ധാരണയില്ലാതെ പ്രതിപക്ഷം; പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി

Web Desk
Posted on May 31, 2019, 10:46 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നതിനിടെ ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. യോഗം അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കും. അതേസമയം, ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എം പിമാര്‍ നാളെ യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ വ്യക്തമായ പ്രതിപക്ഷനിരയും ഐക്യവും കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് ഇപ്പോഴും വ്യക്തതയില്ലാതെ നില്‍പ്പാണ്. പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കലാണ് കോണ്‍ഗ്രസിനുമുന്നിലെ ആദ്യത്തെ കീറാമുട്ടി.

ലോക്സഭാ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്‍ 55 അംഗങ്ങള്‍ വേണം. എന്നാല്‍, കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോക്സഭയിലുള്ളത്. ഇതിനിടെ, ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍ സി പിയും ലോക്സഭയില്‍ ലയിക്കുമെന്ന അഭ്യൂഹത്തിന് ഇടയാക്കി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി — ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ലയനം നടന്നാല്‍ എന്‍സിപിയുടെ അഞ്ച് സീറ്റുകള്‍ കൂടി ചേര്‍ത്ത് കോണ്‍ഗ്രസിന്റെ അംഗ സംഖ്യ 57 ആക്കാം.

അതേസമയം മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്തെന്ന് ശരദ് പവാര്‍ പിന്നീട് പ്രതികരിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച്‌ അറിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പറയുന്നത്.