഇതേ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റിന് ശക്തമായ തിരിച്ചടി നല്‍കാന്‍ എതിര്‍വിഭാഗം കരുക്കള്‍ നീക്കിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, അഭിമന്യു കൊലക്കേസിലെ പ്രതികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുമായി യുവമോര്‍ച്ച നടത്താന്‍ നിശ്ചയിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് കോഴിക്കോട് തന്നെ നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രസിഡന്റിന്റെ നാടായ കോഴിക്കോട് നടക്കുന്ന പരിപാടി ആളില്ലാതെ പരാജയപ്പെട്ടാല്‍ അത് പ്രസിഡന്റിന് ശക്തമായ തിരിച്ചടിയാവുമെന്നും ഇവര്‍ കണക്കുകൂട്ടി. അങ്ങിനെയാണ് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. എന്നാല്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറഞ്ഞത് പ്രസിഡന്റിനെ നിരാശനാക്കിയിട്ടുണ്ട്. ഈ സംഭവത്തോടെ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവും എതിര്‍വിഭാഗവുമായി നടക്കുന്ന ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്.
കാസര്‍ക്കോട് നിന്നുള്ള വനിതാ പ്രതിനിധിയെ ജില്ലാ കമ്മിറ്റി അറിയാതെ സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചപ്പോഴാണ് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മരവിപ്പിച്ചത്. എസ് ഡി പി ഐയ്‌ക്കെതിരെ യുവമോര്‍ച്ച ക്യാമ്പയിന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം പ്രകാശ് ബാബുവിട്ട ഫേസ് ബുക്ക് പോസ്റ്റിനെതിരെ മറുപടിയിട്ടതിനാണ് കുന്നമംഗലം മണ്ഡലം പ്രസിഡന്റിനെ ഇദ്ദേഹം പുറത്താക്കിയത്. നേരത്തെയും പ്രകാശ് ബാബുവിനെതിരെ നിരവധി പരാതികള്‍ എതിര്‍പക്ഷം ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. എന്നാല്‍ സംഘടനയെ മൊത്തം തന്റെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്തി മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന പ്രസിഡന്റിന്റെ ശ്രമം.